
ഇത് മേളയുടെ ജനകീയ രജത ജൂബിലി

സജിത മഠത്തിൽ / ജിഷ്ണു രവീന്ദ്രൻ
തിരുവനന്തപുരത്ത് പ്രൗഡ ഗംഭീരമായി നടക്കേണ്ടിയിരുന്ന iffk യുടെ 25ആം പതിപ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ നാലിടങ്ങളിലായാണ് നടക്കുന്നത്. ഇത് ഒരു ജനകീയമായ രജത ജൂബിലി ആഘോഷമായി മാറിയോ?
കോവിഡിന്റെ പശ്ചാത്തലത്തിൽ നടക്കില്ല എന്ന് വിചാരിച്ച ഫെസ്റ്റിവൽ എങ്ങനെ ഈ സാഹചര്യത്തിൽ നടത്താം എന്ന ചോദ്യത്തിന് ഞങ്ങൾ ഒരുമിച്ച് കണ്ടെത്തിയ ഉത്തരമാണ് നാലിടങ്ങളിലായി നടത്തുക എന്നത്. ഇത് എങ്ങനെയാവും എന്ന പേടി എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തലശ്ശേരിയിൽ മൂന്നാം ദിവസമാകുമ്പോൾ വിചാരിച്ചതിലും ഭംഗിയായി തന്നെയാണ് മേള നടക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആവേശം നമുക്ക് ഇവിടേക്കും എത്തിക്കാൻ കഴിഞ്ഞു. ആളുകളെ എജ്യൂക്കേറ്റ് ചെയ്യുക എന്നൊരു ഉദ്ദേശവുമുണ്ടല്ലോ മേളയ്ക്ക്. അങ്ങനെ നോക്കിയാൽ പലയിടങ്ങളിലായി ഇത്തവണ മേള നടക്കുന്നത് വളരെ നല്ല കാര്യമാണ്.
ഇത്തരം ഇവന്റ്കളൊന്നും സാധാരണ കോഴിക്കോടിന് ഇപ്പുറം വരാറില്ല. അത്കൊണ്ടാണോ തലശ്ശേരി തിരഞ്ഞെടുത്തത്? അതോ മേള നടത്തുന്നതിന്റെ സൗകര്യം നോക്കിയാണോ?
മേള നടത്താൻ നല്ല തീയേറ്ററുകളാണ് അത്യാവശ്യം. ഇവിടെ ഇങ്ങനെ ഒരു കോംപ്ലക്സിൽ ഇത്രയും സ്ക്രീനുകൾ ഉള്ളതുകൊണ്ട് തന്നെയാണ് തലശ്ശേരി തിരഞ്ഞെടുത്തത്. എന്നാൽ ആ തിരഞ്ഞെടുപ്പിന് മറ്റുമാനങ്ങൾ കുടി വരികയാണ്. സിനിമാ പ്രവർത്തകർക്കും അവരുടെ തൊട്ടടുത്തുള്ള മേളയിൽ പങ്കെടുക്കാനുള്ള ആവേശം കാണുന്നുണ്ട്. കാഞ്ഞങ്ങാടും മറ്റുമുള്ള ആളുകൾ തലശ്ശേരിയിൽ വരുന്നു. മറ്റൊരു സംഘം എറണാകുളത്ത് വരുന്നു. ‘ബിരിയാണി’, ‘വാസന്തി ‘പോലുള്ള ചെറിയ സിനിമകൾക്ക് ഇത് വലിയ സാധ്യതയാണ്. ഒരു പക്ഷെ തിയേറ്റർ റിലീസ് ചെയ്യാൻ കഴിയാതെ പോകുന്ന സിനിമകൾക്ക് കേരളത്തിൽ ഇത്രയധികം സ്ക്രീനുകൾ കിട്ടുന്നു എന്നത് പുതിയ സിനിമാക്കാർക്ക് വലിയ ആവേശം നൽകുന്ന കാര്യമാണ്.
പാന്റമിക്ക് അവസ്ഥയിൽ ഏറ്റവും കൂടുതൽ വീട്ടിൽ കുടുങ്ങിപ്പോയവർ സത്രീകളായിരുന്നു. അതുകൊണ്ട് തന്നെ ജീവിതം പതുക്കെ നീങ്ങി തുടങ്ങിയ ഈ സമയത്ത് നടക്കുന്ന ഫെസ്റ്റിവലിൽ സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നത് പ്രധാനപ്പെട്ട കാര്യമല്ലേ ?
എല്ലാ സ്ഥലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം നല്ലരീതിയിൽ തന്നെയുണ്ട്. തിരുവനന്തപുറത്തൊക്കെ ആളുകൾ പേടിച്ചിരുന്നെങ്കിലും മേളയിൽ നല്ലോണം സ്ത്രീകളുണ്ടായിരുന്നു.
ഈ വർഷം മേളയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു എക്സിബിഷൻ നടക്കുന്നുണ്ട്. താങ്കളുടെ കണ്സെപ്റ്റ് ആണ് അത് എന്ന് മനസിലാക്കുന്നു. അതിനെ കുറിച്ച് പറയാമോ?
