
കല്പനികമായ തലക്കെട്ടുകൾ ചെടിപ്പിക്കാറുണ്ട്

എസ് ഹരീഷ്
ഒരു കഥയ്ക്കോ നോവലിനോ പേരിടുമ്പോൾ അത് പ്രമേയവുമായി ചേർന്ന് പോവണം എന്ന് നിർബന്ധം തോന്നാറുണ്ട്. തലക്കെട്ടുകൾക്ക് ഒരു കാല്പനിക സ്വഭാവം വരാതിരിക്കാനും വ്യക്തിപരമായി ശ്രദ്ധിക്കാറുണ്ട്. ചില കഥകൾ, അല്ലെങ്കിൽ നോവലുകൾ വായിക്കുമ്പോൾ, അതിന്റെ തലകെട്ടുകളുടെ കാല്പനികത, വല്ലാതെ ചെടിപ്പിക്കും. അത് കൊണ്ട് തന്നെ മനഃപൂർവം അത് ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്. പേരിടാൻ വേണ്ടി അധികം സമയമോ ഊർജ്ജമോ കളയാറില്ല. മിക്കവാറും ഒരു നോവലോ കഥയോ എഴുമ്പോൾ, എഴുതിത്തുടങ്ങുന്നതിനു മുൻപ് തന്നെ അതിന്റെ തലക്കെട്ടിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരിക്കും. ഒരുപാട് അതിന് വേണ്ടി തിരഞ്ഞിട്ടില്ല. ഒരു തലക്കെട്ട് എഴുതിക്കഴിഞ്ഞാൽ അത് മാറ്റണം എന്നുള്ള ആശങ്കയോ, സംശയങ്ങളോ ഉണ്ടായിട്ടില്ല. വളരെ അപൂർവമായിട്ടേ അങ്ങനെ ചെയ്തിട്ടുള്ളു. കഥ എഴുതുന്നതിന് മുമ്പേതന്നെ തലക്കെട്ട് മനസിൽ ഉണ്ടായില്ലെങ്കിൽ ആ കഥ പലപ്പോഴും നന്നാവാറില്ല. മിക്കപ്പോഴും ഉപേക്ഷിക്കേണ്ടി വരാറുമുണ്ട്.

ഞാൻ എഴുതിയ കഥകളിൽ, ഇത്തിരി നീണ്ട തലക്കെട്ട് ഉള്ളത്, ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’, എന്ന തലക്കെട്ടാണ്. അത് ശ്രീനാരായണഗുരുവിനെ കുറിച്ച് കുമാരനാശാൻ എഴുതിയ ‘ഗുരുസ്തവം’ എന്ന കവിതയിൽ നിന്നെടുത്തൊരു വരിതന്നെയാണ്. അതും പ്രമേയവുമായി വളരെ അധികം യോജിച്ചു പോവുന്നു എന്നു തോന്നിയത് കൊണ്ടാണ്. നാരായണ ഗുരുവിന്റെ പടം എടുത്ത് മാറ്റുന്നതിനെ കുറിച്ചുള്ളൊരു കഥയാണത്. രണ്ടുപേർ മിശ്രവിവാഹം കഴിക്കുമ്പോൾ, നേരത്തെ ഉണ്ടായിരുന്ന ഗുരുവിന്റെ ചിത്രം എടുത്ത് മാറ്റേണ്ടി വരുന്നതിനെ കുറിച്ചുള്ള കഥ. അത് കൊണ്ട് തന്നെ ആ തലക്കെട്ട് നന്നായി എന്നും തോന്നിയിട്ടുണ്ട്. ‘മീശ’ എന്ന നോവലിന് പേരിട്ടപ്പോൾ, അത് ഒരു നോവലിന് സാധാരണ പരിഗണിക്കാത്ത പേരാണെന്ന് പലരും പറഞ്ഞു. പക്ഷെ ആ ക്യാരക്റ്ററിന്റെ പേര് ഇടണം എന്ന് തന്നെ തോന്നി. വേറെന്ത് പേരിട്ടാലും അത്രയും യോജിക്കില്ല. അതുപോലെ ‘ആദം’ എന്ന പേര്. അത് ഒരു കഥക്ക് പറ്റിയ പേരാണോ എന്ന