
കാട്ടുനിലത്തില്‍ എസ്റ്റേറ്റ്

ഷബ്ന മറിയം
ജൂണ്മാസത്തിലെ ഒരു പ്രഭാതം. മലബാറിന്റെ പടിഞ്ഞാറ് ഏകദേശം നാല്‍പ്പത് കിലോമീറ്ററോളം സഞ്ചരിച്ചാലെത്തുന്ന പടിയത്തൂര് പഞ്ചായത്തില്‍ തേനിമുക്കം പുഴയോട് അടുത്ത് കിടക്കുന്ന തേനിമുക്കം ഗ്രാമത്തിലെ ജനങ്ങള്‍ ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്. കുടിയേറ്റ കര്‍ഷകരാണ് ഭൂരിഭാഗവും. പിന്നെ ഏതാനും പ്രവാസികളും വളരെക്കുറച്ച് പുതിയ തലമുറയില്‍പ്പെട്ട കച്ചവടക്കാരും. ആ ഗ്രാമം സമീപഗ്രാമങ്ങളോട് സൗഹാര്ദ്ദത്തിലാണെന്ന് തന്നെ പറയാം. നേരം പുലര്ന്നതേയുള്ളൂവെങ്കിലും സ്ത്രീപുരുഷ ഭേദമെന്യേ ആളുകള്‍ കവലയിലെത്തിയിട്ടുണ്ട്. പരമ്പരാഗതരീതിയില്‍ മുളയുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കുറേ വീടുകള്‍ തേനിമുക്കം ഗ്രാമത്തിലുണ്ട്. അത് സാധാരണക്കാരായ സ്ത്രീകളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. ഒരേ ഒരു വിദ്യാലയവും ഏതാനും കടകളും, ബാക്കി കൃഷിയിടങ്ങളുമുള്ള അവിടെയിപ്പോള്‍ കേരളത്തില്‍ മറ്റെവിടെയുമെന്ന പോലെ മഴക്കാലമാണ്. ആ പഞ്ചായത്തിലെ രണ്ടെസ്റ്റേറ്റുകളില് ഒന്നായ കാട്ടുനിലത്തില്‍ എസ്റ്റേറ്റിനകത്ത് അണ്ണാന്‍കുഞ്ഞ് മൂടിപ്പുതച്ചുറങ്ങുന്ന തന്റെ ഭാര്യ ഏലിയാമ്മയെ നോക്കി ഒരു നീളന്‍ നെടുവീര്‍പ്പിട്ടിട്ട്, കഞ്ഞിക്കുള്ള അരി കഴുകി വിറകടുപ്പിലേക്ക് വെച്ചു, പയറ് കഴുകി കുക്കറിലുമിട്ടു. കഞ്ഞിക്ക് വെച്ച വിറകെരിയുന്ന മണത്തോടൊപ്പം എത്രയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും കാല് മുതല്‍ തല വരെ പുകഞ്ഞു കയറുന്ന അസഹിഷ്ണുത അയാള്‍ സ്വയം അറിയുന്നുണ്ടായിരുന്നു.
‘ഓര് വരുന്ന വിവരം ഒന്നും വിളിച്ചേച്ചും പറഞ്ഞാ എന്നാ ആയിരുന്നു? ഇതൊര് ജാതി വല്ലാത്ത ചെയ്ത്തായിപ്പോയി. മൂന്ന് നാല് ദിവസം കൊണ്ട് ഇതിനും മാത്രം വല്ല്യ പൊര അടിച്ച് തൊടച്ച് മാറാലേം ഓടും മാറ്റാന്‍ പറ്റുമോ? അതിനന്നെ വേണല്ലോ രണ്ടാഴ്ച്ച. ഇവിടെന്തോ കള്ളം ചെയ്തത് പിടിക്കാനെന്ന പോലുണ്ടല്ലോ എടിപിടീന്നുള്ള ഈ വരവ്. ന്യൂസിലാന്റ് ന്ന് ഇങ്ങോട്ട് വരണേല് അതിനുള്ള ഒരുക്കങ്ങള്‍ കൊറേ മുന്നേ തൊടങ്ങീട്ട് ട്ടാവും. ഞാനെത്ര നോക്കീട്ടും ആ പ്രാവുകള്‍ പോകുന്നേയില്ല. ഇനിയവര്‍ വന്നു കേറുമ്പം എങ്ങാനും ആ പ്രാവിന് കാട്ടം കണ്ടേച്ചാ ഇക്കാലം ചെയ്തേന് ഒരു വെലേം ണ്ടാവൂല’
ഏലിയാമ്മ ഉറക്കച്ചടവില്‍ കെട്ടിയോ നോട് പറഞ്ഞു.
