കൺസെന്റ്: ലൈംഗിക ബന്ധങ്ങൾക്കുള്ള അനുവാദം മാത്രമല്ല

രമ്യ. പി. കെ
കൊച്ചിയിൽ ഈ കഴിഞ്ഞ ദിവസം പതിനാല് വയസുള്ള ഒരു വിദ്യാർത്ഥി, വഴിയിൽ വച്ചു കണ്ട അപരിചിതയായ സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിച്ച സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായപ്പോഴാണ് നമ്മൾ കൺസെന്റിനെക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയത്.
അതുവരെ ഇവരൊക്കെ എവിടായിരുന്നു ?!
കൺസെന്റിന് ലൈംഗികബന്ധവുമായി മാത്രം കൂട്ടിയിണക്കി നമ്മൾ നൽകിയ നിർവചനങ്ങളാണ് ആദ്യം ഉടച്ചുവാർക്കപ്പെടേണ്ടത്. അനുവാദമില്ലാതെ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്ന എന്തും കൺസെന്റുമായി കൂട്ടിവായിക്കപ്പെടേണ്ടതാണ്. ഓരോ വ്യക്തിയുടെ ജീവിതത്തിലും അവരുടെ കൺസെന്റ് ഇല്ലാതെ തന്നെയാണ് പലരീതിയിൽ സ്റ്റേറ്റ്, കുടുംബം, കറപ്റ്റഡ് അക്കാദമിക് സ്പേസുകൾ എന്നിവയെല്ലാം ഇടിച്ചുകയറുന്നത്. ഓരോ വ്യക്തിയുടെയും രാഷ്ട്രീയാഭിപ്രായ രൂപികരണത്തിലും, സ്വകാര്യ തീരുമാനങ്ങളിലേക്കുമെല്ലാം ഒളിഞ്ഞു നോക്കുകയും അനുവാദമില്ലാതെ കടന്നുകയറുകയും ചെയ്യുന്നതെന്തും മേല്പറഞ്ഞ കൺസെന്റുമായി ബന്ധപ്പെട്ട പ്രശ്നം തന്നെയാണ്.
ഒരു സ്ത്രീയോട് അശ്ലീലചുവയോടെ സംസാരിക്കാൻ ഒരു 14 വയസുള്ള ആൺകുട്ടിക്ക് എങ്ങനെ കഴിയുന്നു എന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. നമ്മുടെ കുടുംബ സംവിധാനങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും നൽകുന്ന ധൈര്യമാണ് ഈ ചോദ്യങ്ങളുടെയെല്ലാം അടിസ്ഥാനം. കൺസെന്റ്, ജൻഡർ പെർഫോമാറ്റിവിറ്റി, വിവിധ സെക്ഷ്വൽ ഓറിയെന്റെഷനുകൾ എന്നിവയെക്കുറിച്ചെല്ലാമുള്ള അജ്ഞതയാണ് ഇതിന്റെ മൂല കാരണം. അത് പരിഗണിക്കാതെ ഈ സാമൂഹിക രോഗങ്ങളെ ചികിത്സിക്കുക എന്നത് അസാധ്യമാണ്.
കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പേറുന്ന സദാചാര മൂല്യങ്ങൾ ഇവയെല്ലാം ഉണ്ടാക്കുന്ന അപകടങ്ങൾ ഇങ്ങനെ പലരീതികളിലുമാണ് പുറത്തേക്ക് വരിക. പാഠപുസ്തകങ്ങളിലെ ജൻഡർ സെൻസിറ്റീവ് പ്രോനൗണുകൾ മുതൽ മനുഷ്യന്റെ പ്രത്യുത്പാദന ഘടനയെ കാണിക്കുന്ന ചിത്രങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന അധ്യാപകർ വരെ ഇതിൽ കുറ്റക്കാരാണ്.
നമുക്കിടയിൽ പല രൂപങ്ങളിൽ നിലനിൽക്കുന്ന റേപ്പ് കൾച്ചർ പോലും കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയുടെയും കൺസെന്റ് എന്ന മൂല്യത്തെ തെറ്റായ രീതിയിൽ വായിച്ചതിന്റെയും ആകെത്തുകയാണ്. ലൈംഗിക ബന്ധങ്ങളിൽ കൺസെന്റ് ചോദിക്കുമ്പോഴും അതിന്റെ മറുപടി ഒന്നുകിൽ ‘യെസ്’, അല്ലെങ്കിൽ ? അല്ലെങ്കിലും ‘യെസ്’ എന്നായിരിക്കുമെന്നാണ് പൊതുധാരണ. കാരണം സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം കൺസെന്റ് നൽകാൻ ഉള്ള പ്രിവിലെജിലും വളരെ താഴെയാണ്. അതിനപ്പുറത്തേക്ക് മറ്റൊരു മറുപടിയും ഇല്ല എന്നാണ് പല സാമൂഹ്യ സ്ഥാപനങ്ങളും ഒളിഞ്ഞും തെളിഞ്ഞും തലമുറകളായി പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.