
ഹേ പ്രണയമേ

സച്ചിദാനന്ദന്
ഹേ പ്രണയമേ, കണ്ണു
പൊത്തി നീ നടത്തുന്നു
ഗൂഢമായ് വളവുറ്റ
പാതകളിലൂടെന്നെ.
ഓരോരോ തിരിവിലും
കൈകള്‍ മാറ്റുന്നൂ, കാണ്മു
കാണാത്ത മനങ്ങള്‍ ഞാന്‍,
ചിന്തകള്‍, വികാരങ്ങള്‍
ഞാനിന്നുമറിയാത്തോ-
രെത്രയോ രഹസ്യങ്ങ-
ളാണിനിപ്പെണ്ണിന് മെയ്യി-
ലുള്ളിലും കിനാവിലും.
പോരൊരു ജന്മം കാണാന്‍
സര്‍വ്വവും, ചിതയിലും
നീറിടാമെന്നാകാംക്ഷ,
കെടാത്ത കാമം പോലെ.
നീയന്യരാജ്യം, നിന്റെ
ഭൂമിശാസ്ത്രത്തില്‍ നീളെ-
ദ്ദ്വീപുകള്, കയമാര്ന്ന
പുഴകള്‍, മലകളും
പേരറിയാത്തോരെത്ര
പൂവുകള്‍, ശലഭങ്ങള്‍,
കാടുകള്‍- കടുവയു-
മാനയും മേയുന്നവ.
എത്രയോ ജന്മം വേണ-
മിനിയും നിന്നില്‍ മുങ്ങി-
ത്തപ്പുവാന്, ഗുഹകള്‍ തന്
പവിഴം കണ്ടെത്തുവാന്‍!
എത്രയുണ്ടിനി വഴി,
എത്രയുണ്ടിനിത്തിരി-
വെത്രയുണ്ടരുവികള്
നീന്തിടാന്‍, കിതയ്ക്കുവാന്‍?
കേട്ടിരിക്കുന്നൂ വിര-
ലടയാളമോരോന്നും
തീര്ത്തുമേയനന്യമെ-
ന്നെന്‍ ചെറുപ്പത്തില്‍ തന്നെ.
എങ്കിലും കാലം പോകെ
ഞാനറിയുന്നൂ, ഓരോ
പെണ്ണുടല്‍, പെണ്ചിത്തവു-
മത്രയുമനന്യമേ!
ഹേ പ്രണയമേ, അന്തി
ചാഞ്ഞു, രാവിനു മുന്നേ
കാതമെത്രയോ താണ്ടാന്‍,
ഭൂവൊരു വട്ടം ചുറ്റാന്‍!