‘ ഏലിയാമ്മേ, പിന്നൊരു കാര്യം. ഇനി ഓര് തരുന്ന നക്കാപ്പിച്ചക്കൊന്നും ഞാന്‍ നിന്നു കൊടുക്കത്തില്ല. വരുന്നേനും മുമ്പ് നമ്മക്കെറങ്ങണം. ‘
മറുപടിക്കായി കാക്കാതെ പുരയുടെ വാതില്‍ തുറന്ന് ഏലിയാമ്മ നട്ടുവളര്‍ത്തിയ, കവാടത്തിലാകെ സമൃദ്ധമായി പൂത്ത് നില്ക്കുന്ന വെള്ളയും മഞ്ഞയും പൂക്കളുടെ നിര തെറ്റിയ ശ്രേണിയില്‍ കയറി നിന്നുകൊണ്ട് അണ്ണാന്‍കുഞ്ഞ് വര്‍ഷങ്ങളോളം തന്റെ സംരക്ഷണയിലായിരുന്ന, ഇന്നലെ വരെ സ്വന്തമെന്നോണമനുഭവിച്ച ഏക്കര്‍കണക്കിന് പറമ്പിലേക്കും തന്റെ യജമാനന്റെ വീട്ടിലേക്കും തെല്ലൊരു വിഷാദഭാവത്തോടെ നോക്കി.
രണ്ടു നിലകളിലായി ഏഴെട്ടു മുറികളുള്ള, അതും പോരാഞ്ഞ് പിന്നെയും പല ഭാഗങ്ങളിലേക്കും മുറികള്‍ ഏച്ചുകെട്ടിയ കൂറ്റന്‍ ബംഗ്ലാവാണത്. കല്ലും മണലും ചിലവഴിച്ചതിനേക്കാള്‍ മരം കൊണ്ടാണത് നിര്‍മ്മിച്ചതെന്ന് ഒറ്റനോട്ടത്തിലറിയാം. മൂന്ന് കുന്നുകള്ക്കിടയിലുണ്ടാകുന്ന താഴ്വാരത്തിലാണ് അത് നില്‍ക്കുന്നത്. അണ്ണാന്‍കുഞ്ഞ് നില്ക്കുന്നതിന്നടുത്ത് നിന്ന് നോക്കിയാല്‍ അകലെയായി തകരഷീറ്റിട്ട് മറച്ച ചെറിയ ഷെഡ്ഡ് കാണാം, മുമ്പ് മഴക്കാലത്ത് പണിക്കാര്‍ക്ക് കയറിയിരുന്ന് ഭക്ഷണം കഴിക്കാനുള്ളതായിരുന്നത്.
മോളിലേക്ക് റബ്ബറും തെങ്ങിന്‍തോപ്പും ജാതിത്തോപ്പും കമുങ്ങും ഇടതൂര്‍ന്ന് കിടക്കുന്ന കൊക്കോയും താഴേ വശത്തായി കുറച്ച് മാവും പ്ലാവും വീടിന്നരികിലായി വാഴത്തോപ്പും . റബ്ബറാണ് കൂടുതല്‍ കൃഷി. ഒരു കാലത്ത് കാട്ടുനിലത്തില്‍ സഹോദരന്മാരുടെ റബ്ബറിന്റെ കൂട്ടുകൃഷി സങ്കേതമായിരുന്നു അവിടം. ഇപ്പോള്‍ ഭാഗം വെച്ച് പിരിഞ്ഞപ്പോള്‍ പല ഭാഗത്തും പലതായി കൃഷി. ആ വീടിന് നിരപ്പിനേക്കാള്‍ കൂടുതല്‍ കൂര്മ്പുകളാണുള്ളത്. നേരഭിമുഖമായി നില്ക്കുമ്പോള് തന്നെ ‘രണ്ട് വലിയ പ്രധാനമുഖക്കൂര്മ്പുകളും ഇടതും വലതുമായി മൂന്നെണ്ണം വേറെയും കാണാം.
