
കിന്റ്സുഗി*

സീന ജോസഫ്
പൊട്ടിയടര്ന്നവനും
വിണ്ടു കീറിയവനുമായാണ്
അവള്‍ക്ക് അവനെ കണ്ടുകിട്ടിയത്
‘വീണ്ടെടുക്കാന്‍
ഇനിയൊന്നും ബാക്കിയില്ല
ചവറ്റു കൂനയിലുപേക്ഷിക്കൂ’
അവന് നിലവിളിച്ചു
നുരഞ്ഞു പൊങ്ങുന്ന
നോവും നിരാശയും
അവളുടെ
സൂക്ഷ്മമാപിനിക്കണ്ണുകള്
അളന്നെടുത്തു
നിലാവില്
കുളിച്ചു കയറിയ
രാത്രി പോലെ, അവള്
അവനെ പുതച്ചു പിടിച്ചു

മുറിവുകള്‍
ഊതിയാറ്റി, അവന്റെ
അശാന്ത നിദ്രയ്ക്കു മേല്‍
നെടുവീര്‍പ്പുകളുടെ
താരാട്ട് ചുരത്തി
സ്വന്തം ഹൃദയം
ചുരണ്ടി, ചാലിച്ചെടുത്ത
സ്വര്ണ്ണക്കൂട്ടു കൊണ്ട്
അവന്റെ പൊട്ടിയടര്പ്പുകള്
ഒട്ടിച്ചു ചേര്‍ത്തു.
‘ദൈവം തീര്‍ച്ചയായും ഉണ്ടാവണം,
ഞാന്‍ നിന്നെ കണ്ടെത്തിയല്ലോ’
മടങ്ങുമ്പോള്‍
പുറം കയ്യിലൊരുമ്മ പാകി അവന്!
തന്റെ നെഞ്ചിലെ
പൊട്ടുപൊടികള്‍
അവനെ ഇത്രയധികം
പൂര്ണ്ണനാക്കിയിരിക്കുന്നല്ലോ
കണ്ണ് നീറിയെങ്കിലും
കരള്‍ കീറിയെങ്കിലും
അവള് ചിരിച്ചു തന്നെ നിന്നു
Kintsugi* is the Japanese art of putting broken pottery pieces back together with gold – built on the idea that in embracing flaws and imperfections, you can create an even stronger, more beautiful piece of art.