
തരിശുനിലത്തിന്റെ പെരുമ

സജയ് കെ വി
രണ്ടു വമ്പിച്ച സാഹിത്യ സംഭവങ്ങളുടെ വര്‍ഷമാണ് 1922 ലോക സാഹിത്യത്തില്‍. ടി. എസ്. എലിയറ്റിന്റെ ‘ദ വെയ്സ്റ്റ്ലാന്റ്’ എന്ന കൃതിയിലൂടെ പാശ്ചാത്യകവിതയും ജയിംസ് ജോയ്സിന്റെ ‘യുളീസസ്സി’ലൂടെ യൂറോപ്യന്‍ നോവലും ആധുനികതയുടെ തീക്ഷ്ണഋതുവിലേയ്ക്കു പ്രവേശിച്ച വര്‍ഷമാണത്. പില്ക്കാലം മലയാളിക്കും മലയാളസാഹിത്യത്തിനും ചിരപരിചിതമായ കാവ്യശീര്ഷകങ്ങളിലൊന്നായും കവിതകളിലൊന്നായും വെയ്സ്റ്റ് ലാന്റ് മാറി. ഇതൊരു തല്‍ക്ഷണ പ്രതികരണമായിരുന്നില്ല. നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് കേരളത്തില്‍ വെയ്സ്റ്റ്ലാന്റ് ചര്‍ച്ച ചെയ്യപ്പെടുന്നതും അതിനെ ശില്പപരമായി അനുവര്‍ത്തിക്കുന്ന കൃതികള്‍ ആവര്ഭവിച്ചതും. അയ്യപ്പപ്പണിക്കരുടെ’ കുരുക്ഷേത്രം'(1960) അങ്ങനെ മലയാളകവിതയിലെ
‘തരിശുഭൂമി’യായി മാറി. എന്‍.എന്‍.കക്കാടിനെയും മാധവന് അയ്യപ്പത്തിനെയും പോലുള്ള കവികള്‍ എലിയറ്റിന്റെ പരോക്ഷ പ്രേരണയാല്‍ കാല്പനികതാഭിന്നമായ കവിതകളെഴുതി.

ഇതെല്ലാം സംഭവിക്കുന്നത് അറുപതുകള്‍ മുതല്‍ക്കിങ്ങോട്ടാണ്. ഇതിനു ചില സവിശേഷമായ കാരണങ്ങളും സാംസ്കാരികയുക്തികളുമുണ്ടെന്ന് പില്ക്കാലം മലയാളനിരൂപണം വിലയിരുത്തി. ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച ഉഗ്രമായ സാംസ്കാരികാഘാതത്താലായിരുന്നു എലിയറ്റ് തരിശുഭൂമിയുടെ രചനയിലേര്‍പ്പെട്ടത്. തുല്യതീവ്രമല്ലെങ്കിലും സമാനമായ ഒരു രാഷ്ട്രീയകാലാവസ്ഥ ഇന്ത്യയെയും കേരളത്തെയും ഗ്രസിച്ചത് അറുപതുകളിലായിരുന്നു. ഇതിനെ ഡോ.ആര്. വിശ്വനാഥന് ഇങ്ങനെ രേഖപ്പെടുത്തുന്നു –
’60കളില്‍ രാഷ്ട്രനിര്മ്മാണത്തെക്കുറിച്ചും നെഹ്റുയുഗത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തെക്കുറിച്ചും വ്യത്യസ്തജനവിഭാഗങ്ങള്‍ പുലര്‍ത്തിയ സ്വപ്നങ്ങള്‍ ഉടഞ്ഞു തുടങ്ങി. ഈ മോഹഭംഗവും ആധുനികമനുഷ്യന് പടിഞ്ഞാറു നേരിട്ട അസ്തിത്വപ്രതിസന്ധിയും തമ്മില്‍ ഇഴുകിച്ചേരുന്ന ഒരവസ്ഥ ഇവിടുത്തെ ആധുനികതാപ്രസ്ഥാനം അതിന്റെ അനുഭവമേഖലയായി അടയാളപ്പെടുത്തി.’
(മോഡേണിസം അങ്ങും ഇങ്ങും : ഒരു സംവാദം).
ഈ കണിശമായ നിര്‍ധാരണത്തിനു നിരക്കും വിധമായിരുന്നു മലയാ ളാധുനികതയുടെ ആവിര്‍ഭാവം, അറുപതുകളില്‍. എഴുപതുകളില്‍ അത് തുടുത്ത, ചുവന്ന രാഷ്ട്രീയാധുനികതയായും സച്ചിദാനന്ദനെയും കടമ്മനിട്ടയെയും കെ.ജി.എസ്സിനെയും പോലുള്ള കവികള്‍ അതിന്റെ അഗ്രദൂതരായും മാറി. എലിയറ്റില്‍ നിന്ന് എന്നതിനേക്കാള്‍ ലാറ്റിനമേരിക്കന്‍ – ആഫ്രിക്കന്‍ കവിതകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട കവികളായിരുന്നു അവര്‍. അപ്പോഴും എലിയറ്റിന്റെയും തരിശുനിലത്തിന്റെയും ചില സൂക്ഷ്മസ്വാധീനഫലങ്ങള് ഈ കവികളിലും പ്രവര്‍ത്തിച്ചിരുന്നു.
ഇങ്ങനെയെല്ലാം മലയാളകവിതയെ അടിമുടി മാറ്റിപ്പണിത ഒരു പ്രകൃഷ്ടകൃതിയുടെ ശതാബ്ദിവര്‍ഷമെന്ന നിലയിലാണ് നമ്മള്2022 ല്‍ ‘വെയ്സ്റ്റ്ലാന്റ്’ വീണ്ടും വായിക്കുന്നത്. നൈരന്തര്യഭംഗത്തിന്റെയും സൂക്ഷ്മമായ അഗാധനൈരന്തര്യത്തിന്റെയും അനുഭവമാണ് ഈ കൃതി , ഒന്നാമതായി, വായനക്കാരില്‍ സൃഷ്ടിക്കുന്നത്. നൈരന്തര്യഭംഗം, ശിഥിലനത്തിന്റെ-fragmentation- അനുഭവം സൃഷ്ടിക്കുന്നു. ഭൗതികമായും ആത്മീയമായും തകര്‍ന്നടിഞ്ഞ യുദ്ധാനന്തര യൂറോപ്പെന്ന ഉടഞ്ഞവിഗ്രഹങ്ങളുടെ കൂമ്പാരത്തെ(a heap of broken images), സമാനമായ ശ്ലഥശില്പമാക്കി മാറ്റുകയായിരുന്നു തരിശു നിലമെഴുതിയ കവി. അതിനു വേണ്ടി അദ്ദേഹം കഥാപാത്രനിബിഡവും ബഹുസ്വരമുഖരവും പാഠാന്തരപരാമര്ശങ്ങളും ഉദ്ധരണികളും ഇടതിങ്ങിയതുമായ ഒരു കാവ്യഭാഷ കരുപ്പിടിപ്പിച്ചു. ഈ കാവ്യഭാഷയുടെ അനന്യതയായിരുന്നു ‘വെയ്സ്റ്റ്ലാന്റ്’ എന്ന കൃതിയുടെയും അപൂര്‍വ്വതയുടെ മുഖ്യ സ്പദങ്ങളില് ഒന്ന്. ‘അല്യൂഷന്‍'(allusion) ഒരു കാവ്യതന്ത്രമെന്ന നിലയില്‍ മുഖ്യതയാര്ജ്ജിക്കുന്നത് എലിയറ്റിലാണ്. കവിയുടെ പാണ്ഡിത്യവും ബഹുഭാഷാപരിജ്ഞാനവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായിരുന്നു. പ്രമുഖയൂറോപ്യന്ഭാഷകളില് നിന്നുള്ള ഉദ്ധരണികളും പാഠാന്തരപരാമര്ശങ്ങളും മാത്രമല്ല, സംസ്കൃതവും ഉപനിഷത്തും കൂടി ഈ വിചിത്രസങ്കീര്ണ്ണമായ രചനാകംബളത്തിന്റെ ഊടും പാവുമായി മാറി. പാശ്ചാത്യസാഹിത്യപാരമ്പര്യമത്രയും സന്നിഹിതമായ ആധുനികകാവ്യമായി അങ്ങനെ ‘ദ വെയ്സ്റ്റ് ലാന്റ്’ മാറി. ഇരുപതാം നൂറ്റാണ്ടിലെ സമ്പന്നയും സിരാരോഗിയുമായ വനിത, ഷെയ്ക്സ്പിയറുടെ ക്ലിയോപാട്രയുടെ ‘പാരഡി’യായും ആന്‍ഡ്രൂ മാര്‍വെലിന്റെ കവിതയിലെ ചിറകുള്ള സമയരഥം, തിരക്കേറിയ തെരുവീഥിയിലെ വാഹനവ്യൂഹമായും ആക്ടിയോണിന്റെ പുരാവൃത്തത്തിലെ നായാട്ടുകാരുടെ കൊമ്പുവിളികള്‍, യന്ത്ര ശകടങ്ങളുടെ ‘ഹോണടി’യായും മാറുന്ന(But at my back from time to time I hear/The sound of horns and motors…) പരിണാമമായിരുന്നു അത്. ‘നരയന്ത്രം'(human engine) എന്നും ആധുനികലോകത്തിന്റെ അവ്യാകൃതചിത്രങ്ങളവതരിപ്പിച്ച ഈ കവിതയില്‍ നമ്മള് വായിക്കുന്നു.
