
വിലയിട്ടു വിൽക്കേണ്ട വെറും പെണ്ണുങ്ങളോ നാം?

സെവന. കെ
കഴിഞ്ഞ ദിവസങ്ങളായി കേരളക്കരയെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് വന്ന വാർത്തകൾ നാം ഒരു നെടുവീർപ്പോടെയാണ് കേട്ടറിഞ്ഞത്.
സത്യത്തിൽ ഈ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മാത്രം സംഭവിച്ചവ ആണോ ഇതെല്ലാം? ഒരിക്കലും അല്ലെന്ന ഉത്തരം നാം ഓരോരുത്തരിലും ഉണ്ട്. എങ്കിലും മാധ്യമ രീതി അനുസരിച്ച് ഒരു സാമൂഹിക പ്രാധാന്യത ഉള്ള ചൂടുള്ള വാർത്ത എന്നതുകൊണ്ട് കൊണ്ടുതന്നെ സമാനമായവ അവർ വെളിച്ചത്തു കൊണ്ടു വരുന്നു. മാധ്യമ ധർമം എന്നോ എസ്ക്ലൂസീവ് എന്നോ വിളിക്കാം. ഒരു പരിചയവും ഇല്ലെങ്കിൽ കൂടിയും, നുണക്കുഴികളിൽ നിഷ്കളങ്കത നിറച്ച വിസ്മയയുടെ ആ പുഞ്ചിരി ഒരു തീരവേദന തന്നെ.
എങ്കിലും ഈ സ്ത്രീധനപീഡന കൊലകളിൽ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്താതിരിക്കാൻ ആവുമോ? ഒരിക്കലുമില്ല!
സ്ത്രീധനം നൽകി വിവാഹം കഴിക്കുന്ന പെൺകുട്ടികളെ കുറിച്ചു ഞാൻ ആലോചിച്ചു നോക്കാറുണ്ട്.. അവരെല്ലാവരും എന്തു കൊണ്ടാണിങ്ങനെ ഈ സിസ്റ്റത്തിൽ മുന്നോട്ടു പോകുന്നത്? അവർ സ്വയം കൽപ്പിച്ചു വച്ചിരിക്കുന്ന വില ആണോ ഇത്? ഒരിക്കൽ പോലും അവർക്ക് സെല്ഫ് ലവ് തോന്നിയിട്ടില്ലേ? ചോദ്യങ്ങളുടെ നിര നീണ്ടുപോകുന്നു എന്നതിൽ കവിഞ്ഞൊരു മാറ്റവും ഇവിടില്ല. പക്ഷെ നമ്മൾ ഈ വിഷയങ്ങൾ നോർമലൈസ് ചെയ്യുന്ന ചില ചെറു കാര്യങ്ങൾ എത്രത്തോളം ഭീകരമാണെന്ന ചിന്ത എന്നെ അലട്ടുന്നു. ഒന്നു തിരിഞ്ഞു നോക്കൂ.. വിസ്മയയുടെ കേസിൽ നമ്മൾ ഹൈലൈറ്റ് ചെയ്തത് ആ സ്വർണത്തിന്റെ തൂക്കവും പറമ്പിന്റെ വിസ്തൃതിയും കാറിന്റെ വിലയും ആണെന്നു തോന്നിയിട്ടുണ്ടോ? ഏറെക്കുറെ അങ്ങനെ തന്നെ ആണ്. “ഇത്രയും കൊടുത്തിട്ടും, സർക്കാർ ഉദ്യോഗം ഉണ്ടായിട്ടും അവന് അത്യാഗ്രഹം മാറിയില്ലേ?” ഇതായിരുന്നു പലപ്പോളും മലയാളികൾ ഉയർത്തപ്പിടിച്ചവ. സ്ത്രീധനം കൊടുത്തതും വാങ്ങിയതും ഒരു വലിയ വിഷയമല്ലാതായിപ്പോയോ? ഒന്നാലോചിച്ചു നോക്കു, വിസ്മയ ഒരു ദരിദ്രയായ പെൺകുട്ടി ആയിരുന്നെങ്കിലോ മറിച്ചു കിരൺ ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിലോ? നമ്മുടെ ചർച്ചകൾ ഇത്രയ്ക്ക്ഉ യരുമായിരുന്നോ?
