
കാവ്യമീനുകൾ

രാജൻ സി എച്ച്
ചൂണ്ട
ഒരിരയും കോര്ത്തിരുന്നില്ലല്ലോ
ഞാനെന്റെ ചൂണ്ടയില്‍.
നീ വന്നു കൊത്തിയതെങ്ങനെ?
വലിച്ചടുപ്പിക്കുമ്പോള്‍
പിടച്ച നിന്റെ കണ്ണുകളിലായിരുന്നു
എന്റെ പ്രാണന്.
മീനൊരുക്കം
കടലിലെത്ര മദിച്ചു
നീന്തിയതാണെന്നു
മുറിച്ചു കളയുന്നു
മീന്ചിറകുകളും വാലും
വേദനയോടെ അവള്.
നെടുകെ കീറിയ
മീനുടലില്
ഉപ്പും മുളകും
തേച്ചു പിടിപ്പിക്കുമ്പോള്‍
എരിവു പുകയുന്ന ഉള്ളം
അടക്കിപ്പിടിക്കും
അവള്.
കുളി
ഞാന്‍ നിന്നില്‍ നീന്തും
പുഴയിലെന്ന പോലെ.
നീയെന്നില്‍ നീന്തും
കുടത്തിലെന്ന പോലെ.
വലക്കാരന്
വെയിലെന്ന് വല വിരിച്ചു
നിഴലുകളെ
വലിച്ചു കൊണ്ടുപോകുന്നു
രാത്രിയിലേക്കൊരു
വലക്കാരന്.
കറിമീന്
ഇഷ്ടമാണെല്ലാവര്ക്കും
എന്നാലും
കരിമീനെന്നേ വിളിക്കൂ.
കരിമീനെന്നു തന്നെയാണോ
അല്ലല്ലോ
കറിമീനെന്നല്ലേ?
നാവില്‍ വെള്ളമൂറും
കരിയായാലും
കറിയായാലും.
രുചിയുടെ രസമുകുളങ്ങളില്‍
മുള്ളുകൊള്ളാതിരിക്കട്ടെ.
ചൂണ്ടയില്‍
നിന്നെ ഞാന്‍
ചൂണ്ടയിട്ടു പിടിച്ചതാണെന്ന്
ഓര്‍മ്മിപ്പിക്കാനാവും
എന്റെ തൊണ്ടയില്‍ത്തന്നെ
നീ മുള്ളു കൊണ്ടു കോര്‍ത്തത്.
കടല്‍
കറിച്ചട്ടിയേയും
കടലാക്കും
മീനുകള്‍.
ചട്ടിയിലവള്
വെള്ളമൊഴിച്ച്
തിരയിളക്കുമ്പോള്‍.