കാല്പനികതയിലെ ശാദ്വലങ്ങളുടെയും ഗ്രാമീണശാലീനതയുടെയും സ്ഥാനത്ത് ‘തരിശുഭൂമി’ എന്ന മഹാരൂപകവും ‘അയഥാര്‍ത്ഥ നഗരം'(Unreal City) എന്ന, മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഇടവും സ്ഥാപിച്ചു എലിയറ്റ്. അവിടെ പൂക്കളും കിളികളും അത്യന്തവിരളം ; ആകെയുള്ളത് ബലാല്ക്കാരം ചെയ്യപ്പെട്ട് , നാവറുക്കപ്പെട്ട് രാപ്പാടിയായി പരിണമിച്ച ഫിലോമില(Phelomela) എന്നവളുടെ ദാരുണ സാന്നിധ്യമാണ്. ‘ജഗ്ജഗ്ജഗ്’ എന്നത് , ഒരേ സമയം, അവളുടെ പഞ്ചമത്തിന്റെയും ലൈംഗികവേഴ്ച്ചയുടെയും വികൃതശബ്ദാനുകരണമായി മാറുന്ന പതനം. മൃതഭൂമിയില്‍ നിന്ന് ലൈലാകകകള് വിടര്‍ത്താന്‍, വേനല്മഴകളാല് വിഫലയത്നം നടത്തുന്ന ക്രൂരചൈത്രം, ഹയസിന്തപ്പെണ്കുട്ടിയുടെ കയ്യിലെ, അതേ പേരുള്ള പൂക്കളുടെ, വിചിത്രപ്രലോഭനം – കഴിഞ്ഞു, തരിശുനിലത്തിലെ പ്രകൃതിസാന്നിധ്യങ്ങളുടെ ലുബ്ധമായ പട്ടിക. അവിടെ, മുളയ്ക്കുമെന്ന പ്രത്യാശയോടെ പൂന്തോട്ടത്തില്‍ കുഴിച്ചിടപ്പെടുന്നത് ശവങ്ങളാണ്. കൂടെക്കൂടെ പരാമര്ശിക്കപ്പെടുന്നതാകട്ടെ, പകര്‍ച്ചവ്യാധി പരത്തുന്ന എലികളും.’ മരിച്ചവര്‍ക്ക് അവരുടെ എല്ലുകള്‍ നഷ്ടപ്പെട്ട എലി മുടുക്കിലാണ് നാം’ എന്ന പരിദേവനം മുഴുവന്‍ തരിശുനിലനിവാസികളുടെയും ആത്മഗതം. ശിശുമുഖമുള്ള വവ്വാലുകളും വലിച്ചു നീട്ടി നിര്‍ത്തിയ കേശതന്ത്രികളില് മന്ദ്രഗാനം മീട്ടുന്ന സിരാരോഗപീഡിതരായ സ്ത്രീകളും. ആളൊഴിഞ്ഞ കപ്പേള . ജലരഹിതമായ വെള്ളത്തൊട്ടികളും വരണ്ടുണങ്ങിയ കിണറുകളും ഉണങ്ങിയ പുല്ലുകളും. ജലത്തിന്റെ പരിപൂര്‍ണ്ണമായ അഭാവം. ആത്മീയമായി പുനര്ജനിക്കാനാഹ്വാനം ചെയ്യുന്ന അതീതങ്ങളിലെ ഇടി മുഴക്കം. ‘മുക്കുവരാജാവ്'(Fisher King) എന്ന ഷണ്ഡനൃപന്റെയും ഉഭയലിംഗിയായ തൈറിസ്യാസിന്റെയും പ്രബന്ധവ്യാപിയായ സാന്നിധ്യം. ‘ഹൈറോണിമോയ്ക്ക് വീണ്ടും ഭ്രാന്ത്’ എന്ന കാവ്യാവസാനത്തിലെ പ്രലപനം. ഇങ്ങനെയെല്ലാം വിവരിക്കാവുന്ന, വിവരിക്കും തോറും ഒരു മായാമൃഗത്തെപ്പോലെയോ മരീചികയെപ്പോലെയോ അകന്നുമായുന്ന, കാവ്യ പ്രഹേളികയുടെ പേരാകുന്നു ‘ദ വെയ്സ്റ്റ്ലാന്റ്’ എന്നത്.