അണ്ണാന്‍കുഞ്ഞ് ചുറ്റിലേക്കുമൊന്ന് നോക്കി. വീടിനോട് തൊട്ടുചേര്‍ന്ന് വലിയൊരു പുളിമരമുണ്ട്. അണ്ണാന്‍കുഞ്ഞ് വന്ന കാലത്ത് വലിയൊരു പനയുണ്ടായിരുന്നു ആ പുളിമരത്തിന്നടുത്തായിട്ട്. അതിനോട് മത്സരിച്ച് മത്സരിച്ചാണ് പുളിമരത്തിനിത്ര നീളം വന്നതെന്ന് പറയും എല്ലാരും. ഇപ്പം രണ്ട് തെങ്ങ് ചേര്‍ത്ത് വെച്ചാലുള്ളതിലും പൊക്കമുണ്ടതിന്. കുഞ്ഞുമോനും മറ്റും പുളിമുത്തശ്ശി എന്നാ അതിനെ വിളിച്ചിരുന്നത്. നീളത്തിനൊത്ത വണ്ണവുമുണ്ട്. അതിന്നടുത്തായി സര്‍വ്വ സുഗന്ധിയുടെ നാലഞ്ച് മരങ്ങള്‍. കൂടാതെ ഗ്രാമ്പൂവും കാപ്പി മരവും. ചാമ്പക്ക രണ്ടോ മൂന്നോ വിധമുണ്ട്.
ആപ്പിള്‍ ചാമ്പക്ക പൂക്കുന്ന കാലമാണെങ്കില്‍ നല്ല റോസ് നിറമാകും മുറ്റമാകെ. ഒരു കാലത്ത് പണിക്ക് വരുന്നവര്‍ നട്ടുവെച്ച മരങ്ങളെല്ലാം വല്ലാതെ വളര്‍ന്നു, അവര തൊന്നും കാണാന്‍ നിന്നില്ലെങ്കിലും. എവിടെ നിന്നോ വന്ന് കുറച്ച്നേരം ഒരുമിച്ചിരുന്ന് എവിടേക്കോ നീങ്ങിയവര്‍. അത്ര തെളിമയിലല്ലെങ്കിലും കൂടെ ജോലി ചെയ്ത് പിരിഞ്ഞുപോയവരുടെയും, മരിച്ചുപോയവരുടെയും വിഷാദാത്മകമായ മുഖങ്ങള്‍ ഇതിന്നിടയില്‍ പലയിടത്തായി ഇപ്പോഴും അണ്ണാന്‍കുഞ്ഞ് കാണാറുണ്ട്. ആ കാണുന്നവരുടെയെല്ലാം ആത്മസത്തയില്‍ നിന്ന് ചെറിയൊരംശമെങ്കിലും അവിടവിടെ മൂളിപ്പറക്കുന്നതായി, അവിടത്തെ ജീവനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി അണ്ണാന്കുഞ്ഞിന് തോന്നാറുമുണ്ട്. അതിജീവനോപാധികളുമായി അവര്‍ ആ എസ്റേററ്റ് കയറിയിറങ്ങി നടക്കുന്നുണ്ടെന്ന് മറ്റാരെക്കാളും അറിയാവുന്നതും അയാള്‍ക്ക് തന്നെ. കാരണം ഇരുപത്തഞ്ച് വര്‍ഷമായി അയാളവിടെയുണ്ട്.

‘ നടന്ന് ക്ഷീണിക്കുമ്പോ പഴച്ചാറെടുത്ത് തിന്നാം’ അണ്ണാന്‍കുഞ്ഞ് ഒരു പാഷന് ഫ്രൂട്ടെടുത്ത് സ്വയം പറഞ്ഞു.
