
അനുരോഗി

രേഷ്മ സി.
അമ്മ കൊയ്യാൻ പോവുമായിരുന്ന വയലിന്റെ
വടക്കേയതിരിലെ വീട്ടിൽ
വിരുന്നുപാർക്കാൻ വന്ന ചെറുപ്പക്കാരനെ
ഇടയ്ക്കിടെ ഓർക്കാറുണ്ട്.
ഉറക്കമുണരുമ്പോൾ
തലയണയ്ക്കടിയിൽ നിന്നും
ശംഖുപുഷ്പങ്ങൾ കിട്ടുന്ന തരം
പെണ്ണായിരുന്നില്ല ഞാൻ.
എന്നിട്ടും
ഒരു ചെറുനാരങ്ങയല്ലി പൊട്ടി
കണ്ണിൽ തെറിക്കുന്നതുപോലെ
നിമിഷനേരത്തേക്കെങ്കിലും
ഭയാനകമായിരുന്നു പ്രേമം.
അലസമായി അയാളൊരിക്കൽ
തിരിഞ്ഞുന്നോക്കിയപ്പോൾ
അകംപുറം പുകഞ്ഞതിന്റെയോർമ
എന്റെ ഉടലിൽ ഇപ്പോഴുമുണ്ട്.
പ്രേമമതിൻമേൽ
പരാദസസ്യമായ് പടർന്നു.
കെട്ടിടങ്ങളെ
കുട്ടികളുടെ പേരുകൾ വിളിച്ച്
ഞാനാനന്ദിച്ചു.
വരയൻകുതിരകളെ
വരഞ്ഞുവരഞ്ഞ്
കടലാസുകൾ തീർന്നു.
അലച്ചിലിന്റെ പൊയ്കയിൽ
ആമ്പലുകളെ പോറ്റി.
തിരക്കിട്ടോടിയ വകയിൽ
ഉടുപ്പിൽ മണ്ണ് പറ്റിയാലും
പേന കുടയുമ്പോൾ
പാവാടയിൽ മഷി തൂവിയാലും
കല ചെയ്യുകയാണ്
എന്നാശ്വാസം കൊണ്ടു.
സ്നേഹം നിഷേധിക്കപ്പെടുന്ന ഒരു കുട്ടി
എല്ലാ വീട്ടിലുമുണ്ടെന്ന്
അയാളോട് പറയാൻ മാത്രം
എനിക്ക് കഴിഞ്ഞിരുന്നില്ല.
എല്ലാ പ്രേമങ്ങളിലുമുണ്ട്
പ്രേമം കിട്ടാതെ വളരുന്ന
ഒരാൾ.