എല്ലാ വർഷങ്ങളിലും മേളയുടെ ഭാഗമായി എക്സിബിഷനുകൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം അതൊന്നും നടക്കില്ല എന്ന് വിചാരിച്ചതായിരുന്നു. അവസാന നിമിഷമാണ് എല്ലാവർക്കും ഇങ്ങനെ ഒന്നു ചെയ്യാമെന്നു തോന്നിയത്. വളരെ പെട്ടന്നാണ് ഇത് ചെയ്തത്. ഇരുപത്തഞ്ച് വർഷത്തെ ഫെസ്റ്റിവൽ ആണല്ലോ വേണ്ടത്. അത് കാണാൻ വരുന്നവർ പലതരത്തിലുള്ളവരാണ്. ചിലർ ചിത്രങ്ങൾ മാത്രം കണ്ടുപോകുന്നവർ. മറ്റുചിലർ വിശദമായി വായിച്ച് കുറിച്ചു കൊണ്ടുപോകുന്നവർ. ഇവർക്കെല്ലാം വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഓരോ സെക്ഷനിലും ഇരുപത്തഞ്ച് വർഷങ്ങളും കാണാൻ കഴിയും.
Iffk യുടെ ഓപ്പൺ ഫോറം, കേരളം മുഴുവൻ പടർന്നുപിടിച്ച പല ചർച്ചകൾക്കും തുടക്കം കുറിച്ച വേദിയാണ്. ഇന്നലെ ചർച്ചചെയ്ത വിഷയം OTT റിലീസ് ആണ്. അതിന് മുമ്പ് ഈ വർഷത്തെ ഫെസ്റ്റ് പ്രദേശികമായതിനെ കുറിച്ചാണ്. ഈ വിഷയങ്ങളിലെല്ലാം വിവാദങ്ങൾക്ക് ഇട കൊടുക്കാതിരിക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നപോലെ തോന്നുന്നു.
അങ്ങനെ മനപ്പൂർവ്വം വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചിട്ടൊന്നുമില്ല. ഈ വിഷയങ്ങളിൽ തന്നെ തിരുവനന്തപുരത്തും എറണാകുളത്തും വഗ്വാദങ്ങളുണ്ടായിട്ടുണ്ട്. പിന്നെ പാനലിസ്റ്റുകൾക്കും പങ്കെടുക്കുന്ന ആളുകൾക്കുമനുസരിച്ച് അത് മാറും. മുൻവർഷങ്ങളിൽ തിരുവനന്തപുരത്ത് ശക്തമായ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും മീറ്റ് ദി പ്രസ്സിലാണ് അത്തരം ചർച്ചകൾ ഉണ്ടാകാറുള്ളത്.
താങ്കളുടെ ‘അരങ്ങിലെ മത്സ്യഗന്ധികൾ’ എന്ന നടകത്തിനാണല്ലോ ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. Iffk ക്ക് പങ്കെടുക്കുക എന്നത് ആളുകളുടെ സ്റ്റാറ്റസിന്റെ ഭാഗമാണ്. എന്നാൽ ഈ ആവേശം നാടകങ്ങളുടെ കാര്യത്തിൽ പൊതുജനത്തിനില്ല. കുറച്ചുകാലങ്ങൾക്കു മുമ്പ് ‘ഖസാക്കിന്റെ ഇതിഹാസം’ നടകമാക്കിയപ്പോൾ കിട്ടിയ സ്വീകാര്യത ഒരു വേവ് ആയി മാറുമെന്ന് കരുതിയിരുന്നു. എങ്ങനെയാണ് കേരളത്തിലെ നാടകപ്രവർത്തനത്തെ ഇന്ന് വിലയിരുത്തുന്നത്?
നാടകത്തിന് എല്ലാ കാലത്തും ആളുകളുണ്ടായിരുന്നു. എന്നാൽ സിനിമ പോലെ പോപുലർ ആകാൻ നാടകത്തിന് ഒരുപാട് തടസ്സങ്ങളുണ്ട്. ഏറ്റവും വലിയ പ്രശ്നം ഫണ്ടാണ്. സിനിമയിൽ വരുന്നതിന്റെ ഒരു ശതമാനം ഫണ്ട് പോലും നാടകത്തിൽ വരുന്നില്ല. കേരളത്തിലെ നാടകങ്ങളുടെ ചരിത്രം ഖസാക്കിന് മുൻപും ശേഷവും എന്ന് തരംതിരിക്കേണ്ടി വരും. നല്ല പ്രൊഡക്ഷൻ ആണെങ്കിൽ, കൃത്യമായി ആളുകളിലേക്കെതിക്കാനുള്ള മാർഗ്ഗങ്ങളുണ്ടെങ്കിൽ, ആളുകൾ പൈസ മുടക്കി നാടകം കാണാൻ വരും എന്ന് ഖസാക്ക് മനസിലാക്കിത്തന്നു.
അടുത്ത തവണ തിരുവനന്തപുരത്ത് ഫെസ്റ്റിവൽ നടക്കുമ്പോൾ കണ്ണൂരും കാസർഗോടുമുള്ള ഒരുപാട് പുതിയ പ്രേക്ഷകർ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും. ഫെസ്റ്റിവലിന്റെ ഊർജ്ജം എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. തിരുവനന്തപുരത്തെ അതേ ആവേശത്തിലേക്ക് ആളുകൾ എത്തി. അതുകൊണ്ടുതന്നെ അടുത്ത വർഷം മേളയിൽ പുതിയ പ്രേക്ഷകർ ഒരുപാട് ഉണ്ടാകുമെന്ന് കരുതുന്നു.