അപ്പോള്‍, പണ്ടെവിടെപ്പോയാലും കിട്ടുന്നതില്‍ നിന്നൊരു പങ്കെടുത്ത്, ചക്കയോ മാങ്ങയോ ചേമ്പോ ഓറഞ്ചല്ലിയോ കപ്പലണ്ടിയോ എന്തായാലും കോന്തലയില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന ‘ഏലിയാമ്മയെ ഒരു ഫ്രെയിമിലെന്നപോലെ കാണുകയായിരുന്നു അണ്ണാന്‍കുഞ്ഞ്. അങ്ങേയറ്റത്തെ സിനിമാ- പ്രേമിയായ അണ്ണാന്കുഞ്ഞിന് ജീവിതത്തിലുടനീളം നീട്ടിവലിച്ച ഫ്രെയിമുകളായി തോന്നുന്നത് സ്വാഭാവികം. ഫ്രെയിം റ്റു ഫ്രെയിം കാഴ്ച്ചകള്‍. ഒരു ഫ്രെയിമില്‍ നിന്ന് അടുത്ത തിലേക്ക് പോകുമ്പോള്‍ ആദ്യത്തെ ഫ്രെയിമിന്റെ തുടര്ച്ചയോര്ത്ത് അയാളാകെ അങ്കലാപ്പിലാകും. ആദ്യത്തെ ഫ്രെയിമില്‍ പ്രണയത്തിലായിരുന്ന കമിതാക്കള്‍ പിരിഞ്ഞുകഴിഞ്ഞാലും മറ്റേതെങ്കിലും സീനില്‍ അവര്‍ വന്നുപെട്ടാല്‍ അയാളവരുടെ കണ്ണുകളില്‍ പ്രണയത്തെ തിരയും.
ശോശാമ്മയും ത്രേസ്യാമ്മയും, ഇസഹാക്കും ജോസും ജോസിന്റപ്പന്‍ വറീത് മാപ്പിളയും മരുത് കെട്ടിയോള് സരോജിനിയും കുഞ്ഞായിഷേം കെട്ടിയോന് മമ്മദ്കോയയും മരക്കാറും ഓന്റ മോന് കമറും സെബാസ്റ്റിനും അവന്റെ മക്കളായ മേരിയും ആന്റോയും എല്ലാം നിന്നും ഇരുന്നും എരന്നും കിടന്നും പണിയെടുത്ത മണ്ണാണത്. പെറ്റെഴുന്നേറ്റവളുടെ വീറും കന്യകയുടെ പിടപ്പും ആ നെലമറിഞ്ഞിട്ടുണ്ട്. സാഹസികനായൊരുത്തന്റെയും അലസനായൊരുത്തന്റെയും ഉഴുതുമറിക്കലുമറിഞ്ഞിട്ടുണ്ട്. ശരിക്കും ഇരുപത്തഞ്ച് വര്‍ഷത്തെ മാറ്റം അയാള്‍ നോക്കിക്കാണുകയായിരുന്നു. ഇരുണ്ട് സമൃദ്ധമായ വനപ്രദേശവും പൊട്ടിപ്പൊളിഞ്ഞ കാട്ടുപാതകളും കടന്ന് ‘പൊരുതി കുടിയേറിയവരുടെ പുതുതലമുറ.
പുലിയിറങ്ങിയ കാലവും, കെട്ടിയ ആടുകളെയും പട്ടികളെയും പുലി പിടിച്ച കഥകളും ആനകള്‍ കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിച്ച കഥകളും എല്ലാമെല്ലാം മാഞ്ഞുപോയി. പകരം മറ്റു പല കഥകള്‍ വന്നു. കൂട്ടത്തില്‍ യൂറോപ്പ്യന്‍ നാടുകളും അറബ് നാടുകളും പുതിയ കഥകളിലെ ഭൂപ്രദേശങ്ങളായി. അയാളുടെ നോട്ടം ഇരുപത്തഞ്ച് വര്‍ഷം പിറകിലേക്ക് പോയി, വൃത്തിയും വെടിപ്പും കൃത്യതയും ലോക വിവരവുമെല്ലാമുള്ളതിനാല് പ്രധാന ജോലിക്കാരനായി നിയമിച്ച നാളിലേക്ക്. അന്നയാള്‍ പല നാടുകളെ, സംസ്ക്കാരങ്ങളെ നേരിട്ടറിഞ്ഞ് ചുറ്റിക്കറങ്ങി വന്നതേയുണ്ടായിരുന്നുള്ളൂ. അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം , മനുഷ്യരെല്ലാം ഒരേ സംസ്കൃതിയില്‍ കഴിയുന്ന ഒരു ലോകമായിരുന്നു.
