
മണമുള്ള പവിഴവും മുത്തും

സജയ് കെ വി
മലയാളകാല്പനികതയുടെ അവസാനത്തെ സാന്ധ്യരശ്മിയും ചക്രവാളത്തിൽ നിന്നു മാഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനിയില്ല കണ്ണീരിനെ വീഞ്ഞാക്കി മാറ്റുന്ന കല്പനയുടെ ഇന്ദ്രജാലം, ആത്മാവിന്റെ സംഗീതം നിറഞ്ഞ വാങ്മയനിശ്വാസങ്ങൾ, പൂവിനും പുല്ലിനും കാടിനും കാട്ടാറിനും സൗന്ദര്യത്തിന്റെ അതീത പരിവേഷം ചാർത്തിക്കൊടുക്കുന്ന മധുര താദാത്മ്യത്തിന്റെ നിർവൃതികൾ, അഴലിന്റെ അഴക്, അലിവിന്റെ ഹരിതം, പ്രണയത്തിന്റെ കൃഷ്ണവർണ്ണം.
പറഞ്ഞു വരുന്നത് സുഗതകുമാരിയെപ്പറ്റിയാണ്. മലയാളകാല്പനികതയുടെ ഒരേയൊരു സ്ത്രൈെണാവതാരമായിരുന്നു അന്തരിച്ച മഹാകവയിത്രി. അന്നാ അഖ്മത്തോവയെപ്പോലെ ലിറി സിസത്തിന് – വൈപഞ്ചികത എന്ന് ആർ.വിശ്വനാഥൻ – സാന്ദ്രീകരണവൈഭവം കൊണ്ട് വജ്ര കാന്തി നൽകിയ മലയാളകവിതയിലെ അനന്യമായ ആലാപനസ്വരം. പ്രണയവും വാത്സല്യവും വിഷാദവും ദീപ്തമായ ലാവണ്യബോധവും നൈതികതയുടെ ദൃഢകാന്തിയും ചേർന്ന് അപൂർവ്വമായ ഒരു മഴവില്ലിന്റെ ശബളതയാർജ്ജിച്ച ഭാവുകത്വമായിരുന്നു സുഗതകുമാരിയുടേത്. ഒരു കുഞ്ഞു പൂവിനെപ്പോലും വിടർന്ന മിഴികളോടെ കണ്ടു നിൽക്കുകയും മതിമറന്നുപാടുകയും ചെയ്യുന്ന പ്രകൃത്യുന്മുഖമായ സ്ത്രൈണ ചേതനയുടെ തളിർപ്പുകൾ. സുഗതകുമാരിക്കവിതയിലെ പൂക്കളും കിളികളും പ്രകൃതിമുദ്രകളും എണ്ണിയാലൊടുങ്ങാത്തവ. പവിഴമല്ലിയും കുറിഞ്ഞിയും ഏഴിലംപാലയും കൈതയും ആ കവിതയാൽ കൂടി അഴകും വശ്യതയും ഇരട്ടിച്ചവ. അക്കൂട്ടത്തിൽ ഒരു കവിതയിലേതാണ് – പവിഴമല്ലി – മുകളിൽ എടുത്തെഴുതിയ വരി. പവിഴമല്ലിയെ’ മണമുള്ള പവിഴവും മുത്തു’മായി പിരിച്ചെഴുതുകയാണ് കവി, കവിതയിലെ അവസാനവരികളിൽ –
‘പലതുള്ളി ക്കണ്ണീരു വീണു നനഞ്ഞൊരാ
കടലാസിൻ ശൂന്യമാം മാറിൽ
ഒരു പിടിവാക്കായി വീണു തിളങ്ങുന്നു മണമുള്ള പവിഴവും മുത്തും…..’
ഇതൊരു മാന്ത്രികപരിണാമമാണ്. ഒരു രാവിന്റെ ഹ്രസ്വമായ ആയുസ്സു മാത്രമുള്ള, പുലർച്ചെ മണ്ണിൽ വീണടിയുന്ന പാതിരാപ്പൂക്കൾക്ക് കവിയുടെ പ്രണയഭരിതവും ഏകാന്തവുമായ സ്ത്രൈണചേതനയിലൂടെ സംഭവിക്കുന്ന പരിണാമം. പ്രണയത്തിന്റെയും പവിഴമല്ലിപ്പൂക്കളുടെയും വാസനകൾ തമ്മിലലിഞ്ഞൊന്നാവുകയും അത് കവിതയിലെ വാക്കുകളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോൾ വാക്കുകൾ പൂക്കളാവുകയും ആ പൂക്കൾ മണമുള്ള പവിഴവും മുത്തും ആവുകയും ചെയ്യുന്നു. മണമുള്ള പവിഴം എന്ന് മലയാള കവിതയിൽ മറ്റാരും എഴുതിയിട്ടില്ല, മുത്തിന്റെ പരിമളം എന്നും. അനുഭവത്തിന് കാല്പനിക ഭാവന സമ്മാനിക്കുന്ന ലാവണ്യ പരിണാമമാണിത്. ദുഃഖവും കണ്ണീരും പ്രണയവും ഏകാന്തതയുമെല്ലാം മണമുള്ള വാക്കുകളായി, വാക്കിന്റെ പവിഴമായി മാറുന്ന പരിണാമം. ആ പരിണാമത്തെക്കുറിച്ചു കൂടിയാണ് ‘പവിഴമല്ലി’ എന്ന സുഗതകുമാരിക്കവിത. അനുഭൂതികൾ ഭാഷയിലൂടെയും ഭാവനയിലൂടെയും പരിവർത്തിച്ച് മണമുള്ള പവിഴ മായി മാറുന്ന സൗന്ദര്യലഹരീ പരിണാമം. ഇനി മലയാളകവിതയിൽ വാക്കുകൾ ഇങ്ങനെ മുത്തും പവിഴവുമായി മാറില്ല, അവയിൽ കല്പനികകവിത്വത്തിന്റെ വൈകാരിക ശോഭ സംക്രമിച്ച് അവ ജീവനുള്ള പവിഴവും മുത്തുമായി, മണക്കുന്ന വാക്കുകളായി മാറുകയുമില്ല. കാല്പനികതയ്ക്കു മാത്രമുള്ള സവിശേഷ സിദ്ധികളായിരുന്നു അവ.
ആ മന്ത്രികതയുടെ തിരോധാനം കൂടിയാണ് സുഗതകുമാരിയുടെ വിയോഗത്തോടെ നമ്മുടെ കവിതയിൽ സംഭവിച്ചിരിക്കുന്നത്. ഇനി കവിതയെ ഗണിതക്രിയ പോലെ കഠിനവും വിരസവും നിർജ്ജീവവുമാക്കുന്നവരുടെ കാലം. ഇനിയില്ല പവിഴമല്ലിപ്പൂക്കളുടെ നിശാഗന്ധം; നമ്മുടെ ഏകതാനമായ പകലുകളെ ഇരുളും നിലാവും രാത്രി മഴകളും പാതിരാപ്പൂക്കളുടെ ധവളസുഗന്ധവും ചേർത്ത് ഗാഢമാക്കിയ കവിതയുടെ വൃദ്ധവും ബലിഷ്ഠവും ദയാമസൃണവുമായ പെൺവിരലുകൾ.
3 Comments
മാന്ത്രിക മാണ് ഈ കുറിപ്പും
അഭിനന്ദനം
❤️❤️
മനോഹരം ഈ വാക്കുകൾ..