
‘ബിരിയാണി’യിൽ എന്റെ രാഷ്ട്രീയമുണ്ട്’ – സജിൻ ബാബു

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കനി കുസൃതി നേടിയത്തിലൂടെ കേരളത്തിൽ മുഴുവൻ ചർച്ചചെയ്യപ്പെട്ട സിനിമയാണ് ബിരിയാണി. ആ സിനിമയുമായാണ് സ്ഥിരം iffk പ്രേക്ഷകനായിരുന്ന സജിൻ ബാബു ഇത്തവണ മേളയ്ക്കുവന്നത്. ആദ്യ സിനിമയായി ചെയ്യണമെന്ന് വിചാരിച്ചിരുന്ന ബിരിയാണി മൂന്നാമത്തെ സിനിമായയാണ് പുറത്തുവരുന്നത്. സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ ഖദീജയായി സജിൻ മനസ്സിൽ കണ്ടത് കനിയെയാണ്. മറ്റു പലരെയും പരിഗണിച്ചിരുന്നെങ്കിലും അവസാനം കനിയിൽ തന്നെ അയാൾ തിരിച്ചെത്തി.
ബിരിയാണി സ്ക്രീൻ ചെയ്തതിനു ശേഷം നടന്ന സംവിധായകനുമായുള്ള ചോദ്യോത്തര വേളയിൽ ഒരുപാട് പ്രതികരണങ്ങൾ വന്നിരുന്നു. ഈ സിനിമ ഫെസ്റ്റിവലുകളിൽ മാത്രമായി ഒതുങ്ങാതെ പുറത്തേക്കെത്തിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് വളരെ ആശങ്കയോടെ ഒരാൾ ചോദിച്ചതും അതിനുള്ള ഉത്തരവും രസകരമായിരുന്നു. അൻപതിലധികം ഫെസ്റിവലുകളിൽ പങ്കെടുത്ത സിനിമ മാർച്ചിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ പറഞ്ഞത് ആളുകൾ കരഘോഷത്തോടെ സ്വീകരിച്ചു. ഇത്രയും ഓപ്പൺ ആയി സെക്സും സ്വയംഭോഗവുമെല്ലാം കാണിച്ചത് വിഷയത്തിന്റെ തീവ്രത നഷ്ടപെടാതിരിക്കാനാണോ എന്ന ചോദ്യത്തിന് കാണികളിൽ നിന്ന് ഒരാൾ, “അങ്ങനെയുള്ള സിനിമകളും വരട്ടെ ഭായി” എന്ന് വിളിച്ചു പറഞ്ഞപ്പോൾ ആളുകൾ ചിരിച്ചും കയ്യടിച്ചും അതിന്റെ കൂടെ കൂടി. “ഇവിടെ തന്നെ കാണിക്കുന്ന മറ്റു പല സിനിമകളിലും ന്യൂഡിറ്റി കാണുമ്പോൾ ഉയരാത്ത ഈ ചോദ്യം എന്തുകൊണ്ട് മലയാളം സിനിമായകുമ്പോൾ ഉയരുന്നു” എന്ന് സംവിധായകനും തിരിച്ചു ചോദിച്ചു. തമിഴ്നാട്ടിലെ അത്താങ്കരയെന്ന സ്ഥലത്തുള്ള ദർഗ്ഗയിൽ ഷൂട്ടിങ്ങിനിടയിലുണ്ടായ പ്രതിസന്ധികളും, വളരെ ബുദ്ധിമുട്ടി സിനിമ ചെയ്തുതീർത്തതിനെ കുറിച്ചും സംവിധായകൻ പറഞ്ഞു. ട്രസ്റ്റ് നേരത്തെ നൽകിയ അനുവാദം പിന്നീട് പിൻവലിച്ചതും, അവരറിയാതെ ക്യാമറ തോർത്തു കൊണ്ടു മൂടി ആക്ഷൻ പറയുന്നതിന് പകരം പേരു വിളിച്ചുപറഞ്ഞുമൊക്കെ സിനിമ തീർത്തതിനെ കുറിച്ച്.

ഈ സിനിമ ഇസ്ലാമോഫോബിക് ആകുമെന്ന് ആശങ്കയുണ്ടായിരുന്നോ, സ്ക്രിപ്റ്റിങ്ങിൽ അത് ശ്രദ്ധിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ സജിൻ ഇങ്ങനെ പറഞ്ഞു, “മറ്റു രാഷ്ട്രീയങ്ങൾ എന്നെ ബാധിക്കുന്നില്ല, എന്റെ രാഷ്ട്രീയം ഫിലിം മേക്കിങ്ങിന്റെ രാഷ്ട്രീയമാണ്. അത് നിങ്ങൾക്ക് എന്റെ സിനിമയിൽ നിന്ന് വായിച്ചെടുക്കാം.” ഈ മറുപടി അവസാനിച്ചതും ആളുകളെല്ലാം കയ്യടിച്ചു. സിനിമ എത്രത്തോളം രാഷ്ട്രീയമാകണം എന്ന ചർച്ചകൾ നടക്കുന്ന കാലത്ത് iffk പോലൊരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മറ്റു രാഷ്ട്രീയമൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മറുപടിക്ക് ലഭിക്കുന്ന കയ്യടികൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? രാഷ്ട്രീയമെന്ന വാക്ക് തന്നെ ഇവർ എങ്ങനെയാണ് വായിക്കുന്നത്? ആ സിനിമയ്ക്കുവേണ്ടി എടുത്ത എല്ലാ പ്രായത്നങ്ങളും ആ മറുപടിയിൽ ഇല്ലാതായതുപോലെ തോന്നി. മറ്റു ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമെല്ലാം മുകളിൽ ഈ വാചകം മുഴച്ചു നിന്നു.
-ജിഷ്ണു രവീന്ദ്രൻ.