
മാധ്യമവേട്ട ഓര്‍മിപ്പിക്കുന്നത് ഭീമ കൊറേഗാവ് – ദല്‍ഹി അടിച്ചമര്ത്തകലുകളെ തന്നെയാണ്

ഷഫീഖ് താമരശ്ശേരി
കേന്ദ്രഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഐതിഹാസികമായ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ നടത്തിവരുന്ന ഹീനശ്രമങ്ങളുടെ ഭാഗമാണ് സമരത്തെ അനുകൂലിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ ഒതുക്കാനുള്ള ശ്രമങ്ങള്‍.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന പ്രക്ഷോഭ സംഭവങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വഴി സമരരംഗത്തുള്ളവരെക്കൂടാതെ മാധ്യമപ്രവര്‍ത്തകരെയും ഒതുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കര്‍ഷക സമരത്തെ അനുകൂലിച്ച് നിലപാടുകള്‍ സ്വീകരിച്ച ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി, കാരവന് എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ.ജോസ്, ദ വയര്‍ ഫൗണ്ടിംഗ് എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

കര്‍ഷക സമരത്തിന് നേരെ ഭരണകൂടം നടത്തിവരുന്ന അടിച്ചമര്‍ത്തലുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വസ്തുതാപരമായി പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഗുരുതരമായ കേസുകളില്‍ കുടുക്കുന്നത് വഴി മറ്റ് മാധ്യമങ്ങളെക്കൂടി ഭയപ്പെടുത്താനും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുമാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്.
സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ച രണ്ട് മുന്നേറ്റങ്ങളെ എങ്ങിനെയാണ് വ്യാജ കേസുകള്‍കൊണ്ട് സംഘപരിവാര്‍ ഭരണകൂടം നേരിട്ടത് എന്നത് പരിശോധിച്ചാല്‍ ഇത് കുറേകൂടി വ്യക്തമാകും. ഭീമ കൊറേഗാവിലെ ദളിത് മുന്നേറ്റത്തെയും പൗരത്വ നിയമ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന ന്യൂനപക്ഷ സമരങ്ങളെയുമായിരുന്നു സമാനമായ രീതിയില്‍ വ്യാജ കേസുകളിലൂടെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്.
2014 ല്‍ സംഘപരിവാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ തുടര്‍ച്ചയായി നേരിട്ട പീഡനങ്ങള്‍ക്കെതിരായി 2016 ആഗസ്ത് മാസത്തില്‍ ഗുജറാത്തിലെ ഉനയില്‍ നിന്നാരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിച്ച ദളിത് പ്രക്ഷോഭങ്ങളുടെ ഒടുവിലാണ് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ ദളിത് നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും മുന്‍കൈയില്‍ ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായി രാജ്യത്ത് രൂപംകൊണ്ട ദളിത് ഉണര്‍വുകളെ അടിച്ചമര്‍ത്താനുള്ള നീക്കമായിരുന്നു ഭീമ കൊറേഗാവില്‍ സംഘപരിവാര്‍ നടത്തിയത്.

