
പച്ചമുതല്‍ പച്ചവരെ

റോബിന് എഴുത്തുപുര
അയാള്‍ക്കുചുറ്റും
ദേശാടനക്കിളികള്‍
പറന്നിറങ്ങി.
കൈവെള്ളയില്‍
അടയ്ക്കാപ്പുള്ളുകള്
നാരൊരുക്കുകയും
ചെവികളില്‍
തൂക്കണാംകുരുവികള്‍
ഞാത്തുകൂട്
മെനയുകയുംചെയ്തു.
പുരികങ്ങളില്‍
ശലഭങ്ങള്‍ വിശ്രമിച്ചു.
ചുണ്ടുകളില്‍
തുമ്പികള്‍ ഉമ്മവച്ചു.
ചുമലില്‍ മാറിമാറി
മധുരംകുറയാതെ
കുയിലുകള്‍ പാടി.
കാക്കകള്‍
തലയ്ക്കുമീതേ
വട്ടമിട്ട്
കുഞ്ഞുങ്ങളെ
പറക്കാന്‍ പരിശീലിപ്പിച്ചു.
പരുന്തുകള്‍
അനുസരണയുള്ള
നായ്ക്കളെപ്പോലേ
തലോടലേറ്റ് കുറുകിനിന്നു.
അപ്പോളും
പ്രാവും
തത്തയും
വേഴാമ്പലുമെവിടെയെന്ന്
മനുഷ്യരുടേതല്ലാത്ത
ശബ്ദത്തില്‍
അയാള്‍ പിറുപിറുത്തു.