
മൂകാംബികയിൽ കഥകൾ പിറക്കുന്നു

രസ് ലിയ എം.എസ്സ്.
നമുക്കു ചുറ്റുമുള്ള ജീവിതത്തെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണുകയും അനുഭവസാക്ഷ്യം കൊണ്ട് ആ ജീവിത മുഹൂർത്തങ്ങളെ തനതായ രീതിയിൽ ആഖ്യാനിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.ആർ. സുധീഷ്. കഥാകൃത്ത്, നിരൂപകൻ, അധ്യാപകൻ എന്നിങ്ങനെ വിശേക്ഷണങ്ങളേറെയുണ്ടെങ്കിലും എല്ലാവരെയും വി.ആർ.സുധീഷാക്കുന്ന, പിന്തുടർന്ന് വായിക്കാൻ പ്രേരിപ്പിക്കുന്ന മാന്ത്രികതയുണ്ട് ആ രചനയിൽ. എഴുത്തിന്റെ നാൽപതു വർഷം പിന്നിടുന്ന അദ്ദേഹത്തെ കാൽപനികതയുടെ കഥാകാരനെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാൽ സഹജീവി സമന്വയവും സമഭാവനയോടെ ലോകത്തെ തന്നെ നോക്കി കാണുന്ന കഥകളും വി.ആർ.സുധീഷിനെ വ്യത്യസ്തനാക്കുന്നു.പുതിയ കാലത്തിന്റെ ബഹളങ്ങൾക്കിടയിലും ഞാനിവിടെയുണ്ട് എന്ന അടയാളപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ കഥകൾ വരുന്നു. വായിച്ചറിഞ്ഞവർ അവരുടെ ഭാഷയിലത് പറയാൻ ശ്രമിക്കുന്നു. കോവിഡാനന്തരം മഴ തോർന്ന മുറ്റത്തേക്ക് പതിയെ ഇറങ്ങും പോലെ സാംസ്കാരിക ലോകം സജീവമാകുന്നു. മുമ്പത്തെപ്പോലെ വേദികളിൽ ഉദ്ഘാടകനായും പ്രാസംഗികനായും എന്നത്തെയും പോലെ പതിയെ ചുവടുകൾ വെച്ച് വി.ആർ.സുധീഷ് വരുന്നു. ആഴമേറിയ നിരീക്ഷണവും വാക്കുകളിലെ മനോഹാരിത കൊണ്ടും അദ്ദേഹത്തെ കേട്ടിരിക്കുകയെന്നത് അറിവു പകരുന്ന ഒരു ഉദ്യമമാകുന്നു. വലിപ്പചെറുപ്പമില്ലാതെ ആദ്യമായെഴുതുന്ന ഒരാൾക്കു പോലും അവതാരികയെഴുതി അദ്ദേഹം എല്ലാവരുടെയുo ഒപ്പം ചേരുന്നു. മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് പുനത്തിൽ കുഞ്ഞബ്ദുള്ളക്കു പോലും അവതാരികയെഴുതിയ ആളാണ് നമ്മുടെ കഥാകാരനെന്നത് വിസ്മയിപ്പിക്കുന്ന
തുലാമാസത്തിലെ ചോതിയിലാണ് വി.ആർ.സുധീഷ് പ്രപഞ്ചത്തിലേക്കെത്തിയത്. പിന്നീട് കോഴിക്കോട്ടൊരു പ്രപഞ്ചം തന്നെ പണിത് തൂലികയുമായി ഇരിക്കുകയാണദ്ദേഹം. പിറന്നാളിന് അമ്മ വിളിക്കുമ്പോൾ അദ്ദേഹം മൂകാംബികയിലെത്തും ഇരുപതുവർഷത്തിലേറെയായി പിറന്നാൾ ദിനം ദേവീ സന്നിധിയിൽ സുഹൃത്തുക്കളോടൊപ്പമാണ്.. കോവിഡാനന്തരം ഇക്കുറിയും അദ്ദേഹം മൂകാംബികയിലെത്തി. ഒരു പിടി പുസ്തകങ്ങളുടെ അർച്ചനയുമായി. മിഠായിത്തെരുവ്, കഥയെക്കുറിച്ചൊരു പുസ്തകം, അല്ലിയാമ്പൽക്കടവ്. എന്നീ പുസ്തകങ്ങളാണ് ദേവീ സന്നിധിയിൽ പ്രകാശിതമായത്.

മലയാളിക്ക് ഗൃഹാതുരമായ മിഠായിത്തെരുവിന്റെ ഓർമ്മകളുടെ അറയിലേക്കുള്ള യാത്രയാണ് വി.ആർ.സുധീഷിന്റെ ഏറ്റവും പുതിയ പുസ്തകം ” മിഠായിത്തെരുവ്: ഓർമ്മകളുടെ ആൽബം”. രണ്ടു ഭാഗങ്ങളിലായി കോഴിക്കോടൻ ഓർമ്മകൾ പങ്കുവെക്കുന്ന പുസ്തകം വായനക്കാരുടെ ഖൽബിൽ തൊടുമെന്നതിൽ സംശയമില്ല. പ്രണയത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും നിറവുകളിലൂടെ വായനയിൽ മധുരം നിറക്കുന്നതോടൊപ്പം ഈ പുസ്തകം അറിവിന്റെ കൽക്കണ്ടവും പകരുന്നു. വ്യാപാരത്തിന്റെ ഈ തുറമുഖം കടന്നു വന്ന കൈവഴികൾ, വഴിവിളക്കായി നിന്ന സാഹിത്യ പ്രതിഭകൾ, സംഗീതജ്ഞർ, ചലച്ചിത്ര നടന്മാർ, കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ എന്നിങ്ങനെ എന്തായിരുന്നു കോഴിക്കോടെന്ന് നമ്മളോട് പങ്കുവെക്കുകയാണീ പുസ്തകം.