2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തുകയും ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും, അതുവഴി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലിന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ കേസന്വേഷണത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, ഝാര്‍ഖണ്ഡില്‍ നിന്നുള്ള വൈദികനും സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ് തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് സംഘാടനപരമായും ദിശാപരമായും നേതൃത്വം നല്കാന് സാധിക്കുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും തടവറയ്ക്കുള്ളിലാക്കി ഈ മുന്നേറ്റങ്ങളെ ശിഥിലമാക്കുക എന്ന, ഭീമ കൊറേഗാവില്‍ സംഘപരിവാര്‍ പയറ്റിയ അതേ തന്ത്രം ദല്‍ഹിയില്‍ പൗരത്വ സമരങ്ങള്‍ക്ക് നേരെയും അരങ്ങേറി.
2019 ന്റെ അവസാനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തുയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സമാനതകളില്ലാത്ത ഉജ്വല ജനമുന്നേറ്റമായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയടക്കമുള്ള ഇന്ത്യയിലെ പ്രമുഖ ക്യാമ്പസ്സുകളില്‍ നിന്നാരംഭിച്ച് രാജ്യമാസകലം പടര്‍ന്നുപിടിച്ച പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങളിലൂടെ ന്യൂനപക്ഷം അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം രാജ്യത്ത് അടയാളപ്പെടുത്തുകയായിരുന്നു.
ഇത് ബി.ജെ.പിയ്ക്കും അവരെ നിയന്ത്രിക്കുന്ന ആര്.എസ്.എസിനും വലിയ പരിക്കുകള്‍ സൃഷ്ടിച്ചു. ദല്‍ഹിയിലെ കൊടും തണുപ്പില്‍ എല്ലാ പ്രതിസന്ധികളോടും പോരാടി ഷഹീന്‍ബാഗിലെ അമ്മമാര്‍ നടത്തിയ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം ലോകശ്രദ്ധയാകര്‍ഷിച്ചത് കേന്ദ്രഭരണകൂടത്തെ ആഗോളതലത്തില്‍ നാണം കെടുത്തി. ഇതിനോടൊക്കെയുള്ള പ്രതികാരം കൂടിയായാണ് ബി.ജെ.പി എം.എല്‍.എ കപില്‍ മിശ്രയുടെ കലാപാഹ്വാനത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ മുന്‍കൈയില്‍ കൂട്ടമായ മുസ്ലിം വംശഹത്യ നടക്കുന്നത്. കലാപത്തിന്റെ ഭാഗമായി നിരവധി പേര് കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. അനേകം വീടുകളും വാഹനങ്ങളും ചുട്ടു ചാമ്പലാക്കപ്പെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥരായി.
ദല്‍ഹി പൊലീസ് കലാപത്തിന് നല്കിയ പിന്തുണകളെക്കുറിച്ച് കലാപകാരികള്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അത്രമേല്‍ ആസൂത്രിതവും ഭരണകൂട പിന്തുണയോടുകൂടിയതുമായിരുന്നു ദല്‍ഹിയില്‍ നടന്ന മുസ്ലിം വംശഹത്യ.
കലാപാനന്തരം സംഘപരിവാര്‍ ഭരണകൂടം വീണ്ടും അവരുടെ തന്ത്രങ്ങള്‍ പയറ്റുന്ന കാഴ്ചയാണ് നാം കണ്ടത്. പരസ്യമായി കലാപത്തിന് ആഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്സെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്ത ഭരണകൂടം പൗരത്വ സമരത്തിന് നേതൃത്വം നല്കിയിരുന്നവരെ ഓരോരുത്തരെയായി വ്യാജ കേസ്സുകള്‍ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യമാസകലം ലോക്ഡൗണിലായപ്പോഴും ഭരണകൂട വേട്ട തുടര്‍ന്നു.
അലിഡഗ് സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ സമരത്തില്‍ വിദ്വേഷപരമായി സംസാരിച്ചുവെന്നാരോപിച്ച് ഖോരഖ്പൂരില്‍ നിന്നുള്ള ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മിലിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഷിഫാ ഉര് റഹ്മാന്, യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റിന്റെ പ്രവര്ത്തകന് ഖാലിദ് സൈഫി, ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം, ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഉമര്‍ ഖാലിദ്, കോണ്‍ഗ്രസിന്റെ വനിത നേതാവ് ഇസ്രത് ജഹാന്, പിഞ്ച്റ തോഡ് എന്ന വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വല്‍, ഗുല്‍ഷിഫാന്‍ ഫാത്തിമ, അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഉസ്മാനി എന്നിവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു.

ഭീമ കൊറേഗാവില്‍ ദളിതുകളും ദല്‍ഹിയില്‍ മുസ്ലിങ്ങളുമായിരുന്നു സംഘടിച്ചതെങ്കില് ഇത്തവണ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭവുമായി എത്തിയത് കര്‍ഷക ജനതയായിരുന്നു. പ്രധാനമായും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമെത്തി രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളെ വളഞ്ഞ് പ്രക്ഷോഭങ്ങളുടെ പുതിയ തലങ്ങള്‍ക്ക് രൂപം നല്കിയ കര്‍ഷകപ്പോരാളികളുടെ അടിയുറച്ച നിശ്ചയദാര്‍ഡ്യത്തിനും, വിജയം കണ്ടേ പിന്മാറൂവെന്ന തീരുമാനത്തിനും മുന്നില്‍ കേന്ദ്രഭരണകൂടം മുട്ടുമടക്കേണ്ടി വരികയായിരുന്നു.
നിരവധി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്ക് കേന്ദ്രം തയ്യാറായെങ്കിലും വിവാദ കാര്‍ഷിക നിയമം പിന്വലിക്കുകയെന്നതല്ലാത്ത മറ്റൊരു തീരുമാനത്തിലും തങ്ങള്‍ പങ്കുചേരില്ല എന്ന കര്‍ഷകരുടെ നിലപാടിന് മുന്നില്‍ മറ്റ് വഴികളില്ലാതായ കേന്ദ്രം പിന്നീട് സമരത്തെ അടിച്ചമര്‍ത്താനുള്ള നിരവധി തന്ത്രങ്ങള്‍ പ്രയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിംഘു അതിര്‍ത്തിയിലുണ്ടായ അക്രമ സംഭവങ്ങള്‍ അത്തരം തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്നുവേണം വിലയിരുത്താന്‍. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ക്രിമിനലുകള്‍ സമാധാനമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മേല്‍ നിഷ്ഠൂരമായ ആക്രമണം നടത്തുകയായിരുന്നു.

