
വെളുത്ത കുതിരകളുടെ രഥങ്ങൾ

സഞ്ജയ് നാഥ്
കാറ്റിന് പോലും തുറക്കാനാവുന്ന
വാതിലുകളുള്ള വീടുകൾ.
പൂത്ത ചോളപ്പാടങ്ങൾക്ക്
നടുവിലെ നോക്കുകുത്തികൾ.
തുറന്ന് വെളിപ്പെട്ട വീട്ടിൽ നിന്നും
കാറ്റിറങ്ങിപോകുന്ന വൈകുന്നേരങ്ങളിൽ
ചെമ്മണ്ണ് പാതകളിലൂടെ
തീവണ്ടിയൊച്ചകൾ കേട്ടു തുടങ്ങും.
ചുവന്ന ഒരു ചേലയുമായി
കാറ്റ് കയറിവന്ന് അവളെ പുതയ്കും.
പാൽക്കാരൻ ജസ്വന്ത് ,
ട്രാക്റ്ററോട്ടുന്ന രൺവീർ,
ഒപ്പം പഠിച്ച സുഖ് വീർ
ഇവരുടെ ഗന്ധങ്ങൾ കലർന്ന
പട്ടുചേല അവളെ ശ്വാസംമുട്ടിയ്കും.
കുതിരക്കുളമ്പടിയൊച്ചയും
ആവിയന്ത്രത്തിന്റെ കിതപ്പും
ചേർന്നൊരാലസ്യം അവൾ അനുഭവിച്ചത്
ആ പട്ടുചേല ചുറ്റിയപ്പോഴായിരുന്നു.
വെളുത്ത കുതിരകളുടെ രഥങ്ങൾ
വെളുത്ത കൊടികൾ
വെളുത്ത ചിരികൾ
വെളുത്ത വസ്ത്രങ്ങൾ
സർവ്വവും ചുറ്റിവരിയുന്ന
വെളുപ്പിന്റെ ലോകം.
അവ മനസ്സിലാകാത്ത ഭാഷയിൽ
അവളോട് കയർക്കും.
അവളുടെ ദേഹത്തേക്ക്
തീവണ്ടികൾ പായിച്ചു വിടും.
അമ്മയൊരു തകർന്ന ചോളക്കതിർ പോലെ
അവളെ പൊതിഞ്ഞു കിടക്കും.
കാറ്റിനു പോലും തുറക്കാനാവുന്ന
വാതിലുകളുള്ള വീട് അവൾക്ക്
ചുറ്റും വെറുതേ നാണിച്ച് നിൽക്കും.
കാറ്റപഹരിച്ച അവളുടെ
കറുത്ത കണ്ണുകൾ,മനസ്സ്
അമ്മയെന്ന ചോളക്കതിരിന്
മീതേ പെയ്യാൻ തുടങ്ങും.
കറുത്ത പുഷ്പങ്ങൾ മാത്രം
പൂക്കുന്ന പാടങ്ങളിലേക്ക്
അവൾ നടക്കുന്നത് നോക്കി
വീട് വെറുതേ നിൽക്കും.