മറ്റു ചിലർ ഉണ്ട്. മകളെ കെട്ടിക്കാൻ ഗവർണമെന്റ് ഉദ്യോഗസ്ഥനെ അന്വേഷിക്കുന്നവർ ഇങ്ങനെ അനുഭവിക്കണമെന്ന് പറയുന്നവർ. കൂടെ ഒരു വാലക്കഷ്ണം കൂടെ ഉണ്ട്. “കൂലിപ്പണിക്കാരനെ കെട്ടിയിരുന്നെങ്കിൽ പൊന്നു പോലെ നോക്കിയേനെ'” എന്ന്. ഈ പറഞ്ഞതിലെ ലോജിക് എന്താണ്. ഇവിടെ വരന്റെ ജോലി ആണോ സ്വഭാവം നിശ്ചയിക്കുന്നത്. സർക്കാർ ജീവനക്കാർ എല്ലാം പണക്കൊതിയൻമ്മാരും കൂലിപ്പണിക്കാർ നന്മയുടെ നിറകുടവും ആവാമെന്നാണോ? ഇതിനുത്തരം കിട്ടാൻ ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് ഒന്നു നോക്കിയാൽ മതി. നമുക്കിടയിലുള്ള മനുഷ്യരിൽ എല്ലാ വിഭാഗത്തിലും എല്ലാ തരക്കാരും ഉണ്ടെന്നതിൽ ഇവിടെ ആർക്കാണ് സംശയം? “You can have a bachelor’s degree and still be an idiot” എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. എത്രത്തോളം അർത്ഥവത്താണീ വാക്കുകൾ എന്നു മനസിലാക്കാൻ മാനസികമായി അൽപ്പം വളരേണ്ടി വന്നു എന്ന് മാത്രം !
മറ്റൊരു സമാനമായ മരണം ഈ അടുത്തുണ്ടായി. അവിടെയും സ്ത്രീധന പീഡനമെന്ന വിഷയം തെന്നി മാറി പോയത് ആ കുറ്റാരോപിതന്റെ പിതാവിന്റെ സെലിബ്രിറ്റി സ്റ്റാറ്റസിലാണ്. എന്തുകൊണ്ട് അവ വാർത്ത ആവുന്നു. നായ മനുഷ്യനെ കടിച്ചാലല്ല, മറിച്ചു മനുഷ്യൻ നായയെ കടിച്ചാലാണ് വാർത്ത എന്നു പറയുന്നത് പോലെ ആവും അല്ലെ ?
സത്യത്തിൽ എവിടെ ആണ് മാറ്റം തുടങ്ങേണ്ടത്? ആരാണ് മാറേണ്ടത്? ഒരൊറ്റ ഉത്തരമേയുള്ളൂ. അത് നാം ഓരോരുത്തരും ആണ്. ഇത്തരം സംഭവങ്ങകൾക്ക് ശേഷം സോഷ്യൽ മീഡിയ കണ്ടിട്ടില്ലേ…പ്രതി ഒഴികെ നമ്മൾ എല്ലാവരും നന്മമരങ്ങൾ ആവാറുണ്ട്, അല്ലെ? പക്ഷേ എത്ര നേരത്തേക്ക് എന്ന ചോദ്യം ബാക്കി. ചേരയെത്തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നു കളയാം എന്നു പറയുന്ന പോലൊരു പ്രതിഭാസമായി മാറുകയാണോ നമ്മുടെ ഈ പ്രതിഷേധങ്ങളും മുറവിളികളും. എല്ലാവരും അല്ല, എങ്കിലും വലിയൊരു വിഭാഗം അങ്ങനെ തന്നെ ആണെന്നതിൽ സംശയം ഇല്ല. എന്തിനാണീ പൊയ്മുഖം? ഒരേ പോസ്റ്റുകൾ തന്നെ പല രൂപത്തിലും നിറത്തിലും ഗാലറിയിൽ നിറയ്ക്കുക എന്നതിനപ്പുറം നാം നമ്മുടെ ചിന്തയിൽ മാറ്റം വരുത്തുന്നുണ്ടോ? പ്രവൃത്തിയിലോ? അതോ എല്ലാവരും പ്രതികരിക്കുമ്പോൾ ഞാൻ മാത്രം ചെയ്തില്ലെങ്കിൽ മോശമല്ലേ എന്നുള്ള യൂഷ്വൽ മലയാളി ചിന്തയോ?
