
ഓവുപാലം

രാജേഷ് മോൻജി
ചെറുപ്പക്കാരൊക്കെ
വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്നത്
രണ്ടു മീറ്ററില്‍ കൂടിയും കുറഞ്ഞും വീതിയുള്ള
തോടിന് കുറുകെയുള്ള
ഈ ഓവുപാലത്തിലാണ്.
ഒരു വളവിനപ്പുറത്ത് കുളിക്കുന്ന
പെണ്ണുങ്ങളുടെ അഴകളവുകള്‍
മാനത്തു നോക്കി വിവരിക്കുന്നതിനനുസരിച്ച്
കല്ലുകൊണ്ട് വെറുതെ വരയ്ക്കും.
മുന്നിലൂടെ നടന്നു പോകുന്ന പെണ്ണ്
അടുത്തെത്തുന്നതുവരെ അവളുടെ
തലയും മുലയും ചുണ്ടും കവിളും വിവരിച്ച്
അടുത്തെത്തുമ്പോള്‍
അതൊരന്താരാഷ്ട്ര സംഭവമാണ്
എന്നൊരു വലിയ വാക്കടര്ത്തി വിട്ട്
വീണ്ടും പിന്‍ഭാഗം അളന്നെടുക്കും.
അപ്പോഴും പാലത്തില്‍ വരകള്‍ കുറിക്കും.
ആരോ ഉപേക്ഷിച്ചു പോയ,
കെട്ടുകളിട്ട ഗര്‍ഭനിരോധന ഉറ
തൊട്ടു മുമ്പിലിട്ട്
നീളന്‍ വടികൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തട്ടി
കഥകള്‍ മെനയും.
പെണ്ണുങ്ങളുടെ അവയവങ്ങള്‍
പാലത്തില്‍ തെളിയുകയും മായുകയും ചെയ്യും.
ഒരു പെണ്ണിന്റെയും പൂര്‍ണ്ണ ചിത്രം വരയ്ക്കാന്‍ മാത്രം
പാലത്തിനു വലുപ്പമുണ്ടായിരുന്നില്ല.
ഓവുപാലം ഒരു സൂചകമാണ്
ഒന്നുമറിയാത്തവന്റെ അറിവളവുകളുടെ താക്കോല്‍.
പാലത്തിന്റെ ചുവട്ടില്‍ ചില പൊത്തുകളില്‍
നാലുമടക്കു പുസ്തകങ്ങള്‍ തിരുകും.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോരുത്തരായി കൈമാറി
തിരികെ എത്തുമ്പോഴേക്കും
അത് ബലാല്ക്കാരം ചെയ്യപ്പെടും.
ഓവുപാലത്തില്‍ കയറി നിന്ന്
ഒരുമിച്ച്, താഴേക്ക് നീട്ടി മൂത്രമൊഴിക്കും.
മൂത്രത്തിന്റെ വണ്ണം നോക്കി പരസ്പരം പുകഴ്ത്തും.
സന്ധ്യകളില്‍
തുടകളിലേക്ക് ടോര്‍ച്ചടിച്ച് പതുങ്ങി വരുന്ന
മധ്യവയസ്കരെ കാത്ത്
ഒന്നോ രണ്ടോ പേര്,
ഒക്കെക്കഴിഞ്ഞ് ബാക്കിയാവും.
ഇതേ കഥ മറ്റൊരു ആംഗിളില്‍
ഓവുപാലം നാളെപ്പറയും.