
പോരാർട്ര കതേയ്കൾ….

ശബരി ജി രാജൻ
ഇത് ഒരു കഥയാണ്. ഒരു പാട്ട് നമ്മിലേക്കിറങ്ങി വന്ന് ചരിത്രത്തെ കീറിമുറിച്ച് പറഞ്ഞു തന്ന കഥ. ബ്രിട്ടീഷ് ഭരണ കാലത്ത്, പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി ദക്ഷിണേന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് നാടുകടത്തി കൊണ്ട് പോയ തമിഴരുടെ പിന്മുറക്കാർ, തങ്ങളുടെ പൂർവ്വികരുടെ കഷ്ടതകളും ചെറുത്തുനിൽപ്പും ആഘോഷമാക്കുന്ന ഒരു പാട്ടാണ് എൻജോയ് എഞ്ചാമി. ഹിപ്പ് ഹോപ്പ് പാട്ടുകൾ എല്ലാം തന്നെ പരമ്പരാഗത ഗാനരീതികളെ അട്ടിമറിക്കുന്നവയാണ്. ഇത്തരത്തിലുള്ള ഒരു പാട്ടാണ് എൻജോയ് എഞ്ചാമി.
തമിഴ് ഗാനരചയിതാവും, റാപ്പറും, പിന്നണി ഗായകനും, അംബേദ്ക്കറൈറ്റുമായ അറിവരസ്സ് കലൈനേസൻ എന്ന അറിവാണ് ഈ പാട്ടിന്റെ സൃഷ്ടാവ്. പ്രശസ്ത തമിഴ് ഗായിക ധീയുടെ കൂടെ അദ്ദേഹം പാടി അഭിനയിച്ച ഈ ഗാനവും അതിന്റെ പിന്നിലെ രാഷ്ട്രീയവുമാണ് ഇന്ന് ലോകം ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. പാട്ടിന്റെ റിലീസ് ദിവസം അറിവ് പ്രസംഗിച്ചപ്പോൾ, തന്റെ പാട്ടി(മുത്തശ്ശി) സ്നേഹത്തോടെ ‘ചാമി'(സ്വാമി) എന്നാണ് തന്നെ സംബോധന ചെയ്യുന്നത് എന്ന് സൂചിപ്പിച്ചിരുന്നു. അതാണ് പാട്ടിന്റെ പേരിന്റെ പിന്നിലുള്ളത്. വള്ളിയമ്മ എന്ന പേര് പാട്ടിൽ പലവട്ടം അവർത്തിക്കപ്പെടുന്നുണ്ട്. അത് അറിവിന്റെ പാട്ടി തന്നെയാണ്. ചെറുമകന് പാട്ടി പറഞ്ഞു കൊടുത്ത തന്റെ പൂർവകാല സ്മരണകളിൽ നിന്ന് ഉടലെടുത്തതാണ് എൻജോയ് എഞ്ചാമി.

ബ്രിട്ടീഷ് ശ്രീലങ്കയെക്കുറിച്ചു ഒട്ടനവധി പഠനങ്ങൾ നടത്തിയ പ്രൊഫസർ ബെർട്രാം ബാസ്റ്യൻപിള്ളയുടെ കണ്ടത്തെലുകൾ പറയുന്നത്, ബ്രിട്ടീഷ് വാഴ്ചയുടെ നാളുകളിൽ വളർന്നു വന്ന, ജോർജ് ബേർഡ് എന്ന ഒരു തോട്ട ഉടമയുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ ഗവർണ്ണർ സർ എഡ്വേഡ് ബാർനെസ് ഉത്തരവിറക്കുകയും, ആദ്യ ഘട്ടമായ 1827- ൽ തമിഴ് നാടിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ ശ്രീലങ്കയിലേക്ക് കടത്തി കൊണ്ട് പോവുകയും ചെയ്തുവെന്നാണ്. പിന്നീടും തോട്ടം തൊഴിലാളികളുടെ ആവശ്യകത കൂടുന്നതിന് അനുസൃതമായി പലായനങ്ങൾ നടന്നു. മലയാഗ തമിഴർ എന്നാണവർ അറിയപ്പെട്ടത്. തങ്ങൾക്കു അപരിചിതമായ മണ്ണിൽ രാപ്പകലോളം പണിയെടുത്ത്, ജീവിതാന്ത്യത്തിൽ ജനിച്ച മണ്ണിനെ ഓർത്ത് വിലപിച്ച്, ഒട്ടുമിക്ക മനുഷ്യ ജീവനുകളും ശ്രീലങ്കൻ മണ്ണിൽ ലയിച്ചു. തലമുറകൾ മാറി മാറി വർഷങ്ങളായി പണിയെടുത്തിട്ടും, തോട്ടങ്ങളിൽ കീഴ് ജാതിക്കാർക്കായുള്ള ലയങ്ങളിൽ, പുരോഗതിയുടെ നൂൽവെട്ടം പോലും കടക്കാത്ത ഇരുട്ടിലവർ തഴയപ്പെട്ടു.
ഒരു രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വളർച്ചയുടെ ചുക്കാൻ പിടിച്ച ജനതയെ പാർശവത്കരിക്കുകയും ഏറ്റവും താഴെ തട്ടിലേക്ക് തള്ളിയിട്ടു പട്ടിണിയെ കൂട്ടിനു ഏൽപ്പിക്കുകയും ചെയ്ത ഒരു ചരിത്രമാണ് ബെർട്രാം ചൂണ്ടി കാണിക്കുന്നത്. 1964 ൽ നല്ലൊരു ശതമാനം ആളുകളെ ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടുവരുകയുണ്ടായി. തേയില നുള്ളുവാൻ മാത്രമറിയാവുന്നയിവർ ദക്ഷിണേന്ത്യയിലെ തേയില തോട്ടങ്ങളിലേക്കു ചേക്കേറി. അതിനു സാധിക്കാത്തവർ മറ്റു കൂലിപ്പണികളിൽ ഏർപ്പെട്ടു. യാതനകളുടെ ഈ ചരിത്രത്തിനു വർത്തമാന കാലഘട്ടത്തിലും പ്രസക്തിയേറെയാണ്. 2020- ൽ ഇടുക്കി, പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ 60- ൽ പരം ആളുകളെ കാണാതെ ആവുകയും പിന്നീട് അവരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്ത അവസരത്തിൽ തോട്ടം തൊഴിലാളികളോട് ഇന്നത്തെ ഗോവെർന്മെന്റുകളും നീതിപുലർത്തുന്നില്ല എന്ന സത്യം വേദനാജനകമായി തുടരുന്നു.

