
ഖത്തർ മുത്തുമാല

സഫ്ന ഷെറിൻ
“എന്കോര്പ്പാപ്പണ്ടേനും “….
ഖത്തർലുപാപ്പ, നല്ല അത്തറിന്റെ മണമുള്ള നല്ലുപ്പാപ്പ…
“ഡ്രൈവർകുഞ്ഞമ്മദും, നൗഷാദുമാണ്ടും, കുഞ്ഞുങ്ങളെയൊന്നും കൂട്ടണ്ട എയർപോർട്ടിൽ ” ആകാശം മുട്ടി നിന്ന ആവേശം ഒരൊറ്റ നിമിഷം കൊണ്ടുമ്മ തല്ലി ത്തകർത്തു തരിപ്പണമാക്കി.,
ഓട്ടോറിക്ഷ മോഡൽ കട്ടറും, ഹന്ന മൊണ്ടാന ചിത്രമുള്ള ബാഗും, പേന കൊണ്ട് എഴുതിയാൽ മായ്ക്കാൻ പറ്റുന്ന ഇറേസറും, അങ്ങനെയെന്റെ ഗൾഫ്കാരായ ഉപ്പമാരുള്ള ഫ്രണ്ട്സ് മനസ്സിനകത് എവിടെയോ മറന്നു വെച്ച ഫോറിൻ സ്വപ്നങ്ങളും കെട്ടിപിടിച് ഉറക്കത്തെ തല്ലിക്കെട്ത്തിയ രാത്രി (ഉപ്പാപ്പ ഗൾഫിൽ ന്ന് വര്ന്നെന്റെ തലേദിവസം).
വീട്ടിലേ നീളമുള്ള നടയിൽ നടുക്കൊരു മൊസാണ്ട മരമുണ്ട്, ഖത്തർന്ന് വന്ന പാടെ പൊന്നുമോളായ ഉമ്മാനെ കാണാൻ വന്ന ഉപ്പാപ്പ സ്കൂൾ ജീപ്പിൽ വരുന്ന ഞങ്ങളെയും കാത്തുള്ള നിൽപ്പാ മരച്ചുവട്ടിലാണ്. ” സ്നേഹം കുറുക്കി കാച്ചിയ കൂവയുണ്ടാവും കയ്യിലൊരു ഗ്ലാസ്സിൽ, ഗൾഫ് കാർക്കുള്ള സ്പെഷ്യൽ സൽക്കാരം ആണ് ഉമ്മാമാന്റെ പത്തായ പെട്ടിയിലെ കൂവ,കൂവ കുടിച്ചോരൊക്കെ വീട്ടുവളപ്പിൽ ഉണ്ടാക്കിയ ഉമ്മാമന്റെ കൂവയുടെ പോരിശയും *(പെരുമ) കേട്ടിട്ട്ണ്ടാവും.. എന്റെ മോളായിത് ” എന്നും പറഞ്ഞുകൊണ്ട് ഉപ്പാപ്പ വാരിപുണരുമ്പോൾ യൂണിഫോം ചുരിദാറിട്ട് വലുതായിന്ന് സ്വയം അനുമാനിക്കുന്ന എനിക്കൊരഭിമാന പ്രശ്നമാണെങ്കിലും.,എനിക്കുണ്ടല്ലോ മറ്റാർക്കുമില്ലാത്ത പാന്റിടുന്ന ഗൾഫ്കാരനുപ്പാപ്പ.. ജീപ്പിലുള്ളോരൊക്കെ യൊന്നു കാണട്ടെ എന്റെ യങ് ഖത്തറുപ്പാപ്പനെ..
