
പ്രണയദിനമുണ്ടാകുന്നത്

സന്ധ്യ ഇ
വേനലിൽ നഗരമധ്യത്തിൽ അവനോടൊപ്പമലയവേ
അവൾക്ക് കാടു കാണണമെന്ന് അതിയായ മോഹമുദിച്ചു.
“ഇവിടെയോ , കാടോ “
എന്നവൻ ചോദിച്ചില്ല
“പോകാം”എന്നു പറഞ്ഞു
അവൻറെ ഇടംകൈ അവളുടെ വലംകൈയോടു ചേർത്തു
കണ്ണിലേക്ക് പ്രണയത്തോടെ നോക്കി.
പതിയെപ്പതിയെ ഇരുവശവും പച്ചപ്പു തെളിഞ്ഞു
ചെറിയ നടപ്പാതകളും മെലിഞ്ഞ കാട്ടരുവികളും കാണായി
വൻമരങ്ങൾ ധൃതിയിൽ കൂട്ടുകാരോടൊപ്പം വന്ന് അരികിൽ നിൽപ്പായി
ഓമനിച്ചു വളർത്തുന്ന തോട്ടങ്ങളിൽ നിന്ന്
വള്ളിച്ചെടികൾ സ്വയം വേരോടെ പിഴുത് മരങ്ങളിൽച്ചുറ്റി.
കൂടുകൾ തകർത്ത് തത്തകളും പഞ്ചവർണ്ണക്കിളികളും
നാടുവിട്ടുപോയ മൈനകളും കുയിലുകളും തിരിച്ചെത്തി.
മൃഗശാലകൾ തുറക്കപ്പെട്ട്
കടുവയും സിംഹവും കാട്ടുപോത്തും കരടിയും
അവരെ നോക്കിച്ചിരിച്ച് കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.
കടിക്കാത്ത പാമ്പുകൾ ഊഞ്ഞാലുകൾ തീർത്തു
പുഷ്പോത്സവങ്ങളിൽനിന്ന് ഓടിക്കിതച്ചെത്തിയ
പൂക്കളെമ്പാടും തുള്ളിക്കളിച്ചു
സുഗന്ധച്ചെപ്പുകളുടെ മൂടികൾ തുറന്ന്
മണങ്ങൾ അതാത് പൂക്കളിൽ പോയിരുന്നു.
മിനറൽ കുപ്പികൾ പൊട്ടിച്ചിറങ്ങിയ വെള്ളം
തടാകങ്ങൾ സൃഷ്ടിച്ചു
അവിടെയൊക്കെ താമര പൂത്തു
അവനവവൾക്കായുണ്ടാക്കിയ കാട്
അവർ പോകുന്നിടത്തൊക്കെയൊപ്പം പോയി.
അന്നായിരുന്നു അവരുടെ
വാലൻ്റയിൻസ് ഡേ.