
വൻകരകൾ

സീന ജോസഫ്
ചില മനുഷ്യർ അങ്ങനെയാണ്…
മുങ്ങിക്കയറിയ ആഴങ്ങൾ
മറ്റാരും അറിയരുതെന്ന്
അവർക്ക് നിർബന്ധമാണ്
കണ്ണുകളിൽ തിളങ്ങുന്നത്
പ്രതീക്ഷയെന്ന് തോന്നും
വേഷം മാറിയ അഗ്നിയാണ്
ഉള്ളിൽ ഒളിച്ചു പാർക്കുന്നത്
മഞ്ഞു മലകളെന്നു തോന്നും
മിടിക്കുന്ന അഗ്നിപർവ്വതങ്ങളാണ്
ചില മനുഷ്യർ അങ്ങനെയാണ്…
ഒത്തിരി സ്വപ്നങ്ങൾ കാണും
ഒരുപാട് മോഹങ്ങൾ സ്വരുക്കൂട്ടും
മുറിപ്പെട്ട ഓർമകൾ വാരിക്കൂട്ടി തീയിടും
എരിയുന്ന ചിതയ്ക്ക് മേലെ
വീണ്ടും വീടൊരുക്കും
തീയാളാതിരിക്കാൻ, കാറ്റിനെ കെട്ടിയിടും
ചില മനുഷ്യർ അങ്ങനെയാണ്,
എല്ലാരോടും കൂടെയായിരിക്കുമ്പഴും
അവനവൻ യാത്രകളിൽ മുഴുകിപ്പോകും
വൻകരകൾ പോലെ ചില ഒറ്റമനുഷ്യർ..!