
നീല നിറമുള്ള ഏകാന്തതകൾ

സായ് ശങ്കർ മുതുവറ
പ്രണയം കടൽ പോലെ അഗാധമാണ്, ആകാശം പോലെ അനന്ത വിശാലവും.കടലിനും, ആകാശത്തിനും പ്രണയത്തിനും ഒരേ നിറമാണ്, നീല.പല ഇതളുകളായി പ്രണയം തുളുമ്പി നിൽക്കുന്ന ഈ കഥയ്ക്ക്,നീല നിറം ചേർക്കാതെയൊരു പേരിടൽ അസാധ്യം തന്നെയായിരുന്നേക്കാം.
ഭൂമി നേർത്തു നേർത്തൊരു മുനമ്പായി കടലിലേക്കിറങ്ങിച്ചെല്ലുന്ന ധനുഷ്കോടിയല്ലാതെ മറ്റൊന്നിനും, ഈ കഥയ്ക്ക് പശ്ചാത്തല ഭംഗിയുടെ നിറവുകളേകുവാൻ സാധിക്കുകയില്ല.
കഥയിലെ പ്രണയങ്ങളിൽ ചിലത് പ്രണയിതാക്കളുടെ ഉള്ളിലൊതുങ്ങി പോവുന്നു .
ചിലത് വിധിയുടെ അലംഘനീയതകളിൽ തട്ടിയില്ലാതാകുന്നു.
ചിലത് ഭയങ്ങളിൽ,സദാചാര വേലിക്കെട്ടുകളിൽത്തട്ടി,
വൈദ്യുതാഘാതമേറ്റു
കരിഞ്ഞു വീഴുന്നു.
പൂത്തു വിടർന്നുല്ലസിക്കാതെ അവ നിശ്ശബ്ദയിലാണ്ടു പോകുന്നു. അതായിരിക്കാം, നീല നിറമുള്ള ഏകാന്തതകൾ എന്ന പേരിലേക്ക് കഥാകൃത്തിനെ നയിച്ചത്.
ഒരു രാവു കൊണ്ട് തകർന്നടിഞ്ഞു പോയ നഗരം, സഫലമാകാതെ പോയ പ്രണയങ്ങൾക്കും ഉചിതമായ പ്രതീകമാകുന്നു.
വിവാഹിതരായിട്ടും, വീട്ടമ്മമാരായിട്ടും മനസ്സിൽ യൗവനം സൂക്ഷിക്കുന്ന മൂന്നു സ്ത്രീകളുടെ ഉർജ്ജസ്വലമായ ജീവിതമാണ് കഥയിൽ ആഹ്ലാദത്തിന്റെ നിലാവുദിപ്പിക്കുന്നത്.
അവർ ആധുനിക വിദ്യാഭ്യാസമുള്ളവരും നൂറു ശതമാനവും ന്യൂ ജനറേഷനുമാണ്.
സംഭാഷണങ്ങളിൽ സമകാലിക രാഷ്ട്രീയവും,ഹ്യൂമർ സെൻസും പ്രകടിപ്പിക്കുന്നവരും, മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവരാണ്. കവിതകളും, സംഗീതവും,സിനിമകളും യാത്രകളും ഇഷ്ടപ്പെടുന്നവരാണ്.
ചുരുക്കിപ്പറഞ്ഞാൽ വീട്ടകങ്ങളിൽ ഒതുങ്ങിപ്പോകുന്ന ജീവിതത്തിന്റെ, നഷ്ടപ്പെട്ട വർണ്ണങ്ങൾ തിരിച്ചു പിടിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും പ്രതിനിധികളാണ് അവർ.
ധനുഷ്കോടി മുനമ്പിലേക്കുള്ള യാത്രയിൽ,
ഇടംവലം നോക്കിയും, ഇടയ്ക്കിടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കിയും,
“”എത്ര പേടിയോടെയാണ് സ്ത്രീ ശരീരങ്ങൾ തങ്ങൾ കൊണ്ടുനടക്കുന്നത്”” എന്ന വേവലാതിയോടെയുമുള്ള അവരുടെ നടത്തത്തിലൂടെ,
സ്ത്രീ ജീവിതത്തിൽ സ്ത്രീകൾ മാത്രമറിയുന്ന, അനുഭവിക്കുന്ന വികാരങ്ങളും, ആത്മ സംഘർഷങ്ങളും, ഭയങ്ങളും എല്ലാം വായനക്കാരിലേക്ക് പകരാൻ കഥകൃത്തിനു സാധിക്കുന്നുണ്ട്.
കഥയിൽ മുങ്ങി മടങ്ങുമ്പോൾ, ഈറനായ് മനസ്സിനെ പുതപ്പിച്ച ഈ കവിത ഞാനിവിടെ കൊരുത്തിടുന്നു.
You are sailing away
To greener pastures.
Withered I stand;
You have taken my soul
With you.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഷാഹിന റഫീഖ്.🌹
ആശംസകൾ litart Web Weekly, 🌹
