
മൃതസിംഫണി

രാജേഷ് ചിത്തിര
മരിച്ചവരുടെ തലച്ചോറുകളിൽ നിന്നും
സംഗീതമുണ്ടാകുന്നു.
ആ പാട്ടുകൾ എന്നെ തേടിവരുന്നു.
നിദ്രാനേരങ്ങളിൽ ഉച്ചിയിൽ നിന്നും
ശ്വാസമെടുത്ത് ഒരു പുല്ലാംകുഴൽ സ്വയം പാടുന്നു.
ചില ഉടലുകൾ മാത്രമല്ല
വിരൽസ്പർശ്ശമേൽക്കാതെ മീട്ടപ്പെടുന്ന
സംഗീത ഉപകരണങ്ങളുമുണ്ട്.
ജീവിച്ചിരിക്കുന്നവരുടെ തലച്ചോറിൽ
നിറയെ പാട്ടുകളാണ്.
വരികൾ മുഴുവിക്കപ്പെടാത്തവ
ഈണങ്ങൾ മുറിഞ്ഞു പോയവ
എത്ര ശ്രമിച്ചിട്ടും ഒരു പാട്ടും
പഠിക്കാനാവാതെ പോയ ഒരു കുട്ടിയെ
സംഗീതം ശിക്ഷിക്കുന്നു.
സംഗീതം എന്നെ ശിക്ഷിക്കുന്നു.
മരിച്ചു പോയ കൂട്ടുകാർ പാട്ടുകാരാണ്.
അവർ എന്നെ ക്ഷണിക്കുന്നു.
അതീവ ദയാലുക്കളായി മാറിയ
അവരുടെ സംഗീതം
ഭൂമിയിലെ സ്നേഹിക്കാനറിയുന്ന ജീവികൾക്ക്
സമാധാനം ദാനം ചെയ്യുന്നു.
സ്നേഹിക്കാനറിയുന്നവർ
ജീവിച്ചു ജീവിച്ച്
മരിച്ചു പോവുന്നു.
സ്നേഹിക്കാനറിയാത്തവർ
മരിച്ചു മരിച്ചു ജീവിച്ചു തീരുന്നു.
സ്നേഹത്തിന്റെയും
മരണത്തിന്റെയും
പാട്ടുകളാണ് എന്റെ കൂട്ടുകാർ.
എന്റെ കൂട്ടുകാർ മരിച്ചു പോയവരാണ്
എന്റെ തലയോട്ടി എത്ര മൃദുലമാണ്
നിന്റെ വിരൽ സ്പർശമേൽക്കുന്ന
മാത്രയിൽ മരിച്ചു പോവാവുന്നത്ര മൃദുവായത്.
നിന്റെ വിരൽ തുമ്പിൽ സംഗീതമുണ്ട്
അതിന്റെ തണുസ്പർശത്താൽ
മരണത്തെ കുറിച്ച് മാത്രം
പാടുന്ന ഉപകരണമാണ് ഞാൻ.