
ആർക്കും വേണ്ടാത്ത ചില കവിതകൾ

രാജേഷ് ചിത്തിര
ഭരണാധികാരി ഒരു കവിയായാൽ പലതുണ്ട് ഗുണം.
ഒരു കവിതയും എല്ലാ വായനക്കാരനെയും സന്തോഷിപ്പിക്കുന്നില്ല എന്നയാൾ ആവർത്തിക്കും.
വിശപ്പ് അയാളുടെ ഒരു കവിതയിലെ വിഷയമായി ഞങ്ങൾ വായിക്കുകയുണ്ടായി.
വായനക്കാരിൽ ഭൂരിപക്ഷം പേർക്കും വിശപ്പ് എന്താണെന്ന് അറിയായ്കയാൽ മറ്റേതോ നൂറ്റാണ്ടുമായി ബന്ധപ്പെട്ട അതി പ്രാചീനമായ ഏതോ വികാരത്തെ പറ്റി ഞങ്ങളുടെ ഭരണാധികാരി ഓർമ്മപ്പെടുത്തിയെന്ന് വിമർശകർ ആ കവിതയെ ആഘോഷിക്കുകയുണ്ടായി.
മറ്റൊരിക്കൽ രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുമ്പോഴാണ് ഞങ്ങളുടെ സർവ്വാധികാരി സമാധാനത്തെ കുറിച്ച് ഒരു കവിതയെഴുതുകയുണ്ടായത്
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷയിൽ എഴുതപ്പെട്ട ആ കവിതയിലെ പല വാക്കുകളും ചരിത്രത്തിൽ രേഖപ്പെടുത്തുകയുണ്ടായി കവിത വായിച്ച ശത്രുരാജ്യത്തെ ഭരണാധികാരി ഞങ്ങളുടെ കവിയെ അത്താഴത്തിനു ക്ഷണിച്ചു രണ്ടു പേരും ഒരുമിച്ചിരുന്നു കവിത ചൊല്ലി ഞങ്ങൾ സമാധാനം ആഘോഷിക്കാൻ ആരംഭിച്ച രാത്രി അതിർത്തിയിൽ ഞങ്ങളുടെ ജവാന്മാർ സമാധാനത്തിന്റെ കവിത തോക്കുകളുടെ ഒച്ചയിൽ ചൊല്ലി.ആ രാത്രിയാണ് ഞങ്ങളുടെ രാജ്യം രണ്ടാമത്തെ യുദ്ധത്തിലേക്ക് നീങ്ങിയത്.
പ്രകൃതിക്ഷോഭിക്കുമ്പോൾ,
രോഗാണുക്കൾ പൂത്തുലയുമ്പോൾ,
ഞങ്ങളുടെ ഭരണാധികാരി കവിതകൾ എഴുതി
ഓരോ കെടുതിയിലും മരിച്ചവരെക്കാൾ കവിതകൾ
ചരിത്രത്തിനു സംഭാവന ചെയ്ത
കവിയായി മാറി ഞങ്ങളുടെ ആത്മീയഗുരു .
ഒരു വിഭാഗം മനുഷ്യർ
ആ കവിതകളെ ഭാഷയിലെ അത്ഭുതങ്ങളെന്ന്
ചരിത്രത്തിൻ്റെ ആവർത്തനങ്ങളെന്ന്,
ഭാവിയെകുറിച്ചുള്ള പ്രവചനങ്ങളെന്ന് ,
വാഴ്ത്തുകയുണ്ടായി
സ്വന്തം കുടുംബങ്ങളിൽ
ആ കവിതകളുടെ പ്രത്യക്ഷയനുഭവങ്ങൾക്ക് ശേഷം
അവർ ആ കവിതകളെ തെരുവിലെറിഞ്ഞതായിരുന്നു
ഞങ്ങളുടെ രാജ്യത്തിന്റെ കവിതയിലെ ആദ്യത്തെ അത്ഭുതം
പിന്നീട് വന്ന രാജ്യസ്നേഹം എന്ന കവിതയുടെ
മദ്ധ്യകാണ്ഡം
ഞങ്ങളുടെ രാജ്യത്തെഭൂരിഭാഗം പേരും വായിച്ചത്
തുറന്ന ജയിൽ എന്ന ഒരു രാജ്യത്ത് വച്ചാണ്.
ഭരണാധികാരി ഒരു കവിയായാൽ പലതുണ്ട് ഗുണം.