
തലക്കെട്ടില്ലാത്ത കവിതകള്‍

സനല്‍ ഹരിദാസ്
ആണുങ്ങളെ കൂടുതല്‍ ആണാക്കുന്നത് കൊളോണെന്ന് അവള്
ആണിന് മൃദുവശ്യതയേ പുറമേയേല്പിക്കാവൂ
അല്ല, നൂറുരൂപാ കുപ്പിയിലെ റമ്മെന്നു ഞാന്‍
അവള് പിരിഞ്ഞുപോയ തന്റെ പാട്ണറോട് കൂടൂതല്‍ ചേര്ന്നിരിക്കുകയാവണം
ഞാന്‍ ഡി അഡിക്ഷന് കഴിഞ്ഞ അച്ഛനോടും
കാമുകിയുടെ അച്ഛമ്മ മരിച്ചതിന്റെന്നു വൈകീട്ട് ആളധികമില്ലാത്തൊരു പാതയില്‍ നടക്കേയായിരുന്നു നിന്റെയാ ചോദ്യം :
‘നമുക്കാ പണിതീരാത്ത വീട്ടില്‍ കേറിയാലോ’
അന്നത്തെ ഞാന്‍ പകച്ചു
പിന്നെയൊരു കെട്ടും ഇടക്കെട്ടും വേണ്ടിവന്നു എനിക്ക് നിന്നെ കിട്ടാന്‍
നിന്റെ ഹാന്ഡ്ജോബുകളെ മറ്റെല്ലാ സുരതങ്ങളേക്കാളുമുപരി ഞാന്‍ രുചിച്ചു
ഞാന്‍ മൂക്കുന്നതും കായ്ക്കുന്നതും അഴുകുന്നതും നീ കണ്ടു
പിന്നെയും പിന്നെയും തിരിഞ്ഞുനോക്കാതെത്തന്നെ നീ പോയി
മറ്റേതോ കാലഗണനയില്‍ ഇതായെന്റെ തളിര്‍പ്പ്
വീട്ടിലാരും അയാളോട് സഹതപിച്ചില്ല
അവരുടെ സംഭാഷണത്തില്‍ ആരാധന പോലും കലര്‍ന്നിരുന്നു
‘രാവിലെ നെല്ല് ഇറക്കാന്‍ പോയി
പിന്നെ ഒരു ഓട്ടോ വാടകയ്ക്കും
പിന്നെയാണ് മാളില്‍ ടൈലിറക്കാന് പോയത്
ടൈല്‍സിന്റെ അട്ടി നെറ്റിയില്‍ തറഞ്ഞാണ് മരിച്ചത്
പക്ഷേ എന്താ, ദിവസവും ആയിരങ്ങള്‍ ഉണ്ടാക്കുന്ന മനുഷ്യനായിരുന്നു’
ഞാന്‍ മാത്രം അയാളെ ചക്കില്‍ കുരുങ്ങി മരിച്ച കാളയെപ്പോലെയോര്ത്തു
സഹതപിച്ചു !