
ആരുജയിച്ചാലും തോൽക്കുന്ന പെണ്ണുങ്ങൾ

ശബരി ജി രാജൻ
“ഞാൻ ഒരു സമൂഹത്തിന്റെ പുരോഗതിയളക്കുന്നത്, അവിടുത്തെ സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ അളവനുസരിച്ചിട്ടാണ്.”
-ഡോ. ബി. ആർ. അംബേദ്കർ.
2021 ഏപ്രിൽ 6നു, കേരള രാഷ്ട്രീയം ചരിത്രമെഴുതിയ സാഹചര്യത്തിൽ, വിവിധ ഘട്ടങ്ങളായുള്ള രാഷ്ട്രീയ പരിണാമ പട്ടികയെ സംവാദത്തിനു വിധേയമാക്കുമ്പോൾ, സംസ്ഥാന രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യമതിൽ പ്രധാനമായിരിക്കേണ്ടതുണ്ട്. മാനവ വികസന സൂചികയുടെ കണക്കനുസരിച്ച് കാലാകാലങ്ങളായി ഒന്നാമതായുള്ള ഒരു സംസ്ഥാനത്തിലെ, വനിതാ MLA മാരുടെയെണ്ണം, ആറു ദശാബ്ദമായി പത്തു ശതമാനത്തിനുള്ളിലൊതുങ്ങുന്നതു നിരാശാജനകമാണ്. നേതൃത്വ പീഠങ്ങളിലേക്കു സ്ത്രീകൾക്കുള്ള പ്രവേശനം, പാർട്ടി ഭേദമന്യേ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാർട്ടികളുടെ വിജയസാധ്യത കുറവുള്ള അഥവാ തോൽക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിലെ സ്പഷ്ടമായ രാഷ്ട്രീയം വിശദീകരണത്തിനു വിദേയമാകുന്നതേയില്ല.

കേരള നിയമസഭയിൽ ഇതുവരെയുണ്ടായിരുന്ന എല്ലാ വനിതാ MLA മാരും മന്ത്രിമാരും അവരവരുടേതായ വ്യക്തിമുദ്രകൾ അവശേഷിപ്പിച്ചു പടിയിറങ്ങിയവരാണ്. 1957ലെ ആദ്യ നിയമസഭയിൽ ആറു വനിതകളാണുണ്ടായിരുന്നത്. ഏപ്രിൽ 10നു അന്ന് സത്യപ്രതിജ്ഞ ചെയ്ത ആദ്യ MLA റോസമ്മ പുന്നൂസായിരുന്നു. കേരള നിയമസഭയിലാകെ 8 വനിതാ മന്ത്രിമാരാണ് ഇന്നുവരെയുണ്ടായിട്ടുള്ളത്. കെ. ആർ. ഗൗരി അമ്മ, എം. കമലം, എം.ടി. പദ്മ, സുശീല ഗോപാലൻ, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി, കെ.കെ. ശൈലജ, ജെ. മേഴ്സികുട്ടി അമ്മ എന്നിവരാണവർ. മുഖ്യമന്ത്രിപദം അലങ്കരിക്കാൻ എന്ത് കൊണ്ടും അർഹയായിരുന്ന കെ ആർ ഗൗരി അമ്മ ഒരിക്കൽ പോലും ആ പദവിയിലേക്ക് ആനയിക്കപ്പെട്ടില്ല.

Covid 19 മഹാമാരിയെ ചെറുത്തുനില്കുന്നതിൽ ലോകത്തിനു മുഴുവൻ മാതൃകയായിമാറിയ മന്ത്രി കെ.കെ. ശൈലജ, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ(61035) വീണ്ടും സഭയിലെത്തുന്ന അവസരത്തിൽ, അവർ മുഖ്യമന്ത്രിയാകുക എന്നത് സ്ത്രീസമത്വത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും ന്യായമായ ആവശ്യം തന്നെയല്ലേ? കേരളത്തിന്റെ 13ആമത് മന്ത്രി സഭയിൽ 11 വനിതാ MLA മാർ അണിനിരക്കുമ്പോൾ അതിൽ പകുതി പേരെങ്കിലും മന്ത്രിസ്ഥാനത്തു അവരോഹിക്കപ്പെടേണ്ടതിന്റെ യുക്തി വളരെ വ്യക്തമാണെങ്കിലും സന്ദേഹത്തിനു നൂറു കാരണങ്ങളുണ്ടാകുന്നത് സങ്കടകരമാണ്.
140 മണ്ഡലങ്ങളിലായി 420 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് മത്സരത്തിൽ പങ്കെടുത്തപ്പോൾ അതിൽ വെറും 40 (9 %) സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 99 സീറ്റുകളും LDF സ്ഥാനാർത്ഥികൾ നേടിയെടുത്തപ്പോൾ അതിലെ 10 സീറ്റുകളിൽ മാത്രമാണ് വനിതാ MLA മാർ കടന്നുവരുന്നത്. പ്രതിപക്ഷത്തു നിന്നുള്ള ഏക വനിതാ MLA ആയി കെ കെ രമയും സഭയിലെത്തുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ജനവിധി കൂടിയാണ് രമയുടെ വിജയം.