ഇനി ഇവയൊക്കെ മാറ്റിനിർത്തിയാൽ മറ്റൊരു വിഭാഗമുണ്ട്. ഇത്തരം ദുരന്തങ്ങളുടെ ഇരകളുടെ ജീവിതത്തിലെ കിട്ടാവുന്ന ഫോട്ടോകളും വിഡിയോകളും ശേഖരിച്ചു ദുഃഖം നിറഞ്ഞ ബീജിഎമും ഇട്ടു പോസ്റ്റു ചെയ്യുന്നവർ. സ്വാഭാവികമായും ഒരുവിധം സാധാരണക്കാരനായ ഒരു വ്യക്തി അത്തരം കാര്യങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നു എന്ന ബേസിക് സൈക്കോളജി ആണിവിടെയും പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. യൂട്യൂബേഴ്സിന് സിൽവർ ബട്ടണിലേക്കുള്ള ഒരു ചവിട്ടുപടിയും കൂടെ ആയല്ലോ ഇതുവഴി. ഇവിടെ ഒരു മനുഷ്യനെ ജീവനോടെയും അല്ലാതെ വിൽക്കപ്പെടുന്നു പല തരത്തിൽ.
ഈ വിഷയങ്ങളിൽ ഘോരഘോരം പ്രസംഗിക്കുന്ന മാതാപിതാക്കളിൽ എത്ര പേർ സ്വന്തം മക്കളെ സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിക്കില്ല എന്ന് തീരുമാനിക്കുന്നു? സത്യത്തിൽ “മറ്റുള്ളവർ എന്തു വിചാരിക്കും” എന്ന ഒരൊറ്റ ചിന്ത ആണിതിന് പിന്നിൽ എന്നു നിസ്സംശയം പറയാം. ഈ വിഷയത്തിൽ മാത്രമല്ല. നമ്മൾ ഓരോരുത്തരും ഓർമ വച്ച നാൾ മുതൽ ഇത് കേൾക്കുന്നുണ്ട്. ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടങ്ങളെ മാറ്റിവയ്ക്കാൻ കാരണമായ, വെറുത്തുപോയൊരു വാചകം ! എത്രയെത്ര സദാചാര പോലീസുകാരുടെ കണ്ണുകൾക്കും വാക്കുകൾക്കും അറിഞ്ഞും അറിയാതെയും പാത്രമായി നാം. സ്ത്രീധനം ചോദിച്ചു വാങ്ങുന്ന സമ്പ്രദായം തെക്കൻ ജില്ലകളിലാണ് വ്യാപകമെന്നു തോനുന്നു. പക്ഷെ ചെന്നു കയറുന്ന ഭർതൃഗൃഹത്തിലും മറ്റും വധുവിന്റെ ആഭരണങ്ങൾ കണ്ണുകൊണ്ടളന്നു തിട്ടപ്പെടുത്തുന്നതിൽ ആരും ഒട്ടും പിന്നിലല്ല. ഇനി അഥവാ അൽപ്പം കുറഞ്ഞാലോ, അതിന്റെ പരിണിത ഫലം ചിലയിടങ്ങൾ ഇന്നും ഭീകരം തന്നെ. അതു കൊണ്ടു തന്നെയാണ് പലപ്പോളും പെണ്മക്കളെ വിവാഹം കഴിച്ചയക്കുന്ന രക്ഷിതാക്കൾ ലോൺ എടുത്തും കടം വാങ്ങിയും ദുരിത ജീവിതം നയിക്കുന്നത്. ഈ പറഞ്ഞ മഹാന്മാരിൽ ഏത്ര പേര് പറയും കടം വാങ്ങി സ്വർണം നൽകേണ്ടെന്ന്? ഓ..അത് സ്ത്രീധനമല്ലല്ലോ ‘അറിഞ്ഞു കൊടുക്കുന്നതല്ലേ’.
ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒരു വിഭാഗം നമ്മളെപ്പോലുള്ളവരെ ഫെമിനിച്ചി എന്നു ഓമനപ്പേരിട്ടു വിളിക്കുന്നത് കാണാറുണ്ട്. പക്ഷെ പറഞ്ഞു വരുന്നത് ഇത്ര മാത്രമാണ്. വിവാഹം ആർഭാടമാക്കണോ അതോ ലാളിതമാക്കണോ എന്നുള്ളത് ഓരോരുതരുടെയും വ്യക്തിപരമായ തീരുമാനമാണെന്നതിൽ സംശയമില്ല. വ്യക്തി സ്വാതന്ത്രത്തിൽ കടന്നു കയറുക എന്നല്ല ഇതിലൂടെ ഉദേശിക്കുന്നത്, പക്ഷെ കാലങ്ങളായി ചിലർ കൈമാറി വരുന്ന ഈ തരം ആചാരങ്ങൾ ഒരു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആ വഴി നടക്കുവാൻ നിർബന്ധിതരാക്കുന്നു എന്നതാണ് ദുഖകരമായ വസ്തുത. ഇനി വിപ്ലവപരമായ ഒരു മാറ്റത്തിന് ആരൊക്കെ മുതിരും? ആദ്യം മറ്റൊരാൾ ചെയ്താൽ മാത്രം ആ മാറ്റത്തെക്കുറിച്ചു ചിന്തിക്കുന്നവരാണ് പൊതുവെ നമ്മൾ മലയാളികൾ, അപ്പോൾ പിന്നെ ഇതുപോലെ കലാന്തരങ്ങളായി കൈമാറി വരുന്ന ഇതുപോലുള്ള ‘ആചാരങ്ങൾ’ തകർത്തെറിഞ്ഞു മുന്നോട്ടു പോകാൻ ആരും തന്നെ തുനിയാതെയാവുന്നു. സ്വയം ശപിച്ചു കൊണ്ടു മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ജീവിക്കുന്നു. ഇനിയിപ്പോൾ പരാതികൾ വനിതകമ്മീഷനിലെത്തിക്കാം എന്ന അവസാന പ്രതീക്ഷയും തകർക്കുന്ന തരത്തിലുള്ള അത്യന്തം വേദനാജനകമായ പ്രതികരണമാണ് നമ്മുടെ അധ്യക്ഷയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രീയ സാമ്പത്തിക മേഖലകളിൽ പൊൻതൂവൽ അണിയുമ്പോളും പെണ്ണ് ‘വെറും പെണ്ണാ’യി മാത്രം ചുരുങ്ങിപ്പോകുന്ന ഈ സമൂഹം പുരോഗമിച്ചു എന്നു പറയുന്നതിൽ എന്തർത്ഥം?
നാഴികയ്ക്ക് നാൽപ്പതു വട്ടം പെണ്ണ് തീയാകണം, സ്ത്രീ തന്നെ ആണ് ധനം എന്നു പറഞ്ഞത് കൊണ്ടു മാത്രമെന്ത് നേട്ടം? അപ്പോളും നമ്മൾ ചർച്ച ചെയ്യാതെ പോകുന്ന പല കാര്യങ്ങളുമുണ്ട്. ഒരു സ്ത്രീ വീട്ടിൽ അനുഭവിക്കുന്ന ചില നോർമലൈസ്ഡ് കാര്യങ്ങളാണവ. അത് രാവിലെ ഉണരുന്നത് മുതലുള്ള അവരുടെ ദിനചര്യകളിൽ നിന്നാണ് ആരംഭിക്കുന്നത്. ഭക്ഷണ കാര്യങ്ങൾ, ശുചീകരണം, മക്കളുടെ കാര്യങ്ങൾ അങ്ങനെ പോകുന്നു നീണ്ട നിര. എത്ര പുരുഷന്മാർ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് രാവിലത്തെ ഭക്ഷണത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നു? എത്ര പേർ മക്കളെ കുളിപ്പിക്കുന്നു? ജീവിതത്തിൽ ബാത്രൂം അല്ലെങ്കിൽ ടോയ്ലറ്റ് കഴുകേണ്ടി വന്നവർ എത്രയുണ്ട്? ഇതൊക്കെ സ്ത്രീകൾ മാത്രം ചെയ്യുന്നു എന്നുള്ളതല്ല.. പക്ഷെ എങ്കിലും യാഥാർഥ്യം വ്യക്തമാണ്. ആരാണിവ സ്ത്രീകളുടെ ഉത്തരവാദിത്തം ആക്കിയത്? ജോലിക്ക് പോകുന്ന സ്ത്രീ ആണെങ്കിലും വീട്ടുജോലി പെണ്ണിന് തന്നെ. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും അവരുടെ കുഞ്ഞു തെറ്റുകൾ കണ്ടെത്തി മറ്റുള്ളവരുടെ മുൻപിൽ പോലും അധിക്ഷേപിക്കുന്ന പുരുഷ കേസരികൾക്ക് ഇന്നും കേരളക്കരയിൽ പഞ്ഞമില്ല എന്നതാണ് വാസ്തവം, കൂടെ ഒരിക്കലും ഫീൽഡ് ഔട്ട് ആവത്തൊരു ‘ഫ്രഷ്’ ഡയലോഗും ,”നിനക്കെന്താ ഇവിടെ പണി ” എന്നും.
മാറ്റം തുടങ്ങേണ്ടത് നമ്മുടെ വീടുകളിലും, വിദ്യാഭാസരീതിയിലുമാണ്. സ്വയം പര്യാപ്തരാക്കുക, നമ്മുടെ മക്കളെ. അവർ ജൻഡർ പ്രിവിലെജുകളുടെ മത്തിൽക്കെട്ടുകൾ തകർത്ത് നല്ല മനുഷ്യരായി വളരട്ടെ.. സ്ത്രീധനം ചരിത്രത്തിലെ ഒരു കറുത്ത ഏട് മാത്രമാവട്ടെ! നമ്മുടെ ജീവിതത്തിനും സന്തോഷത്തിനും വിലങ്ങുതടിയാവാൻ മറ്റുള്ളവർക്കെന്താവകാശം? ആരാണ് നമ്മുടെ സ്വപ്നങ്ങളെ നിയന്ത്രിക്കേണ്ടവർ?ഇടുങ്ങിയ ചിന്തകൾ മാറ ട്ടെയെന്നു നമുക്ക് പ്രത്യാശിക്കാം. ഒരുപക്ഷേ വളരെ സഹവർത്തിത്തോടെ ജീവിക്കുന്ന കുടുംബങ്ങൾക്ക് ഈ എഴുത്ത് വെറുമൊരു അതിശയോക്തി ആയി തോന്നിയേക്കാം.. പക്ഷെ സഹോദരങ്ങളെ, “പെൺകുട്ടികൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലികൾ” ഇവിടെ കുറച്ചൊന്നുമല്ല !
ഇത്തരം കാര്യങ്ങളിൽ മിക്ക സ്ത്രീകളും മൗനം പാലിക്കുന്നു. ഇത് നമ്മുടെ കടമ മാത്രമാണെന്നുള്ള ഒരു ചിന്ത പലരിലും അടിയുറച്ചിരിക്കുന്നു. ‘ഫെമിനിസ്റ്റ്’ എന്നാൽ സ്ലീവ്ലെസ് ബ്ലൗസും, സാരിയും, പൊങ്ങച്ചസഞ്ചിയും എടുത്തു വലിയ പൊട്ടു തൊട്ട കുറച്ചു കഥാപാത്രങ്ങളാണ് പല മലയാളിക്കുമിന്നും. നമ്മുടെയൊക്കെ ജീവിതത്തിൽ തൊണ്ണൂറുകളിലേ ചില കച്ചവട സിനിമ സ്വാധീനിച്ചതിന്റെ ഒരു ഫലം മാത്രമാണിത്. ഇത് സ്ത്രീയുടെ സമത്വത്തിനു വേണ്ടിയാണെന്ന സത്യം ഈ സമൂഹം മുഴുവൻ ഉൾക്കൊള്ളുന്ന ഒരു കാലം വിദൂരമാവതിരിക്കട്ടെ.