സംശയം തോന്നാം. അതും ഒരു കഥാപാത്രത്തിന്റെ പേരാണ്. കഥയിലെ ഒരു നായകുട്ടിയുടെ പേര്. തലക്കെട്ടുകൊണ്ട് കഥയ്ക്ക് കുറേ ഡയമെൻഷൻ വരും എന്ന് തോന്നിയതുകൊണ്ടാണ് ‘അപ്പൻ’ എന്ന പേരിൽ ഒരു കഥ വന്നത്. അതിൽ കെ പി അപ്പനെ കുറിച്ചും, മരിച്ചു പോയ മറ്റൊരു അപ്പനെ കുറിച്ചും പറയുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു ഫാദർ ഫിഗർ തലക്കെട്ടിൽ വരുന്നത് നന്നായിരിക്കും എന്ന് തോന്നി. അത് പോലെ വേറൊന്ന് ‘നിര്യാതരായി’ എന്ന തലക്കെട്ടാണ്. ഒട്ടും കാല്പനികമല്ലാത്ത, വളരെ നെഗറ്റീവ് ആയ ഒരു തലക്കെട്ട്. പക്ഷെ ഇത് മരിച്ചവരുടെ കഥയാണ്. ഈ പേര് കേൾക്കുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് പത്രത്തിൽ വരുന്ന ചരമ കോളമാണ്. വേറെ ഏത് കോളത്തിൽ വന്നാലും അതിൽ പേരു വരാൻ ആർക്കും താല്പര്യം കാണില്ല. ആ പേര് ഉചിതമായി തോന്നി.
തലക്കെട്ടിൽ അത്ഭുതം കാണിച്ച് പുസ്തകം വായിപ്പിക്കണം എന്ന് തോന്നിയിട്ടില്ല. പൊതുവെ താൽപര്യവും സിംപിൾ ആയിട്ടുള്ള തലക്കെട്ടുകളോടാണ്; കാരൂരിന്റെ ‘മോതിരം’, തകഴിയുടെ ‘തഹസിൽദാരുടെ അച്ഛൻ’, ബഷീറിന്റെ കഥകൾ, ഇവിടെ തലക്കെട്ടുകളിൽ ഒരു മായാജാലവും നമ്മൾ കാണില്ല. കഥയിലാണ് അത്ഭുതം സംഭവിക്കുന്നത്. ഇടക്കാലത്ത് അല്ലെങ്കിൽ ആധുനികതാ കാലത്ത് വന്നൊരു സംഭവമാണ് തലക്കെട്ടിലെ അസാധാരണത്വം. അത് മേതിലിന്റെ കഥകളിലോക്കെയാണ് കണ്ടിട്ടുള്ളത്. വളരെ വിചിത്രമായത്; ‘ഒരു പഴുതാരയെ എങ്ങനെ കൊല്ലാം’, അതുപോലെ ‘സംഗീതം ഒരു സമയകലയാണ്’. അങ്ങനെയുള്ള തലക്കെട്ടുകളിൽ എനിക്ക് താല്പര്യം തോന്നിയിട്ടില്ല.
കഥയുടെ ലാൻഡ്സ്കേപ്പിനെ തലക്കെട്ടിൽ കൊണ്ട് വരാൻ ശ്രമിക്കുന്നവരുണ്ട്. അത് അവരുടെ കഥകളെ സംബന്ധിച്ച് നല്ലതായിരിക്കാം. തലക്കെട്ട് പൂർണ്ണമായും നമ്മളെ ആ കഥയിലേക്ക് എത്തിക്കണം എന്ന് കരുതുന്നില്ല. അത് പോലെ തന്നെ പല വാക്കുകൾ കൂട്ടി ചേർത്ത് പിടി തരാത്ത തലക്കെട്ടുകൾ നൽകുന്നവരുമുണ്ട്. തലക്കെട്ടുകളിൽ ഒരു അത്ഭുതം കാണിക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് എന്റെ പക്ഷം. കഥയ്ക്ക് ഒരു പേര് വേണം. ആ പേര് പ്രമേയവുമായി ബന്ധപെട്ടതായിരിക്കണം. ഒരു ആകർഷണീയത വേണം. അത്രയേ ഉള്ളു.