പ്രിയമുള്ളതെല്ലാം ആഴങ്ങൾക്കിപ്പുറം തനിച്ചാക്കി , തടിയുരുക്കി വിയർപ്പുറ്റു കാത്തു വെച്ച സമ്മാനങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ ഉപ്പാപ്പന്റെ കണ്ണിൽ ചിരിയാണ്, നിർവൃതിയടഞ്ഞ ചിരി, പുതിയാപ്ലക്ക് വാച്, മോൾക്ക് ഡിന്നർ സെറ്റും പുതപ്പും ,അളിയന് ട്രിമ്മർ സെറ്റ്, അനിയന് ടോർച് അങ്ങനെയെല്ലാർക്കും കിട്ടും സ്നേഹസമ്മാനം… എനിക്കും കിട്ടി സ്പെഷ്യൽ., “ഖത്തർ മുത്ത് മാല “വലിയ മിന്നുന്ന മുത്തുകൾ കോർത്ത മൂന്നു ചൊറ മാല,….
നല്ല ചേലായിരുന്നു കാണാൻ.
സ്വപ്നങ്ങൾക്ക് കടം കൊടുത്ത പ്രണയത്തെ ഓർത്തെടുക്കുന്നത് കൊണ്ടാവാം ഉപ്പാപ്പ മഴയെ അത്രയേറെ പ്രണയിച്ചത്. കോലായിൽ നീർത്തിയിട്ട പായയിൽ ഉപ്പാപ്പയും ഉമ്മാമ്മയും ഇരിക്കും, മഴ തീരുവോളം, കത്തുകളിൽ കാത്തു വെച്ച കഥകൾ ഓരോന്നായി ഓർത്തോർത്തു, നനവറിഞ്ഞ വെയിലുണക്കിയ മണ്ണിനെ മണത്തു.. കാലവും കാത്തിരിപ്പും, ബാക്കിയാക്കിയ ഭാവിയിലെക്ക് ഉറ്റു നോക്കികൊണ്ട്….
ഖത്തർലേക്കുള്ള തിരിച്ചു പോക്കിന്റെ രണ്ടു മൂന്നു ദിവസം മുന്നേ ഞാനും ചെല്ലും ഉപ്പാപ്പന്റെ കൂടെ പാർക്കാൻ. കുന്നോളം സ്കൂൾ ബഡായികളും കൊണ്ട്,…
പേരക്ക പറിക്കലും, ചവേല പക്ഷിയെ ഓടിക്കാൻ ചവണ ഉണ്ടാക്കലും ഒക്കെയായി കുറച്ചു നല്ല സുഖമുള്ള നാളുകൾ, ഇടക്ക് ഉപ്പാപ്പനോട് തെറ്റുകയും ചെയ്യും, വലത്തേ കൈ കൊണ്ട് കറിക്കയിൽ (*തവി) പിടിച്ചതിനു, വിരുന്നുകാർക്കുള്ള ജ്യൂസ് കൊടുക്കുമ്പോൾ ഗ്ലാസിന്റെ അറ്റം പിടിച്ചതിനു, എടുത്ത സാധനങ്ങൾ എടുത്തിടത്തു തന്നെ വെക്കാത്തതിന്, അന്നത്തെ സെൻസിറ്റീവ് ഞാൻ കൊറേ പരിഭവം കാണിച്ചു എങ്കിലും ഇന്നുവരെ മറ്റാരും പറഞ്ഞു തരാത്ത ആ നല്ല പാഠങ്ങളെ ,നാളുകൾക്കിപ്പുറം ഞാനോർക്കുന്നു .
