
മീനും ഞാനും

രാജേഷ് ചിത്തിര
ചെറുപ്പത്തില്‍
വീടിനടുത്തുള്ള
തോട്ടില്‍ നിന്നും
മീനുകളെ പിടിച്ചിരുന്നു.
കൈക്കുമ്പിളിലെ
ജലം ഒഴുകിത്തീരുമ്പോള്‍
മീനുകള്‍ കുതറി തുടങ്ങും
ഞങ്ങള്‍ മീനുകളെ
തോട്ടിലെ വെള്ളത്തിലേക്ക്
തിരികെ വിടും.
ഏറെക്കാലം കഴിഞ്ഞ്
മറ്റൊരു രാജ്യത്തിന്റെ
കൈക്കുടന്നയിലേക്ക്
വളര്‍ന്ന ഒരു മത്സ്യമായി
ഞാന്‍ നീന്തിക്കയറി.

അതിനും കുറെ മുന്നേ
എനിക്ക് തോട്ടില്‍ നിന്നും
ഒരു മീനിനെ കിട്ടിയിരുന്നു
ഈ മീന്‍
കിണറിന്റെ ഭിത്തി തുരക്കും
അത് വഴി
മറ്റൊരിടത്തേക്ക് നീന്തിപ്പോകും;
അച്ഛന് പറഞ്ഞു
അച്ഛന് കാണാതെ
ഞാന്‍ ആ മീനിനെ
ഒരു തൊട്ടിയിലിരുത്തി
കിണറ്റിലേക്ക് ഇറക്കി
ഞാന്‍ പല തവണ
ആ മീനിനെ കാണാന്‍
കിണറ്റിലേക്ക് നോക്കി
അതിന് കൊടുത്ത പേര്
ആവര്‍ത്തിച്ചു വിളിച്ച് നിരാശപ്പെട്ടു
കുറേക്കാലം ഞാന്‍ പാര്‍ത്ത
രാജ്യം അതിന്റെ കൈക്കുടന്നയില്‍ നിന്നും
എന്നെ വീട്ടിലേക്ക് തിരിച്ചൊഴുക്കി.
ഒരു മഴക്കാലത്ത്
മഴത്തുള്ളികള്‍
കിണറ്റിലെ ജലത്തിന് മീതെ
എന്റെ ഉടലിലൂടെ വല നെയ്ത്
കിണറ്റിലേക്ക് ഇറങ്ങിപ്പോയി
ഞാന്‍ കിണറ്റിലേക്ക്
പെയ്യുന്ന മഴയെ നോക്കി
അപ്പോള്‍ വെള്ളത്തിന് മുകളിലേക്ക്
മുഖമുയര്‍ത്തി നിശ്ചലനായി
നില്ക്കുന്ന ആ മത്സ്യത്തെ കണ്ടു
അതിന്റെ പേര്
എനിക്ക് ഓര്‍മ്മ വന്നില്ല
മത്സ്യത്തിന്റെ ഉള്‍മൗനത്തില്‍
നിന്നെടുത്ത
ഒച്ചയുടെ ഒരു മിന്നല്‍ കണക്ക്
അതിന്റെ വാലിളകി
അത് വീണ്ടും നിശ്ചലനായി
ജലത്തിന് മുകളിലേക്ക്
മുഖമുയര്‍ത്തി
എന്നെ നോക്കി നില്‍പ്പായി