
ദളിത് രാഷ്ട്രീയവും ജിഗ്നേഷ് മേവാനിയും

ശബരി ഗിരിജ രാജൻ
ഡോ. ബി ആർ അംബേദ്കർ “ജാതി ഉന്മൂലനം”(1936 ) എഴുതിയിട്ട് 86 വർഷം പിന്നിടുമ്പോഴും, ഞാൻ ഈ ലേഖനം എഴുതുന്ന നിമിഷത്തിലും ഇന്ത്യയുടെ ഏതൊക്കെയോ കോണുകളിൽ ദളിതരും ആദിവാസികളും മുസ്ലിംങ്ങളും വിവേചനം അനുഭവിക്കുകയും, പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. രാഷ്ട്രീയബോധവും പൗരബോധവുമില്ലാത്ത ഒരു തലമുറ രാഷ്ട്രത്തിന്റെ നാശത്തിനു തന്നെ വഴിതെളിച്ചേക്കാം. നാനാ തുറകളിലെ രാഷ്ട്രവളർച്ചയെയും അരാഷ്ട്രീയ വാദത്തിനു പിന്നോട്ടടിക്കാൻ കെല്പുള്ളതിനാൽ യുവത്വത്തിന്റെ രാഷ്ട്രീയ പങ്കാളിത്തവും നേതൃത്വവും അതിപ്രധാനമാണെന്നിരിക്കെ, കഴിഞ്ഞ ഒരു ദേശാബ്ദത്തിലേറെയായി ഇന്ത്യൻ ജനതയുടെ സിരകളേ ത്രസിപ്പിക്കാൻ കഴിഞ്ഞ യുവ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖരാണ് പുരോഗമനോന്മുഖരായ ജിഗ്നേഷ് മേവാനി, കനയ്യ കുമാർ, ചന്ദ്ര ശേഖർ ആസാദ് എന്നിവർ. ജാതിയാധിഷ്ഠിതമായ ഇന്ത്യൻ സമൂഹത്തിൽ, ജാതി നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യം ചൂണ്ടി കാണിക്കുകയും ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന അംബേദ്കറൈറ്റുകൾ ജാതിവാദികളായി മുദ്രകുത്തപ്പെടുന്ന കാലത്ത്, സധൈര്യം നേതൃത്വത്തിന്റെ മുൻനിരയിലേക്ക് കടന്നു നില്ക്കാൻ ജിഗ്നേഷ് മേവാനിക്കു കഴിഞ്ഞു.

