
ആന്റി പൊളിറ്റിക്സ് ‘സന്ദേശ’ങ്ങളുടെ ശ്രീനിവാസൻ

ആർ. ജെ സലീം
രാഷ്ട്രീയം എന്നതിന്റെ എതിർ രൂപമായി സാധാരണ പ്രയോഗിച്ചു കാണാറുള്ള വാക്കാണ് അരാഷ്ട്രീയത എന്നത്. എന്നാൽ സത്യത്തിൽ ആ അടയാളപ്പെടുത്തലിൽ ഒരു പിശകുണ്ട്.
പൊളിറ്റിക്സ് അഥവാ മനുഷ്യന്റെ ഏറ്റവും അടിസ്ഥാന പ്രശ്നങ്ങളെ സംബോധന ചെയ്യുന്ന പ്രക്രിയയുടെ എതിർ രൂപം അരാഷ്ട്രീയത അല്ല. അത് കൃത്യമായും ആന്റി പൊളിറ്റിക്കൽ അഥവാ രാഷ്ട്രീയ വിരുദ്ധതയാണ്.
അരാഷ്ട്രീയതയെന്നാൽ രാഷ്ട്രീയ അസാന്നിധ്യമാണ്. രാഷ്ട്രീയത്തിൽ ഇടപെടാതെ തൻ കാര്യം മാത്രം നോക്കണമെന്ന് വാദിക്കുന്ന വെറും വ്യക്തിനിഷ്ഠ വൃത്തികേടാണ്. അത് പ്രവർത്തിക്കുന്നത് മാറി നിൽക്കലിന്റെ യുക്തിയിലാണ്. അതിനു ഇടപെടൽ യുക്തിയില്ല.
പക്ഷെ രാഷ്ട്രീയ വിരുദ്ധത അല്ലെങ്കിൽ ആന്റി പൊളിറ്റിക്സ് എന്നത് കൃത്യമായും രാഷ്ട്രീയം എന്നതിനോടുള്ള തികഞ്ഞ വെറുപ്പാണ്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും അടുപ്പിക്കാൻ കൊള്ളാത്തവരും വൃത്തികെട്ടവരുമാണ് എന്ന ഫ്യുഡൽ പുളിച്ചു തികട്ടലാണ്. അത് പ്രവർത്തിക്കുന്നത് ഇടപെടൽ യുക്തിയിലാണ്. രാഷ്ട്രീയം മോശമാണ് എന്നു തന്നെ അതെടുത്തു പറയുന്നുണ്ട്.
ഈ സന്ദർഭത്തിലാണ് നടൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ പ്രസ്താവനെയെയും അയാളെത്തന്നെയും മനസ്സിലാക്കേണ്ടത്.

ട്വന്റി 20യില് ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും ശ്രീനിവാസന്.
ബിജെപിയിൽ അംഗത്വമെടുത്ത മെട്രോമാൻ ഇ ശ്രീധരനും മുന് ഡിജിപി ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസന് പറഞ്ഞു.
ശ്രീനിവാസനെ സംബന്ധിച്ച ഏറ്റവും തെറ്റായ വിശകലനമാണ് അയാൾ അപോലിറ്റിക്കൽ ആണെന്നുള്ളത്. അയാൾ അപോലിറ്റിക്കൽ അല്ല, ആന്റി പൊലിറ്റിക്കലാണ്.
രാഷ്ട്രീയ വിരുദ്ധത അഥവാ ആന്റി പൊളിറ്റിക്കൽ എന്നതാണ് അയാളുടെയും അയാൾ സപ്പോർട്ട് ചെയ്യുന്ന 20-20 യുടെയും മറ്റ് എല്ലാവിധ ജനപക്ഷ, മനുഷ്യ പക്ഷ, ഒരു രാജ്യം ഒരു പെൻഷൻ, ഒറ്റ ബുദ്ധി കൊച്ചൗസേഫ് വികസന മാത്ര വിഭാഗങ്ങളുടെയും ട്രു നേച്ചർ.
ഇവർ രാഷ്ട്രീയം മോശമാണ് എന്നാവർത്തിച്ചുകൊണ്ടേ ഇരിക്കും, രാഷ്ട്രീയക്കാർ എല്ലാം വൃത്തികെട്ടവരാണ് എന്നു മാത്രം പ്രചരിപ്പിക്കും, അവനവന്റെ കാര്യം നോക്കൂ എന്നു മാത്രം പാടും. എല്ലാകാലത്തും ഇവരെക്കൊണ്ടുള്ള നേട്ടം കൊയ്യുന്നത് വലതു പക്ഷം മാത്രമായിരിക്കും. മനുഷ്യരെ അവരവരിലേക്ക് മാത്രം ചുരുക്കുന്നത് വലത്തിന്റെ അജണ്ടയാണല്ലോ.

അയാളുടെ സന്ദേശം സിനിമ പോലും അപോലിറ്റിക്കൽ അല്ല. അപോലിറ്റിക്കൽ എന്നതിന് വിവരക്കേടിന്റെ ഒരു നിഷ്കളങ്കതാവശമുണ്ട്. സന്ദേശത്തിന്റെ രാഷ്ട്രീയം അതല്ല. അത് രാഷ്ട്രീയം എന്നതിനോടുള്ള സർവ്വ പുച്ഛവും തികഞ്ഞ വിരോധവുമാണ്. രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കൂ എന്ന അരാഷ്ട്രീയ സന്ദേശമല്ല ആ സിനിമയുടേത്. രാഷ്ട്രീയം തന്നെ വേണ്ട എന്ന ആന്റി പൊലിറ്റിക്കലാണ് അതിന്റെ ടോട്ടൽ മെസേജ്.
ആന്റി പൊലിറ്റിക്കലിന് നിഷ്കളങ്കതയുടെ തരിമ്പുമില്ല. ആന്റി പൊളിറ്റിക്കൽ എന്നാൽ ആന്റി സോഷ്യൽ എന്നു തന്നെയാണർത്ഥം. അതുകൊണ്ടു തന്നെ ഇവരുടെ ജനപ്രീതിയുടെ മുഖം മൂടി വലിച്ചു കീറപ്പെടേണ്ടതുണ്ട്. തുറന്ന് എതിർക്കപ്പെടേണ്ടതുണ്ട്.
ശരിയാണ്, ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രയോഗത്തിലും മനസ്സിലാക്കലിലും പ്രശ്നങ്ങളും കുറവുകളുമുണ്ട്. പക്ഷെ അതിന്റെയൊക്കെ തന്നെ പരിഹാരം കിടക്കുന്നത് രാഷ്ട്രീയത്തിന്റെ തന്നെ കൂടുതൽ മെച്ചപ്പെട്ട പ്രയോഗത്തിലാണ്. എങ്ങനെയാണോ ജനാധിപത്യത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരം ജനാധിപത്യ വിരുദ്ധതയല്ല കൂടുതൽ ജനാധിപത്യമാവുന്നത്, അതേപോലെ.
അല്ലാതെ ശ്രീനിവാസന്മാർ പ്രചരിപ്പിക്കുന്നപോലെ രാഷ്ട്രീയത്തെ തന്നെ അപ്പാടെ റദ്ദു ചെയ്തു കളയലല്ല വേണ്ടത്. അത് നമ്മൾ ഇതുവരെ നേടിയ എല്ലാ സാമൂഹിക നേട്ടങ്ങളിൽ നിന്നുപോലുമുള്ള തിരിഞ്ഞ് നടത്തമായിരിക്കും, അതൊരു സാമൂഹിക ആത്മഹത്യക്ക് തന്നെ തുല്യമായിരിക്കും.