നിയമ സഭയിൽ നിന്നും വ്യത്യസ്തമായി തദ്ദേശ സ്വയം ഭരണ വകുപ്പുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ആശ്വാസകരമാകുന്നത് വനിതാ സംവരണമുറപ്പുവരുത്തേണ്ട സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ്. ആയതിനാൽ മറ്റു സീറ്റുകളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് വിരളമാണ്. തങ്ങൾക്കായുള്ള സംവരണ സീറ്റുകളിൽ മാത്രം പരിഗണിക്കപ്പെടേണ്ടവരാണോ സ്ത്രീകളും, ദളിത്/ ആദിവാസി/ മറ്റു ജാതി, മത, ലിംഗ ന്യൂനപക്ഷങ്ങളും? ഒച്ചിന്റെ വേഗതയിൽ പോലുമുയരാത്ത നമ്മുടെ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യ കണക്കുകൾ, ഇപ്പോഴത്തേതനുസരിച്ച് ഇനിയും 60 വർഷം പിന്നിട്ടാലും 20% കടക്കില്ലയെന്ന് വേണം മനസ്സിലാക്കാൻ. പുരുഷന്മാരെക്കാളും കൂടുതൽ വനിതാ വോട്ടർമാരുള്ള ഒരു സംസ്ഥാനത്തിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ഇത്തരത്തിലുള്ള പൊരുത്തപ്പെടാത്ത കുറഞ്ഞ കണക്കുകൾ ആശങ്കാജനകമാണ്. വിവിധ മേഖലകളിലെ പ്രവർത്തന മികവിന് കേരളം മാതൃകയാവുന്നിടത്തു, സ്ത്രീ സമത്വ/പ്രാതിനിധ്യ വിഷയത്തിൽ ലോകമുറ്റു നോക്കുന്ന ന്യൂ സീലാൻഡിനെ നാം മാതൃകയാക്കേണ്ടതുണ്ട്. അവിടെ 120 പാർലമെൻറ് അംഗങ്ങളുള്ളതിൽ 57 (48 %) പേരും വനിതകളാണ്.

നൂതനമായ ഒരു സമൂഹത്തെ കൂടുതൽ ഉദാത്തമാക്കുവാൻ, നവീകരണത്തിന്റെ വിപ്ലവം സൃഷ്ഠിക്കുന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന അധികാര വർഗ്ഗം പുരുഷാധിപത്യത്തിന്റെ അടിമകളായി തുടരുന്നതിന് അവസാനമുണ്ടാകണം. സമത്വം ദൃഢീകരിക്കേണ്ടത് പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടു തന്നെയാണ്. അപ്പോൾ മാത്രമേ നീതി തുല്യമായി വിതരണം ചെയ്യപ്പെടുകയുള്ളു. സംവരണീയരായവരെ സംവരണത്തിന്റെ അനൂകൂല്യങ്ങളിൽ മാത്രം ചുരുക്കുകയോ അല്ലെങ്കിൽ അതും കൂടി നിഷേദിക്കുകയോ ചെയ്യുന്ന നിലവിലുള്ള സാമൂഹിക സ്ഥിതി വിശേഷങ്ങളിൽ നിന്നും നാം മാറേണ്ടതുണ്ട്. സ്ത്രീകളേയും മറ്റു ജാതി മത ലിംഗ ന്യൂനപക്ഷങ്ങളേയും അധികാര/വിധി നിർണ്ണയ പങ്കാളികളാക്കുന്ന ഒരു അവസ്ഥയിൽ മാത്രമേ ഈ രാജ്യത്തിൻറെ ഭരണഘടനക്ക് അനുസൃതമായി നാം പ്രവർത്തിക്കുന്നുവെന്ന് ഊറ്റം കൊള്ളാൻ സാധിക്കു.