കഥയെഴുതുന്നവർക്കും വായിക്കുന്നവർക്കും വേണ്ടിയുള്ള കൈപ്പുസ്തകമാണ് കഥയെക്കുറിച്ചൊരു പുസ്തകം, കഥ പറച്ചിലിന്റെ പ്രതിഭ പുതുതലമുറക്ക് വേണ്ടി പങ്കുവെക്കുന്ന എഴുത്തിന്റെ പാഠങ്ങൾ ഈ പുസ്തകത്തിൽ പ്രതീക്ഷിക്കാം. പാട്ടുകാരനാകാൻ കൊതിച്ച് എഴുത്തുകാരനായിത്തീർന്ന വി.ആർ.സുധീഷിന്റെ പാട്ടുകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. പ്രണയചന്ദ്രകാന്തവും, ആത്മഗാനവും, അല്ലിയാമ്പൽക്കടവും പാട്ടിനെ സ്നേഹിക്കുന്ന പാട്ടു വഴികളെ സൂക്ഷ്മമായി പിന്തുടർന്ന ഒരാൾക്ക് മാത്രം സാധ്യമാകുന്ന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധവും കേരളീയ സംഗീതത്തെക്കുറിച്ചായിരുന്നു. പാട്ടിനെ സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളാണ് വി.ആർ.സുധീഷിന്റെ ഈ പാട്ടുപുസ്തകങ്ങൾ. താളബോധത്തോടെ മധുരമായി വി.ആർ.സുധീഷ് പാടുന്നതും കേട്ടിട്ടുണ്ട്. ” അജ്ഞാതനാം സഹയാത്രികൻ ഞാൻ നിന്റെ ഉൾപ്പൂവിൻ തുടിപ്പുകളറിയുന്നു.. നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങൾ..നൊമ്പരങ്ങൾ..” എന്നദ്ദേഹം പാടുമ്പോൾ നിറയുന്ന ശോകച്ഛായയിൽ നാം അത്ഭുതത്തോടെ അദ്ദേഹത്തെ വീണ്ടും കേൾക്കാൻ കൊതിക്കുന്നു.
ഏവർക്കും സുപരിചിതനായ വി.ആർ.സുധീഷിന് പിറന്നാളംശസകൾ നേരുകയാണ് മലയാളം. എന്നും പ്രണയത്തിന്റെ പനിനീർസുഗന്ധത്തിൽ ചാലിച്ച കഥകളെഴുതിയിട്ടുണ്ട് അദ്ദേഹം. ഇത്രമേൽ പ്രണയിയായ നിങ്ങൾ എങ്ങനെ ഏകാകിയായി എന്ന ചോദ്യത്തിന് നിറഞ്ഞ മൗനത്തിന്റെ ഇനിയും എഴുത്തീരാത്ത കഥകൾ മറുപടിയായി പറഞ്ഞു തന്നിരുന്നു ഒരിക്കലദ്ദേഹം. ഇക്കുറി ജന്മനാൾ ദേവിയെക്കണ്ടു മടങ്ങും നേരം ചീമേനി തുറന്ന ജയിൽ സന്ദർശിച്ചിരുന്നു വി.ആർ. സുധീഷ്. അസ്ഥിത്വത്തിന്റെ വ്യഥകൾ അന്വേഷിക്കുന്ന ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിച്ച അദ്ദേഹം എണ്ണിയാൽത്തീരാത്ത തന്റെ പുസ്തക ശേഖരത്തിൽ നിന്ന് അവിടത്തെ അന്തേവാസികൾക്കായി പുസ്തകങ്ങൾ നൽകി. അടഞ്ഞ ലോകത്തിരുന്ന് ബാഹ്യലോകത്തെയറിയാൻ പുസ്തകമല്ലേ നല്ല കൂട്ട്. മടങ്ങും നേരം അന്തേവാസികൾ എല്ലാവരും കൂടി ചേർന്നു പാടി Happy Birthday V.R.Sudheesh..Happy Happy Birthday.. അതു കേട്ട് കണ്ണു നിറഞ്ഞ് മനസ്സ് നിറഞ്ഞ് നമ്മുടെ എഴുത്തുകാരൻ മടങ്ങി.
ഈ രംഗത്തിന് ഏതൊരു ജീവിത, കഥാ മുഹൂർത്തത്തേക്കാളും ഭംഗിയുണ്ട്. കേട്ടു മാത്രമറിഞ്ഞ ആ നിമിഷത്തിൽ ഞാൻ പലവുരു മുങ്ങി നിവർന്നു.. എന്തിനെന്നറിയില്ല എന്റെ കണ്ണുകളും നിറഞ്ഞു.. കഥയുടെ, പാട്ടിന്റെ അനേകം ജീവിതമുഹൂർത്തങ്ങൾ ഇനിയും നിങ്ങളെ തേടി വരട്ടെ.. പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കും പ്രണവമാകുന്ന എഴുത്തുകാരാ, ആയുരാരോഗ്യ സൗഖ്യങ്ങൾ.. മലയാളത്തിന്റെ എന്റെയും പിറന്നാൾ മംഗളങ്ങൾ.
1 Comment
നന്നായിട്ടുണ്ട്…