
അഞ്ചും പ്രണയം

രാജൻ സി എച്ച്
1
കൂടെ
കൂടെ നീയുണ്ടായി_
രുന്നെങ്കിലെന്നുള്ളൊ_
രാശയാണെപ്പോഴു_
മെൻറെ നെഞ്ചിൽ.
കൂടെ നീയില്ലെന്ന
യാഥാർത്ഥ്യമാ_
ണെൻറെ കൂടെ നടക്കുന്ന_
തന്നുമെന്നും.
കൂടെ നീയുണ്ടെന്ന
തോന്നലിൽ ഞാനെന്നെ_
ക്കൂടാതൊരിക്കൽ
നടന്നു പോകാം.
അന്നെങ്കിലുമെൻറെ
കൈ പിടിച്ചൊന്നായി
നമ്മളിൽത്തന്നെ നാം
മാഞ്ഞുപോകാം.
2
ഉയിരായ്
ഉയിരിലെഴുതി
സൂക്ഷിക്കുന്നുണ്ട്
നിന്നെ ഞാൻ.
ഉയിരഴി_
ഞ്ഞകലുകിൽ
ഉയിരാവുമല്ലോ
നീ!
3
ശവപ്പെട്ടി
ഒരു ശവപ്പെട്ടിയി_
ലെന്നപോൽ കട്ടിലിൽ
അതിഗൂഢമിങ്ങനെ
ചേർന്നു ശയിക്കുകിൽ
അതുപോലെയെങ്കി_
ലടക്കണം നമ്മെയും
അധികമായെന്തിനാ,_
ണൊരു പെട്ടിയല്ലാതെ!

4
വള്ളിപ്പൂക്കൾ
പൂക്കാത്ത മരമൊന്നു_
ണ്ടെന്നിലെ,ന്നതിൽച്ചുറ്റി
പ്പൂവുതിർത്തിടും വള്ളി
നിറയെ മിന്നും പൂക്കൾ.
മരമാണാകെപ്പൂത്ത_
തെന്നു തോന്നുമ്പോ,ലില
ശിഖരമതത്രയും
പൂക്കളാൽ മൂടും വള്ളി.
അത്രമേൽ ശഠനെന്നാ_
യെന്നിൽ നീ പടർന്നാളി_
യത്രയും പൂക്കൾ ചൂടി
നിന്നതെന്തിനായിടാം?
5
ചിറകിൽ
നമുക്കു ചിറകുക_
ളെന്തിനെന്നു നീയെന്നും
പറന്നെന്നാകാശത്തെ
ചുറ്റുമ്പോളോതാറില്ലേ?
വെറുതെ ഞാൻ നിൻ തോളിൽ
കൈചേർത്തു നിൽക്കുന്നേരം
പറക്കും തൂവൽത്രസി_
പ്പെത്രയെന്നറിയുന്നു.
ചിറകാണു നാമെന്നു
തളരാതിനിയെന്നും
തുടിച്ചു നൃത്തം ചെയ്യാം
ഹ്ലാദവിസ്മയങ്ങളിൽ