ഊന പ്രഹര സംഭവം
ജാതി വിവേചനത്തിനിരയായ രോഹിത് വെമുലയുടെ ജനുവരി 2016 ലെ അധികാര കൊലപാതകത്തിന് ശേഷം ജൂലൈ 11 ന് ഗുജറാത്തിലുണ്ടായ ഊന പ്രഹര സംഭവത്തിനു രാജ്യം വീണ്ടും സാക്ഷിയായി. ചത്ത കാലികളെ നീക്കം ചെയ്യുകയും അവയെ സംസ്കരിക്കുകയും ചെയ്യുന്ന ദളിത് കുടുംബത്തിലെ ഏഴു പേരു ചേർന്ന് ഒരു ചത്ത പശുവിന്റെ തോലുരിക്കവേ, പശുവിനെയവർ കൊന്നതാണെന്ന് ആരോപിച്ചു കൊണ്ട് ഗോസംരക്ഷകരായ ഒരു കൂട്ടമാളുകൾ രണ്ടു കാറിൽ അവിടെയെത്തുകയുണ്ടായി. കൊന്നതല്ല എന്നാ കുടുംബം നിഷേധിക്കുകയും, അടുത്ത ഗ്രാമത്തിൽ നിന്നും ചത്ത പശുവിനെ കൊണ്ടുവന്നതാണെന്നു സമർത്ഥിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. അവരെ കാറുകളിൽ കെട്ടിയിട്ടു ഇരുമ്പു പൈപ്പ് കൊണ്ടും, വടി കൊണ്ടും, കത്തി കൊണ്ടും തുടരെ മർദിച്ചു. പിന്നീട്, അവരിൽ നാലുപേരെ ഊന പട്ടണത്തിൽ കൊണ്ട് വന്ന്, ജനമധ്യത്തിൽ വിവസ്ത്രരാക്കി ആക്രമിച്ചു. പോലീസ് എത്തിയപ്പോഴുക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പക്ഷെ മർദ്ദനത്തിന്റെ വീഡിയോ അവർ പ്രചരിപ്പിച്ചു. ഇത് സാമൂഹിക നീതിന്യായത്തിനു നേരെയുള്ള വെല്ലുവിളി തന്നെയായിരുന്നു. ഈ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ആയിരകണക്കിന് ദളിതർ തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തി.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജ്ജീവമായിരിക്കുകയും, പിന്നീട് പത്രപ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും സ്ഥാനമുറപ്പിക്കുകയും ചെയ്ത ജിഗ്നേഷ് 2016 ആഗസ്ത് 15 ഊന സംഭവത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുകയായിരുന്നു. അഹമ്മദാബാദിൽ നിന്നും ഊന വരെ നടത്തിയ ദളിത് അസ്മിത യാത്ര എന്ന് വിളിക്കപ്പെട്ട പ്രതിഷേധ മാർച്ചിൽ സ്ത്രീകളടങ്ങുന്ന ഇരുപതിനായിരത്തിൽ പരം ദളിതരാണ് പങ്കെടുത്തത്. “പശുവിൻ വാല് നിങ്ങൾ വെച്ചോളൂ, ഞങ്ങളുടെ മണ്ണ് ഞങ്ങൾക്ക് തരൂ” എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ആ പ്രതിഷേധ പ്രകടനങ്ങളിലുടനീളം ഉയർന്നു കേട്ടു. കന്നുകാലികളുടെ ജഡം തങ്ങൾ ഇനിമേൽ നീക്കം ചെയ്യുകയില്ലയെന്നവർ പ്രതിഞ്ജ ചെയ്തു. 350 കി.മീ. ചുറ്റി, ആ മാർച്ച് അവസാനിക്കുന്ന ദിവസം ജനങ്ങളെ അഭിസംബോധന ചെയ്യുവാൻ ജിഗ്നേഷിനൊപ്പം രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും കനയ്യ കുമാറുമുണ്ടായിരുന്നു. അന്നത്തെ സായാഹ്ന പ്രസംഗത്തിൽ അദ്ദേഹം ഉയർത്തിയ 10 ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്, ഊന സംഭവത്തിലെ ഇരകൾക്കു നീതി, അവർക്കെല്ലാം ഇതര ജീവിത മാർഗ്ഗം, ദളിതർക്കു നേരെയുള്ള പീഡനങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാനുതകുന്ന നിയമ ചട്ടങ്ങൾ, സംസ്ഥാനത്തെ ഭൂരഹിതരായ എല്ലാ ദളിത് കുടുംബങ്ങൾക്കും 5 ഏക്കർ വീതം ഭൂമി, ഇതിന്മേൽ സർക്കാരിൽ നിന്നും 30 ദിവസത്തിനുള്ളിൽ പ്രതികരണം.

രാഷ്ട്രീയ ദളിത് അധികാർ മഞ്ച്
ട്രേഡ് യൂണിയനുകളുടെ ഒപ്പം പ്രവർത്തിക്കുകയും, 2009 ൽ ജിഗ്നേഷ് ഒരു JSM സർവ്വേ നടത്തുകയും ചെയ്തിരുന്നു. ഭൂമി പതിച്ചു നൽകിയതിന്റെ രേഖകൾ മാത്രമേ ഉള്ളുവെന്നും അവ യഥാർത്ഥത്തിൽ ജനങ്ങൾക്ക് പതിച്ചു കിട്ടിയിട്ടില്ലയെന്നും സർവ്വേയുടെ ഫലത്തിൽ നിന്നും അദ്ദേഹത്തിന് മനസ്സിലായി. പിന്നീട് അദ്ദേഹം ജനങ്ങൾക്ക് അർഹതപ്പെട്ട ഭൂമി നേടികൊടുക്കുവാനായി പ്രവർത്തിച്ചു. ഇംഗ്ലീഷിൽ ബിരുദവും ജേര്ണലിസത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലും ഡിപ്ലോമയുമുള്ള അദ്ദേഹത്തിനെ ഈ സംഭവം നിയമത്തിൽ ബിരുദം നേടാൻ പ്രേരിപ്പിച്ചു. ഊന സംഭവത്തിന് ശേഷം, രാജ്യം മുഴുവൻ ഭൂസമരത്തിന്റെ മാറ്റൊലി കൊള്ളിക്കുകയെന്ന ഉദ്ദേശത്തോടെ ജിഗ്നേഷും കൂട്ടരും രൂപം കൊടുത്ത സംഘടനയാണ് രാഷ്ട്രീയ ദളിത് അധികാർ മഞ്ച്. ഇതേ തുടർന്ന് കർണാടകത്തിലും രാജസ്ഥാനിലും ജാതി വിവേചനത്തിന് എതിരെ സമാനമായ പ്രതിഷേധങ്ങളുണ്ടായി. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു മാസം നീണ്ടു നിന്ന പ്രതിഷേധങ്ങളിൽ, ട്രെയിൻ തടയൽ മുതൽ പിക്കറ്റിങ്ങ് വരെ നടത്തിയിരുന്നു. സന്ധിസംഭാഷണത്തിനു ആദ്യമൊന്നും വഴങ്ങാതിരുന്ന സർക്കാരിന് അവസാനം മുട്ട് മടക്കേണ്ടി വന്നു. അങ്ങിനെ 2016 ഡിസമ്പറിൽ 200 ദളിത് കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു.