പല തീവണ്ടികള്‍, പല സ്ഥലങ്ങളില്‍ പല സമയങ്ങളില്‍ ചെന്ന്നിന്നു. തിരക്കുള്ളതും തിരക്കില്ലാത്തതുമായ സ്റ്റേഷനുകളില്‍. ചിലയിടങ്ങളില്‍ നിന്നയാള്‍ ദാബകളില്‍ നിന്ന് ചൂടുള്ള റൊട്ടിയും സബ്ജിയും കഴിച്ചു. ചിലയിടങ്ങളില്‍ നിന്ന് വെന്തുടഞ്ഞ പച്ചരിച്ചോറും കുഴമ്പും കഴിച്ചു. പ്രാണന് വേര്‍പെട്ട് പോകുമെന്ന് തോന്നുന്നയിടങ്ങളിലും ജീവനും ജീവിതവുമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അയാള്‍ ലോകസഞ്ചാരം കഴിഞ്ഞ് തിരിച്ചെത്തിയത്. അയാളിലപ്പോഴേക്കും തവിട്ടു നിറമുള്ള വലിയ ചിറകുകള് മുളച്ചിരുന്നു. വലിയ ചിറകുകളും വലിയ ശരീരവും. സുനാമിത്തിരകളെപ്പോലും തടുക്കാന്‍ മാത്രം കരുത്തും. അന്ന് തിരുപ്പിറവിക്ക് രണ്ടുനാള്‍ മുന്‍പാണ് ഊരുചുറ്റല്‍ കഴിഞ്ഞ് വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിപ്പോയ ചോയി മാപ്ലയുടെ മോന് ഔസേപ്പ് നാട്ടില്‍ തിരിച്ചെത്തിയത്. അതൊരൊന്നൊന്നര വരവായിരുന്നു. ഇക്കാലമത്രയും ഇന്നാളത്രയും ചുറ്റിക്കറങ്ങിയിട്ട് ‘എന്നതാ ഊവ്വേ കൊണ്ടുവന്നത്?’ എന്നും ചോദിച്ച് സഞ്ചി തുറന്ന ചെങ്ങായിക്ക് ആകെപ്പാടെ കിട്ടിയത് അടുത്തെവിടെന്നോ പിടിച്ചിട്ടൊരണ്ണാന് കുഞ്ഞിനെയാണ്. അയാളതുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചതായിരിക്കണം. അന്നുമുതല്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരാലും അയാള്‍ അണ്ണാന്‍കുഞ്ഞ് എന്ന് വിളിക്കപ്പെട്ടു. ആ സഞ്ചിയില്‍ ‘അണ്ണാന്‍കുഞ്ഞ് കൂടാതെ റാക്കുമുണ്ടായിരുന്നെന്ന് ചെങ്ങായിക്ക് മാത്രമറിയാവുന്ന രഹസ്യമായി കെട്ടടങ്ങി.
അന്‍പത്തിരണ്ട് കൊല്ലക്കാലങ്ങളിലൂടെ കടന്നുപോയ ജീവിതമോ അതിലെ ആഘാതങ്ങളോ ആഹ്ലാദങ്ങളോ ഓര്‍ത്തെടുക്കുക എളുപ്പമല്ലെന്ന് ആള്‍ക്കറിയാം. ഓര്‍മ്മകളിലൂടെ കയറിയിറങ്ങി വന്നപ്പോഴേക്കും അണ്ണാന്‍കുഞ്ഞിന്റെ കാലില്‍ നിറയെ അട്ടകള്‍ കോര്ത്തുതൂങ്ങി ചോരകുടിച്ച് കിടപ്പുണ്ടായിരുന്നു. അയാള്‍ പക്ഷേ, അതൊന്നും പരിഗണിക്കാന്‍ പോയില്ല. അണ്ണാന്കുഞ്ഞൊരിക്കല് കൂടി ശോശാമ്മയോടും ഇസഹാക്കിനോടും ജോസിനോടുമെല്ലാം മിണ്ടിപ്പറയാന്‍ കൊതിച്ചു. അതിനിനി കഴിയില്ലല്ലോ എന്നോര്‍ത്ത് ദു:ഖിച്ചു. എന്നിട്ട് വീണ്ടും പണ്ടത്തെ ഏലിയാമ്മയെ ഓര്‍ത്തു. വേലയ്ക്ക് വന്നു തുടങ്ങിയ കാലത്ത് അവളോടായിരുന്നു ആകെയുണ്ടായിരുന്ന അകല്‍ച്ച. അവളുടെ മുറുമുറുപ്പും തന്നപ്പോറ്റി സ്വഭാവവും മൂപ്പിച്ചുവപ്പിച്ച സ്വഭാവവും അയാളിലും ശുണ്ഠി കയറ്റി.