തങ്ങൾ നട്ടുവളർത്തിയ മരങ്ങളെയും തേയില തോട്ടങ്ങളിൽ നിന്ന് കൊളുന്തു നുള്ളുമ്പോൾ അവർ ചങ്ങാത്തം കൂടിയ പുഴുക്കളേം തവളകളേം നരികളേം മറ്റു ജീവികളേം കുറിച്ചെല്ലാം പാട്ടിൽ പരാമർശിക്കുന്നുണ്ട്. തങ്ങളുടെ പൂർവികർ കൈമാറ്റം തന്ന മണ്ണാണിതെന്നും, അവരാണ് സംസ്കാരങ്ങൾ പടുത്തുയർത്തിയതെന്നും, വിവിധ കുലത്തൊഴിലുകൾ അവരാണ് കണ്ടെത്തിയെതെന്നും പറയുന്നു. കാടും മണ്ണും ഭൂമിയിലെ മറ്റു വിഭവങ്ങളും മനുഷ്യന്റെ മാത്രം സ്വത്തല്ലെന്നും, അത് മറ്റു ജീവികൾക്കും അവകാശപ്പെട്ടതാണെന്നും അവയോടൊപ്പം പൊരുത്തപ്പെട്ടു ജീവിക്കണം എന്നും പാട്ടിൽ പറഞ്ഞു വെക്കുന്നു. നിലമുഴുതു വിളയിച്ചിട്ടും തങ്ങളുടെ തൊണ്ട വരണ്ടിരിക്കുകയാണെന്നു പറയുന്നു. ഏവരും സ്നേഹത്തോടയും സന്തോഷത്തോടെയും ഒരുമയോടെയിരിക്കണം എന്നാണ് പാട്ടിൽ ഇടവിട്ട് പറയുന്നത്. പാട്ടിലെ സ്ത്രീപക്ഷം വളരെ വ്യക്തമാണ്, വള്ളിയമ്മയെന്ന കഥാപാത്രം തങ്ങളുടെ കുലത്തിലെ എല്ലാ സ്ത്രീകളുടെയും പ്രതിരൂപമാകുന്നു. കാലങ്ങളോളം മണ്ണിനോടും മനുഷ്യനോടും പോരാടുന്നവരുടെ ആത്മാവുകൾ സംസാരിക്കുന്ന വരികളാണിവ.
നമ്മെ ഉല്ലസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ പാട്ടിന്റെ രാഷ്ട്രീയം പറഞ്ഞു വെക്കുന്ന ആശയങ്ങൾ അരാജകത്തിന്റെയും, പോരാട്ടത്തിന്റെയും, ചെറുത്തുനില്പിന്റെയും, അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുനൂറാശങ്ങളാണ്. എൻജോയ് എഞ്ചാമിയുടെ സംഗീത സംവിധാനം അമിത് കൃഷ്ണനും, മജ്ജക്കു വേണ്ടി സന്തോഷ് നാരായണൻ പ്രൊഡക്ഷനും നിർവഹിച്ചിരിക്കുന്നു.