“പല്ല് വേദനയല്ലേ ഉമ്മാ, എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.,
അതല്ല നൗഷാദേ ഒരു ഇൻജെക്ഷൻ പോലും പേടിയുള്ള മനുഷ്യനാ…
ഇല്ലുമ്മാ… ഉപ്പാക്ക് വസൂരി വന്നിട്ട് ഇലയിൽ കിടത്തിയ കഥയൊക്കെ ങ്ങളും കേട്ടതല്ലേ …വല്യോമ പറഞ്ഞത് അങ്ങനുള്ളവർക്ക് നല്ല പ്രതിരോധ ശേഷി ണ്ടാവും.. ഉമ്മ പേടിക്കണ്ട”
ഉപ്പാപ്പാന്റെ ഖത്തർന്നുള്ള അവസാനത്തെ വരവാണ് സീൻ.,
ആരൊക്കെയോ പറഞ്ഞു പറ്റിച്ച കള്ളങ്ങൾ തെല്ലും വിടാതെ വിശ്വസിച്ച ഉമ്മാമ പുതിയാപ്ലെന വരവേൽക്കാനുള്ള തിരക്കിലാണ്. ബാക്കിയുള്ളവരെല്ലാം എന്തിനെയോ കുറിച്ച് ആകുലരാണ്, എനിക്കൊന്നും മനസിലായില്ല,ഞാൻ സമ്മാനങ്ങളും പ്രതീക്ഷിച്ചു കളിക്കാനായി ഉപ്പാപ്പനേം കാത്തിരുന്നു, സുഖയില്ലാത്തത് കൊണ്ട് ഈ വരവിനു ഉപ്പാപ്പ വരൂലാന്ന് വിചാരിച്ച ഉമ്മാക്ക് തെറ്റി. പതിവ് പോലെ ഉപ്പാപ്പ വന്നു..ഒന്നിനും വേണ്ടി മാറ്റിവെക്കാനൊക്കില്ലല്ലോ ജീവനെകൾ വലുതല്ലേ, പൊന്നുമോൾ..
നല്ല പോലെ വെന്താറിയ നുറുക്കരി ചോറ് അധികമൊന്നും തുറക്കാൻ പറ്റാത്ത വായിലൂടെ മെല്ലെ മെല്ലെ തിന്നുന്നത് കണ്ടിട്ട് ഞാൻ കൊറേ കളിയാക്കിയിട്ടുണ്ട്,ഉപ്പാപ്പാനെ എനിക്കറിയില്ലല്ലോ ഇനിയൊരിക്കലും ഉപ്പാപ്പ പഴയ പോലെ തിന്നില്ലന്ന്, കഥകൾ പറഞ്ഞു തരില്ലന്ന്,… ഒരു സിഗരറ്റ് പോലും വലിക്കാത്ത, സെൽ ഫോൺ പോലും ഉപയോഗിക്കാത്ത
ഉപ്പാപ്പ കവിളിനു ക്യാൻസർ ബാധിചിരിക്കുവാണെന്ന്…
ആയുസ്സിന്റെ പാതി മുഴുവൻ അങ്ങകലെ നാട്ടിൽ പോയി കഷ്ടപ്പെട്ടതിന്റെ പാടുകളൊന്നും ഇനി കാണണ്ട, എല്ലാം കീമോയും റേഡിയേഷനും കരിച്ചു കളഞ്ഞിട്ടുണ്ട്. പണ്ടത്തെ പോലെ കണ്ണ് മിഴിച്ചുള്ള നോട്ടവും ചിരിയും ഇനിയില്ല,പ്ലാസ്റ്റിക് സർജറി ചെയ്തു തുന്നി പിടിപ്പിച്ച കവിളുകൾ ഇനി വല്യൊപ്പാന്റെ മുറുക്കാൻ പെട്ടിയിലെ അടക്കയും വെറ്റിലയും ചവക്കില്ല,ഇനിയുള്ളത് പ്രതീക്ഷകളും സ്വപ്നങ്ങളും വറ്റിയ, വേദനിക്കുന്ന,ഒന്നും മിണ്ടാത്ത, ,ആശയറ്റ മെലിഞ്ഞുപ്പാപ്പ….
ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി എല്ലാരേയും തനിച്ചാക്കി മഴയെ പ്രണയിച്ച, നല്ല ഖത്തർലുപാപ്പ , ഒരു നീറ്റോർമയായി ഇന്നും ജീവിക്കുന്നുണ്ട്, ഓർമകളിൽ….
ക്യാൻസർ ഇത്രയും ഭീകരമാണെന്നറിഞ്ഞിരുന്നെങ്കിൽ, കൊടുക്കുമായിരുന്നു എനിക്ക് സ്പെഷ്യൽ ആയി കൊണ്ട് തന്ന ഖത്തർ മുത്തുകളോളം പൊന്നു മ്മകൾ…