മഹാരാഷ്ട്രയിലെ മുനിസിപ്പൽ ജോലിക്കാരുടെ വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കനയ്യക്കൊപ്പം ജിഗ്നേഷ് സഹകരിച്ചു പ്രവർത്തിച്ചു. 2017 ൽ, ഊന സംഭവസ്മരണാർത്ഥവും തുടർന്നുള്ള ഭൂസമരത്തിനുമായി ജിഗ്നേഷ് ആസാദി കൂച്ഛ് സംഘടിപ്പിച്ചു. സംസ്ഥാനത്തു വീണ്ടും പ്രതിഷേധ പ്രകടനങ്ങളുണ്ടാവുകയും സർക്കാർ സമ്മർദ്ദത്തിലാവുകയും ചെയ്തു.
2017 ലേ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജിഗ്നേഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. സംവരണ മണ്ഡലമായ വഡ്ഗാമിൽ നിന്നു ബി ജെ പി ക്കെതിരെ പതിനെണ്ണായിരം വോട്ട് ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇലക്ഷൻ പ്രചാരണത്തിനായി, അരുന്ധതി റോയ് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി. സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ നിർമ്മാണത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. സർക്കാർ ട്രൈബൽ ജനതയുടെ ആവാസ സ്ഥലം പിടിച്ചെടുക്കുമ്പോൾ നിർദിഷ്ട നിർമ്മാണയിടത്തുനിന്നും എഴുപത്തിൽ പരം ഗ്രാമങ്ങളിലെ ആളുകൾ ഒഴുഞ്ഞു പോകേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ഇതേച്ചൊല്ലി, ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്മൃതിയാണ് സർക്കാർ പിന്തുടരുന്നത് എന്ന് നിയമസഭയിൽ ആരോപിച്ചതിനു അദ്ദേഹത്തിനെ അച്ചടക്ക ലംഘനത്തിന് മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.

ജിഗ്നേഷ് മേവാനി കനയ്യ കുമാർ തുടങ്ങിയ സംസാര ശേഷിയുള്ള ഇന്ത്യൻ യുവനേതാക്കളെ സംഘപരിവാറും ബിജെപി സർക്കാരും അത്യധികം ഭയക്കുന്നു. ഇതിനോടകം ഒരുപാട് വ്യാജ കേസ്സുകളിൽ സർക്കാർ ഇവരെ അകത്താക്കുകയും ചെയ്തിട്ടുണ്ട്. ജിഗ്നേഷിന്റെ അടുത്തയിടയുള്ള അറസ്റ്റും വ്യാജ കേസ്സിൽ കുടുക്കിയായിരുന്നു. യുവ തലമുറയിവരിൽ നിന്നു പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. സംഘടിതരായാൽ മാത്രമേ വർഗ്ഗീയ, ഫാസിസിസ്റ് ശക്തികൾക്കെതിരെ മതിൽകെട്ടുവാൻ കഴിയൂ. അംബേദ്കർ പറഞ്ഞത് പോലെ, വിദ്യ നേടിയും, സംഘടിച്ചും, സമരം നടത്തിയും തന്നെയേ ഈ രാജ്യത്തു സ്വന്തം നിലയുറപ്പിക്കാൻ സാധ്യമാകൂ.