അക്രമം നടത്തുന്ന ക്രിമിനലുകള്‍ക്ക് സമര കേന്ദ്രത്തിലേക്ക് കടന്നുവരാന്‍ ദല്‍ഹി പോലീസ് വഴിയൊരുക്കുന്നതുള്പ്പെടെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. കര്‍ഷകരെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കൈയുംകെട്ടി നോക്കിനിന്ന ദല്‍ഹി പോലീസ്, അക്രമികളെ ചെറുത്ത കര്‍ഷകരെ മര്‍ദിച്ചൊതുക്കുന്നതും നാം കണ്ടു.
ഒരേ സമയം സമരം ചെയ്യുന്ന കര്‍ഷകരെ കായികമായും അല്ലാതെയും അടിച്ചൊതുക്കുന്നു. കേസുകള്‍ ചുമത്തി ജയിലിലടയ്ക്കുന്നു. ഒപ്പം സമരത്തിന് പിന്തുണയുമായെത്തുന്ന പ്രമുഖരെയും മാധ്യമപ്രവര്‍ത്തകരെയും ഗുരുതരമായ കേസുകളില്‍ കുടുക്കി പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു. രാഷ്ട്രീയ പ്രതികാരങ്ങള്‍ക്ക് വേണ്ടി നിയമങ്ങളെ ദുര്‍വിനിയോഗം നടത്തുന്ന രീതിയാണ് നാം കണ്ടുവരുന്നത്.
രാജ്യത്തെ മുഖ്യധാരാ പ്രതിപക്ഷം പാര്‍ലമെന്ററി രാഷ്ട്രീയത്തിന് പുറത്തേക്ക് കണ്ണുതുറക്കാതിരിക്കുമ്പോള് സംഘപരിവാറിന്റെ അക്രമോത്സുകമായ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനകീയ അടിത്തട്ടില്‍ നിന്നുകൊണ്ട് പ്രതിരോധമാകുന്ന എല്ലാ രാഷ്ട്രീയ ധാരകളെയും എല്ലാ രാഷ്ട്രീയ ജീവിതങ്ങളെയും ഉന്മൂലനം ചെയ്യുക എന്നത് തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതിനവര്‍ പദ്ധതികള്‍ മെനയും. ഗൂഢാലോചനകള്‍ നടത്തും. വ്യാജ കേസ്സുകളും തടവറകളും സൃഷ്ടിക്കും. കായികമായ അക്രമങ്ങളും കലാപങ്ങളും കൂട്ടക്കൊലകളും നടത്തും.
അവരുടെ ലക്ഷ്യം ന്യൂനപക്ഷങ്ങളാണ്. ദളിതരും ആദിവാസികളും കര്‍ഷകരുമടങ്ങുന്ന സവര്‍ണ രാഷ്ട്രീയത്തിന് പുറത്തുനില്‍ക്കുന്ന ജീവിതങ്ങളാണ്. അവരുടെ ലക്ഷ്യം ദളിത് ന്യൂനപക്ഷ സ്ത്രീ ഉണര്‍വുകളും കമ്യൂണിസ്റ്റ് അംബേദ്കറൈറ്റ് മുന്നേറ്റങ്ങളുമാണ്. രാജ്യത്തിന്റെ ഭരണഘനടയ്ക്ക് കാവല്‍ നില്ക്കുന്ന രാഷ്ട്രീയ ജീവിതങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടാതിരിക്കാനും സംഘപരിവാറിന്റെ തടങ്കല്‍പാളയങ്ങളില്‍ അകപ്പെടാതിരിക്കാനും വലിയ ചെറുത്തുനില്പുകള് ഇനിയും ഉയരേണ്ടതുണ്ട്.
(ഡൂൾ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ആണ് ലേഖകൻ)