‘കാട്ടുപോത്ത്” എന്നായിരുന്നു എസ്റ്റേറ്റില്‍ അവളുടെ ഇരട്ടപ്പേര്. അവളന്ന് ജോലിക്ക് വരുന്നതും പോകുന്നതുമെല്ലാം അവളുടെ ഇഷ്ടത്തിനായിരുന്നു. തോന്നുംപോലെ വരും പോകും. പക്ഷേ, ഒരു കാരണവശാലും മുതലാളി അവളെ പിണക്കാന്‍ തയ്യാറായില്ല. അതിനു കാരണം കിടപ്പിലായിപ്പോയ അയാളുടെ അപ്പന്റപ്പന്റെ മലം യാതൊരു ഭാവവ്യത്യാസവും കൂടാതെ കോരി വെടിപ്പാക്കാന്‍ അവളേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു.
ഏലിയാമ്മയുടെ കുടുംബത്തെ രാപ്പകല്‍ തീറ്റിപ്പോറ്റി വളര്‍ത്തിയിരുന്ന അവള് പെട്ടെന്നൊരു ദിവസമായിരുന്നു അവര്ക്കന്യയായത്. അതിനുള്ള കാരണം അവളുടെ നേരെ വാ – നേരെ പോ സ്വഭാവം കാരണമെന്നും പറഞ്ഞ് ,അങ്ങേയറ്റം നാണംകുണുങ്ങിയായ അവളുടെ അനിയത്തിയുടെ കൂടെ ഏലിയാമ്മയുടെ കെട്ടിയോന് ജീവിക്കാന്‍ തുടങ്ങിയതായിരുന്നു. ഒരു ദിവസം പതിവുപോലെ അത്താഴവും കഴിഞ്ഞ് മുറിയിലെത്തിയപ്പോള്‍ അനിയത്തിയും കെട്ടിയോനും കട്ടിലിലിരിക്കുന്നു. കുറേനേരമിരുന്നിട്ടും ഇറങ്ങിപ്പോകാത്ത അനിയത്തിയോട് ‘ നല്ല ഊരവേദന, ഒന്ന് തല ചായ്ക്കണം കൊച്ചേ. അപ്പൊറത്തെങ്ങാനും പോയിരിക്ക് ‘ എന്നു പറഞ്ഞപ്പോള്‍ ഇതേ നാണംകുണുങ്ങി അനിയത്തി ‘ ഇച്ചേച്ചി മുറീന്ന് ഇറങ്ങിപ്പോണം. ഇനി ഞങ്ങളാ മുറീല് ‘ എന്നു പറഞ്ഞു. കെട്ടിയോനായി ഒരു കഷ്ണം അരിമുറുക്കുമായിട്ടായിരുന്നു ഏലിയാമ്മ അന്ന് മുറിയിലേക്ക് കയറിച്ചെന്നത് എന്നതിനാല്‍ അതില്‍പ്പിന്നെ അരിമുറുക്ക് കണ്ടാല്‍ അവര്‍ക്ക് ഉള്ളു കാളും. കേസ് കൊടുക്കാനൊരുങ്ങിയപ്പോള്‍ കുടുംബം മുഴുവന്‍ പറഞ്ഞു
‘നീ ഓളെ ഉപദ്രവിക്കല്ലേ. നീയല്ലേ കൊച്ചേ മൂത്തെ ‘ അതുംപോരാഞ്ഞ് നിനക്ക് നല്ല തന്റേടവുമുണ്ടല്ലോ. ഓളെ കാര്യം അങ്ങനെയാണോ?, ഒരു പാവം പെണ്ണ്’എന്ന്.
ആദ്യം കണ്ടപ്പോഴൊക്കെ ദേഷ്യം തോന്നിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അണ്ണാന്കുഞ്ഞിന് ഏലിയാമ്മയോട് വെറുപ്പിന്റെ അതേ തീക്ഷണതയില്‍ സൗഹൃദം വളരുകയായിരുന്നു. പ്രണയമല്ല, സൗഹൃദം. അവളുടെ പുരികങ്ങള്‍ക്കിടയിലായുള്ള ആഴത്തിലുള്ള മുറിവിന്റെ പാടായി പിന്നീടങ്ങോട്ട് അയാള്‍ക്ക് ഈ ഭൂമിയിലേറ്റവും പ്രിയപ്പെട്ട ഇമേജ്.
