
കടലാസുകപ്പല്‍

രാജേഷ് ചിത്തിര
കടലാസിനോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍.
ഒരു മരത്തോടുള്ള വാത്സല്യം ഉള്ളില്‍ നിറച്ചു കൊണ്ട് ഏത് കടലാസ് കിട്ടിയാലും ഞാനത് സൂക്ഷിച്ചു വച്ചു. ഓരോ കടലാസിലും തൊടുമ്പോള്‍ ഏതോ ഒരു മരം എന്നോട് അതിന്റെ ചില്ലകളനക്കി എന്തെല്ലാമോ മിണ്ടുന്നതായി എനിക്ക് തോന്നുമായിരുന്നു. അതൊരു അവാച്യമായ ഒരു അനുഭൂതിയായിരുന്നു.
ഞാന്‍ വളരുന്തോറും എന്റെ മുറി ചെറുതായി വന്നു. ഒരു വലിയ കടലാസുകാടാണ് എന്റെ മുറിയെന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങിയിരുന്നു.
ഓരോ കടലാസ് തുണ്ടും മുറിക്കുള്ളില്‍ കൊണ്ടു വയ്ക്കുമ്പോള്‍ ഏതൊക്കെയോ വൃക്ഷങ്ങളുടെ തൈകള്‍ നട്ടുവളര്‍ത്തുകയാണ് ഞാനെന്ന് തോന്നിയിരുന്നു.
ഒടുവില്‍ മുറിയില്‍ എനിക്ക് കിടക്കാനും നടക്കാനും മാത്രം സ്ഥലം ബാക്കിയായി.
ഞാനൊരു യുവാവായി. മറ്റൊന്നും ചെയ്യാനില്ലായിരുന്ന ഒരു പകല്‍ നേരത്ത് മുറി നിറഞ്ഞിരുന്ന കടലാസുകള്‍ നനച്ച് കുഴമ്പു പരുവത്തിലാക്കിത്തുടങ്ങി. കുറെ ദിവസങ്ങള്‍, ശരിയ്ക്കും മാസങ്ങളെടുത്തു എല്ലാ കടലാസുകളും കുഴച്ച് തീരാന്‍.
ഞാന്‍ ആ കുഴമ്പ് കൊണ്ട് ഒരു വള്ളം നിര്‍മ്മിച്ച് തുടങ്ങി.
രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലമുള്ള വള്ളത്തിലേക്ക് ചുരുങ്ങിപ്പോയി കടലാസുകള്‍. ഒരു വേനല്‍ മുഴുവന്‍ ഞാന്‍ ആ വള്ളം വെയിലിന് വിട്ടു കൊടുത്തു. നനവ് വാര്‍ന്നു വള്ളം ഒരു മരത്തോളം ഉണങ്ങി. എന്റെ ഉള്ളില്‍ ഞാനും ഉണങ്ങി തുടങ്ങിയിരുന്നു.

ഉണങ്ങിയ വള്ളത്തിലിരുന്ന് ഞാന്‍ മഴക്കാലത്തിനായി കാത്തു. ഒരു വള്ളത്തിനു ചലിക്കാനാവാകും വിധം വെള്ളനിരപ്പ് ഉയര്‍ന്നപ്പോള്‍ ഞാനും വള്ളവും ഒരു യാത്രയ്ക്കൊരുങ്ങി. എന്റെ മുറിയോളം പോന്ന വലിപ്പത്തിലോ അതിന് മീതെയോ സന്തോഷം എന്റെ ഉള്ളില്‍ നിറഞ്ഞിരുന്നു.
ഉണങ്ങിയ ഒരു മരത്തിന്റെ ഉള്ളിലെ വളര്‍ച്ചയുടെ അടരുകള്‍ക്കുള്ള വിടവുകളോളം പോന്ന ചിലത് മരങ്ങളെ അരച്ച് ഉണ്ടാക്കിയ കടലാസുകളിലുണ്ട്. അത്രത്തോളം വിടവുകളെ കടലാസുകള്‍ അരച്ച് നിര്‍മ്മിച്ച വള്ളത്തിലുമുണ്ടാവണം. അത്രത്തോളം വിടവുകള്‍ ആ വള്ളത്തില്‍ ഇരുന്ന് ജലയാനത്തിന് ഒരുങ്ങുന്ന എന്നിലുമുണ്ടാവണം. ഓരോ അടരിലും നിറയാന്‍ പോവുന്ന ജലകണങ്ങള്ക്കുള്ള കാത്തിരുപ്പുമായി ഞാനും വള്ളവും ആഴങ്ങളിലേക്കും ദൂരങ്ങളിലേക്കും സഞ്ചരിച്ചു. തുടങ്ങി. അപ്പോള്‍ കടുത്ത ഏകാന്തതയെ നേരിടാനാവണം കടലാസുകളില്‍ അടക്കം ചെയ്തിരുന്ന അക്ഷരങ്ങള്‍ ജലത്തോട് എന്തോ സംസാരിച്ചു തുടങ്ങി. ഞാന്‍ ആ വാക്കുകള്‍ക്ക് കാതോര്‍ത്തു.