
അപനിര്‍മ്മിതി

രാജന് സി എച്ച്
പുക വലിച്ചുകൊണ്ടിരുന്നപ്പോള്‍
വെളിച്ചം കെട്ടു.
ഇരുട്ടിലിരുന്ന്
കെടാറായ ബീഡി
ആഞ്ഞു വലിച്ചുണ്ടായ
ഇത്തിരി വെളിച്ചത്തില്‍
വസന്തത്തിന്റെ
ഇടിമുഴക്കത്തെക്കുറിച്ചുള്ള
ആശങ്ക പങ്കു വെച്ച്
നേരം പുലര്‍ത്തി.
പുലര്‍ന്നപ്പോള്‍
സൂര്യന് പടിഞ്ഞാട്ടേക്കും
ഞങ്ങള്‍ കിഴക്കോട്ടും
യാത്രയായി.
അസ്തമനം കടലിലായതിനാല്‍
മലകളെ മാറ്റാന്‍ പോയ
ഞങ്ങളതു കണ്ടില്ല.
പുലരും മുമ്പിനി
മല മറിക്കണമെന്ന ചിന്തയാല്‍
ഉറക്കത്തിലെന്ന പോലെ
അഗാധതയിലിരുളില്
ചെന്നു വീണു.
പിന്നെ എഴുന്നേല്ക്കാനായതേയില്ല.
ശിശിരമായിരുന്നു.
പ്രകൃതിയിലിലകളും
ഞങ്ങളില്‍ മുടിയും
നരച്ചു കൊഴിഞ്ഞു.
വസന്തം പ്രാകൃതനായൊരു
മുടന്തനായി
ഞങ്ങളിലിടറി.
രക്തം വറ്റിയ സിരകളില്‍
പഴയ ചാരായത്തിന്റേയും
ആവേശത്തിന്റേയും
കുതിരകള്‍
പൊറുതിയറ്റ് ശയിച്ചു.
ഉപ്പിലിട്ടു വെച്ച ഓര്‍മ്മകളെ
ഓരോന്നായെടുത്ത് കൊറിച്ച്
നാമെന്താണ് ഇല്ലാത്ത
ചില്ലുപാത്രങ്ങളെന്ന്
മോന്തുന്നത്?
ചുണ്ടുകള്‍ കോട്ടി
ബീഡിക്കുറ്റിയെന്ന്
ഇരുവിരലുകള്‍
ചുണ്ടുകളില്ച്ചേര്ത്ത്
ഊതുന്നത്?
സത്യാനന്തരകാലം
ചരിത്രത്തെ അപനിര്‍മ്മിക്കുന്നത്
ആരറിയാന്‍?
