
റീമയുടെ കവിതകൾ

റീമ
I
വേദനയുണ്ടാകുമ്പോൾ
എന്റെ തല
രണ്ടു രാജ്യങ്ങളായി
തിരിഞ്ഞു യുദ്ധത്തിലേർപ്പെടും.
ഒരു ജനത സമാധാനത്തിനായി
പ്രാർത്ഥിക്കുമ്പോൾ,
മറുഭാഗം പോരിനായി
കോപ്പുകൂട്ടുന്നുണ്ടാവും.
നിറങ്ങളോടും ശബ്ദങ്ങളോടും
കടുത്ത ശത്രുതയിലാവും.
കണ്ണുകളിൽ തകർക്കപ്പെട്ട
കൊട്ടാരങ്ങളുടെ ചില്ലുകഷ്ണങ്ങൾ
തറച്ച് കാഴ്ച്ചമുറിഞ്ഞു
ഇരുട്ടൊലിക്കും.
ചെവികൾ, തീപ്പന്തങ്ങൾ
കത്തിച്ചടർത്തുന്ന കോട്ടകളായി
നിലവിളിക്കും.
മൂർദ്ധാവിൽ നിന്നുമൊരുപാട്
മിടിപ്പുകൾ
രക്തവർണ്ണമാർന്ന ദയ നദിയായ്
പിടഞ്ഞൊഴുകും.
സകലമാന ഗന്ധങ്ങളേയും
പിടിച്ചുകെട്ടി കാരാഗ്രഹത്തിലടക്കും,
പ്രണയത്തിനും വാത്സല്യത്തിനും
കടുത്ത ദാരിദ്ര്യം ഉടലെടുക്കും,
വിശപ്പും ദാഹവും നാടുവിടും.
കട്ടിലും പുതപ്പും ഇരുട്ടും
അഭയസ്ഥാനങ്ങളായെടുത്ത്
കുടിയേറി പാർക്കാനൊരുങ്ങുന്ന
എന്റെ,
ഉടലുടഞ്ഞു ചിതറികിടക്കുന്ന
ചിന്തകളുടെ യുദ്ധക്കളം കണ്ട്
മനസ്സൊരു ബോധിവൃക്ഷത്തണലു
തേടിയിറങ്ങും.
ഉറക്കമെന്ന ധർമമാർഗം സ്വീകരിച്ച്
ഞാൻ എന്നിലേക്കൊടുങ്ങുന്നതപ്പോഴാണ്.
II
പ്രണയിക്കേണ്ടതെങ്ങനെയെന്നു
നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു !
ഒരാലിംഗനത്തിന്റെ
ഉന്മാദാഗ്നിയിൽ
എരിഞ്ഞൊടുങ്ങേണ്ടതെങ്ങനെയെന്നു
ഈയ്യാംപാറ്റകളോടും,
ഓരോ തഴുകലിലും
അവേശമടങ്ങാതെ
വീണ്ടുമോടിയണയേണ്ടതെങ്ങനെയെന്നു
തിരകളോടും,
ഒരൊറ്റ ചുംബനത്തിൽ
മൂർച്ഛിക്കേണ്ടതെങ്ങനെയെന്നു
ഇടിമിന്നലുകളോടും,
നമുക്കാരായാം.
എന്നാൽ,
ഖിയാമത്തുകളെത്ര
വന്നൊടുങ്ങിയാലാണ്
നാമതിൽ
പൂർണ്ണജ്ഞാനികളാവുക
പ്രിയപ്പെട്ടവനേ?
III
വർഷം,
വേനലിന്റെ കണ്ണിൽ തറച്ച
മേഘങ്ങളുടെ ചീള് !
വസന്തം,
മഞ്ഞുകാലമെടുത്തു വെച്ച
പൂക്കളുടെ ആത്മാവ് !
ശരത്കാലം,
കാറ്റിനോടൊപ്പം ഒളിച്ചോടിയ
ഇലകളുടെ ശ്മശാനം !
ശിശിരം,
സന്ധ്യയോടു മത്സരിച്ച
പുലരികളുടെ വിയർപ്പുതുള്ളി !
IV
വിദൂരസ്ഥനായിരിക്കുന്ന
നിന്റെയടുക്കലേക്ക്
ഞാനെന്റെ റൂഹിനെ
പറഞ്ഞയക്കുന്നു.
എണ്ണമറ്റ രാവുകളുടെ
കഠിനമായ ഇരുട്ടിനെ
കുതിർത്ത് പിഴിഞ്ഞുണ്ടാക്കിയ
വീഞ്ഞും കൊടുത്തുവിടുന്നു.
നിന്റെ ഏകാന്തതകളിൽ
വെയിലു പോൽ തിളങ്ങുന്ന
കവിതയുടെ ചഷകത്തിൽ
നീയതു പാനം ചെയ്യുക.
ശേഷം,
എനിക്കു വേണ്ടി മാത്രമായ്
പ്രണയത്തിന്റെ നൂലിഴകളടർത്തി
നേർത്തവിരലുകളാലതിൽ
സ്വർഗ്ഗസംഗീതമാലപിക്കുക.
ഞാനതിന്റെ
ആരോഹണാവരോഹണങ്ങളിൽ
പരമാനന്ദത്തിന്റെ നൃത്തമാടട്ടെ,
ഉൻമാദത്തിന്റെ പരകോടിയിൽ
“ഞാൻ” മറഞ്ഞു
“നീ” തെളിയും വരെ!