ധൃതിയില്‍ അയാള്‍ ഓരോ പറമ്പും അവസാന വട്ടമെന്നോണം കയറിയിറങ്ങാന്‍ തുടങ്ങി. വടക്കേ ഭാഗത്തോട്ട് രണ്ട് കണ്ടം കേറിയാലെത്തുന്ന കണ്ടത്തിലായിരുന്നു മുമ്പത്തെ കാര്യസ്ഥന് പാര്‍ത്തിരുന്നത്, അയാള്‍ ക്യാന്‍സര്‍ വന്നാണ് മരിച്ചത്. അതല്ല, അയാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ വിളകള്ക്കടിക്കുന്ന മരുന്നുകള്‍ അവര്‍ താമസിക്കുന്നയിടത്തായിരുന്നു വെക്കാറുണ്ടായിരുന്നതെന്നും അത് ശ്വസിച്ച് ശ്വസിച്ചാണ് അവരുടെ മൂത്ത കുട്ടിക്ക് ഓട്ടിസം വന്നതെന്നും അതില്‍ ദണ്ണിച്ചാണ് അയാക്ക് മാറാരോഗം വന്നതെന്നും അണ്ണാന്‍കുഞ്ഞ് വന്നകാലം മുതല്‍ കേട്ടിട്ടുണ്ട്. അന്ന് വീണ്ടും അതേ ക്യാന്‍സര്‍കോശങ്ങള്‍ സ്വന്തം ശരീരത്തിലേക്കും പടരുന്നതായി തോന്നി അണ്ണാന്കുഞ്ഞിന്. അവിടുന്ന് മുകളിലോട്ടുള്ള പറമ്പിലേക്ക് എത്ര നോക്കരുതെന്ന് കരുതിയിട്ടും അയാള്‍ നോക്കിപ്പോയി, അയാള്‍ വന്ന കാലം മുതല്‍ വൈകീട്ട് അല്‍പ്പം കഴിച്ചിട്ട് അയാളും കൂട്ടുകാരും ചേര്‍ന്നിരുന്ന് സൊറ പറയാറ് ആ മറക്കടുത്തായിരുന്നിട്ടാണ്. അണ്ണാന്‍കുഞ്ഞിന്റെ ചങ്ക് പതറി.
പ്രണയം പറഞ്ഞ് ഏലിയാമ്മയുടെ ആദ്യമായി പിടിച്ച സ്ഥലത്തേക്ക് അയാള്‍ നോക്കിയതേയില്ല. അത് മനസ്സിലങ്ങനെ കിടക്കട്ടെ.
കെട്ടിയോനേം തട്ടിയെടുത്ത് പത്ത് – പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ‘ ഒരു കെടപ്പാടം ല്ല ഇചേച്ചീ, മഴേം വെയിലും എന്നാ ആയാലും അതുംകൊണ്ട് കെടക്വാ ഞാനും പിള്ളേരും. അങ്ങേര്‍ക്കും വയസ്സായില്ലേ?’ എന്ന് ഇടക്കിടക്ക് വന്ന് കരഞ്ഞ് പറഞ്ഞ അനിയത്തിക്കും മുന്‍ ഭര്‍ത്താവിനും വീട് പണിയാന്‍ പൈസ ചോദിച്ചപ്പോള്‍ ‘പൈസയില്ല, മരം വേണേല്‍ മുറിച്ച് പൈസ കൊടുത്തോ, ശമ്പളത്തിന്ന് വീട്ടിയാ മതി’ എന്ന് മുതലാളി പറഞ്ഞതനുസരിച്ച് രണ്ട് പ്ലാവ് വെട്ടി കൊടുത്തത് ഇവിടുന്നാണ്. ഈ സ്ഥലത്ത് നിന്ന് അവിടുന്നങ്ങോട്ട് പിന്നെ അയാള്‍ നട്ട വലിയ മരങ്ങള്‍ തുടങ്ങുകയായി. അവ ഒപ്പവും ഒപ്പത്തിനൊപ്പവും വളര്‍ന്നു. മക്കളില്ലെങ്കിലും മക്കളെപ്പോലെ കരുതുന്ന മരങ്ങള്‍ . ഓമനിച്ചും കെറുവിച്ചും വളര്‍ത്തുന്നവ. അവിടെ വന്നാണ് വയസ്സാംകാലത്ത് എന്നും വൈകുന്നേരം അണ്ണാന്‍കുഞ്ഞും ഏലിയാമ്മയും ഇരിക്കാറ്. അതിന്നടുത്തായാണ് അയാളുടെ എന്നത്തേയും പ്രിയപ്പെട്ട വളര്‍ത്തുനായ അരശുവിനെ കുഴിച്ചിട്ടത്.
