
നിരോധനാജ്ഞ

രോഷ്നി സ്വപ്ന
മരിക്കുന്നതിനു മുമ്പ്
ഓരോരുത്തരും
യാത്രക്കൊരുങ്ങുന്നു
എത്ര തെളിച്ചാലും
തെളിയാത്ത ഒരു വിളക്ക്
മുന്നേ നടക്കുന്നു
അതിന്റെ
തിരിയുടെയറ്റത്ത്
മരിച്ചവരുടെ അമ്മ നിന്നു കത്തുന്നു
യാത്രക്കൊരുങ്ങുന്നവർ മനുഷ്യരുടെ
മുഖചായയുള്ള
മനുഷ്യരായിരുന്നു
കൈകാലുകളൾ
ഉരച്ചു കഴുകുന്ന….
മുടിയിഴകള്‍
വിടര്ത്തിയുണക്കുന്ന…..
തൊട്ടുതൊട്ടിരിക്കാത്ത-
മനുഷ്യര്‍
കാറ്റില്‍
ശ്വാസങ്ങള്‍ പിണഞ്ഞു
ജീവന് അടര്‍ന്നു പോയേക്കുമോ
എന്ന പേടിയില്‍ ഒരേയകലത്തിലവര്
മൗനത്തിന്റെ ഭാഷയില്‍
പാട്ടുപാടിക്കൊണ്ട്
നടന്നുപോകുന്നു
ഭൂമിയിലെല്ലായിടത്തും
നിരോധനാജ്ഞയാണ്
കൈകളില്‍ നിന്ന്
കൈകളിലേക്ക്
ചുണ്ടില്‍ നിന്ന്
ചുണ്ടിലേക്ക്
വാക്കിലേക്ക്,
ഒച്ചയിലേക്ക്
പാട്ടിലേക്ക്
നാവില്‍ നിന്ന് ആമാശയത്തിലേക്ക്
ഭാഷയില്‍ നിന്ന്
അര്‍ത്ഥത്തിലേക്ക്
മരിക്കുന്നതിനു മുമ്പുള്ള
യാത്രയെ
ആര് നയിക്കുമെന്നത് പ്രശ്നമാകുന്നു
ഒരാള്‍
ആകാശത്തേക്ക് കൈകളുയര്‍ത്തി
കൂവി വിളിക്കുന്നു

കേള്‍വി
നഷ്ടപ്പെട്ടതിനാല്‍ അതാര്‍ക്കും കേള്‍ക്കാനാവുന്നില്ല
യാത്രയില്‍
കൂടെ
ഒരമ്മ മാത്രമേയുള്ളൂ
ഉടന്‍ തറച്ചു കയറാനായി
കാത്തു നില്ക്കുന്ന
വെടിയുണ്ടക്കു നേരെ
അമ്മ
ഒരുവനെ
അണിയിച്ചൊരുക്കുന്നു.
എല്ലാ അതിരുകളും ഒരേ പാട്ട് പാടുന്നു.
ഈ യാത്ര
ഇങ്ങനെതന്നെ
നീണ്ടു പോകുമെന്ന്
ഞങ്ങള്‍ ഭയക്കുന്നു
കെട്ടിപ്പൂട്ടിയ
ഉടലുകള്ക്കകത്തേക്ക്
പ്രവേശിക്കാനാവാതെ
രോഗാണുക്കള്‍ക്കൊപ്പം
വെളിച്ചവും സമാധാനവും നശിച്ചുപോകുന്നു
കവിത അതിന്റെ പാട്ടിനു പോകുന്നു.
അവര്‍
അനങ്ങാനാവാതെ തന്നെ
ജീവിച്ചിരിക്കുന്നുവെന്ന്
ഊറ്റം കൊള്ളുന്നു
മിണ്ടാനാവാതെ
കുതറാനാവാതെ
നടക്കാനോ ഓടാനൊ
വിരല്‍ ചൂണ്ടാണോ
ഉറക്കെ ശബ്ദിക്കാനോ ആവാത്ത
‘’ജീവിതത്തെക്കുറിച്ചോര്‍ത്ത് !
ഭൂമി പ്രളയത്തില്‍ മുങ്ങി
ഉയര്‍ന്നു വന്നു
ചരിത്രങ്ങള്‍ വന്നും പോയുമിരുന്നു
മണ്ണില്‍ നനഞ്ഞ അസ്ഥികൂടങ്ങള്‍
മുളക്കാന്‍
കാത്തു കിടക്കുന്നു
അതിനിടയില്‍
ഒരാള്‍ മാത്രം
പച്ചച്ചു കിടക്കുന്നു
അടയാത്ത കണ്ണുമായി ..
നൂറ്റാണ്ടുകളോളം
അവന്
മണ്ണിനടിയില്ക്കിടന്നു
അസ്ഥികൂടമായി
മാറിയവര്‍
പരാജയപ്പെട്ടു
അവര്‍
പരകായത്തിനായി
ഉടലുകള്‍ തേടി വിതുമ്പി
എല്ലാവര്ക്കും വേണ്ടി
അവന് മാത്രം മുളച്ചു
അപ്പോഴും
മണ്ണില്‍ നിന്ന്
മുള പൊട്ടുന്നത്
കാണാന്‍
അമ്മ
മാത്രം
മരിക്കാതിരിക്കുന്നു.