‘ വയസ്സായതോണ്ടാണോ കണ്ണീന്നിങ്ങനെ വെള്ളം വരുന്നേ, ‘ കണ്ണ് മറഞ്ഞത് കൊണ്ട് നടക്കാനാവാതെ അയാള്‍ ആ മരങ്ങളുടെ ചുവട്ടിലേക്കിരുന്നു. വയസ്സായതോണ്ട് തന്നെയാണ് ‘ എനി കൃഷിയൊന്നും വേണ്ട അണ്ണാന്‍കുഞ്ഞേ. ഉള്ളതൊക്കെ മതി. മക്കക്കൊന്നും ഇതൊന്നും വേണ്ട. പിന്നെയാര്‍ക്കാ. എന്റെ കാലം കഴിഞ്ഞാ ആര് നോക്കാനാ? ഞങ്ങള്‍ ഈ വരവിന് റബ്ബറൊക്കെ വെട്ടി’ വിട്ടേച്ചും പോകാന്നും കരുതിയാ വരുന്നേന്ന് ‘ മുതലാളി പറഞ്ഞത്. അണ്ണാന്കുഞ്ഞിനറിയാം നേരത്തെ നിന്നവരോടും ‘ എനി വരണ്ട ‘എന്നല്ല മുതലാളി പറഞ്ഞത്. കൃഷി നിര്‍ത്തുകയാണെന്ന് പറയും.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഏലിയാമ്മ വരുന്നവര്ക്കെല്ലാര്ക്കും വേണ്ട ആഹാരമുണ്ടാക്കി. മൊതലാളി പ്രിയപ്പെട്ട എല്ലും കപ്പേം, മുതലാളിയുടെ ഭാര്യയ്ക്ക് കള്ളപ്പോം കുടമ്പിളിയിട്ട മീന്‍ചാറും. മോക്കും മരുമോനുംവേണ്ട പുഴമീനും കൊഞ്ചും, കുഞ്ഞുങ്ങക്ക് പ്രത്യേകം വേണ്ടത്. ഭക്ഷണമുണ്ടാക്കി കഴിക്കാന്‍ പാകത്തിലെടുത്തു വെച്ച് നിലമൊക്കെ നേരത്തെ വൃത്തിയാക്കിയതാണെങ്കിലും ഒന്നുംകൂടി രണ്ടാളുംകൂടി തുടച്ചു. ശേഷം, അവര്‍ താമസിക്കുന്നയിടത്ത് നിന്ന് കൈയ്യിലെടുക്കാനാവുന്നതുമെടുത്ത് വെച്ച ഭക്ഷണംപോലും കഴിക്കാതെ രണ്ടുപേരും പരസ്പരം കൈപിടിച്ച്കൊണ്ട് നടന്നു. ഏലിയാമ്മ അപ്പോള്‍ മനസ്സില്‍ പിറുപിറുത്തു
‘ ഈ മണ്ണും മണോം പച്ചപ്പും ഒന്നും ല്ലാതെ ഇങ്ങേരെങ്ങനാ കര്‍ത്താവേ ഇനി ള്ള കാലം ജീവിക്ക്വാ ‘
സൗഹൃദവും പ്രണയവും യുദ്ധവും അതിജീവനവുമെല്ലാം ഒറ്റനിമിഷത്തിന്റെ ആളലില്‍ തീരുന്ന കാട്ടുതീ പോലെയാണ് ചില സംഭവങ്ങള്‍. അത്രമേല്‍ പ്രിയപ്പെട്ടൊരു പ്രദേശത്തിന്റെ അങ്ങേയറ്റം പരിചിതമായ ആന്തരികാനുഭവങ്ങളില് നിന്ന് അപരിചിതമായൊരു ദേശത്തിന്റെ ആന്തരികാഗ്നിയിലേക്ക് ഒരു വേനല്‍ നട്ടുച്ചയില്‍ വെറും കൈയ്യോടെ പലായനം ചെയ്യുന്നവന്റെ ഇടനെഞ്ചായിരുന്നു അയാളിലപ്പോള്‍.
ജീവിതത്തിലാദ്യമായി അയാള്‍ പുതിയ സ്ഥലത്തേക്ക് കടക്കാനുള്ള പിന്നാമ്പുറ വഴികളെത്തേടി.