
അങ്ങനൊരു പ്രേമകൊതിയിൽ

രാഹുൽ മണപ്പാട്ട്
തിരസ്കരിക്കപ്പെട്ട
മൂന്ന് മുറികളിലെവിടെയോ ചുരുട്ടിയെറിഞ്ഞ ആൾക്കൂട്ടത്തിലേക്ക് ഞാൻ എഴുന്നേൽക്കുകയായിരുന്നു.
ഗുഹാമുഖങ്ങളിലേക്കുള്ള
എല്ലാ വഴികളും അവസാനിക്കുന്ന നട്ടുച്ചയിൽ
ഉറക്കത്തിന്റെ അതിർത്തികൾ ഒറ്റുന്ന അയാളെ ഞാൻ സ്വപ്നം കണ്ടു.
ലോകമവസാനത്തിന്റെ മുഖഛായയുള്ള അയാളൊരു മുടന്തനായിരുന്നു.
അയാളുടെ നഖങ്ങൾക്കുള്ളിൽ
നഗരവിളക്കുകൾ കത്തിച്ച്
പാലായനം ചെയ്യുന്ന പെണ്കുട്ടികൾക്ക് ഒരേ വിളിപേരുകളായിരുന്നു.
കാടിന്റെ വിയർപ്പിറ്റിച്ചു അയാളപ്പോൾ മരങ്ങളായ മരങ്ങളെയെല്ലാം തെറിവിളിച്ച്
മൃഗങ്ങളെ ആട്ടിയോടിക്കുകയായിരുന്നു.
ഒന്നു നോക്കണേ..
അയാളെ ഞാൻ പ്രേമിക്കുന്നത് ഇങ്ങനെയൊന്നുമല്ല.
അയാളുടെ മുടന്തൻ കാലിൽ നിന്നും എപ്പോഴും ഒരു പക്ഷിയുടെ ശബ്ദം കേൾക്കാറുണ്ട്.
ആരോടും പരായരുതെ..
അയാൾക്കതൊന്നും ഇഷ്ടമാവില്ല…
അയാളുടെ ആ മുടന്തൻ കാലിൽ ഒരു കൂട്.. ആന്നേ..
ആരോടും പറയരുതേ..
ഉറുമ്പുകളോട് വർത്തമാനം പറയണമെന്ന് വാശിപിടിക്കണ
ആ വൈകുന്നേരം തന്നെയാണ് ഞാനതു കാണുന്നതും..
തള്ള പക്ഷി ..വിരിയാറായ കുഞ്ഞുമുട്ടകൾ..
ആ മുട്ടയ്ക്കുള്ളിൽ
ശ്വാസതൂവലുകളെ
ഊതി പറത്തികളിക്കുന്ന
ആ പക്ഷികുഞ്ഞുങ്ങൾ എന്നെ
അമ്മേ എന്ന് വിളിക്കണമെന്ന്
അപ്പോൾ തോന്നിയ പൂതിയാണ്.
എന്റെ മുലതുമ്പത്ത്
അപ്പോൾ മുതൽ പൊടിഞ്ഞ
ഭൂമി ഉപേക്ഷിക്കപ്പെട്ട എല്ലാ ഉറവകളും ചുരത്താൻ വേണ്ടി
ഞാൻ അയാളെ പ്രേമിച്ചു.
നുണയാണ് കേട്ടോ..
ഇതൊന്നുമല്ല കാര്യം..
എത്രെയോ തവണ
ആത്മഹത്യക്കു ശ്രമിച്ച്
പരാജയപ്പെട്ട അയാളുടെ
ചാവുദിനത്തിലേക്ക്
കവിതച്ചുമന്നുംകൊണ്ടുപോവുകയായിരുന്നു
ഞാൻ.
അയാൾ കുടിച്ച
വിഷത്തിൽ അയാളുടെ ഏറ്റവും പ്രിയപ്പെട്ട കവിത കലക്കിയ
അയാളുടെ കാമുകി.
കഴുത്തെല്ലുകൾക്കിടയിൽ
പച്ചകുത്തിയ പാമ്പിൻകുഞ്ഞുകളിൽ
ശ്വാസത്തിന്റെ
നുരുമ്പിച്ച കയറു കുരുക്കിയ
അയാളുടെ കാമുകൻ.
ഇവരെ കൂടാതെ
മൂർച്ചയുള്ള മരണായുധങ്ങളുമായി
അയാളുടെ വീട്ടിലോട്ട്
കയറി പോവുന്ന
അയാൾ ഭീകരമായി പ്രേമിച്ച
മനുഷ്യർ.
ഞാൻ പറഞ്ഞില്ലേ…
അയാൾക്കതൊന്നും
ഇഷ്ടമാവില്ല.
എത്രപേരെ പ്രേമിച്ച്
പ്രേമിച്ച്
കവിതപോലെ
കിടുക്കാച്ചി തൊടിയിൽ കൊണ്ട്
തള്ളിയിട്ടുണ്ട്.
ജീവൻ കൊടുത്തിട്ടുണ്ട്
വളർത്തിയിട്ടുണ്ട്
കൊന്നുകളഞ്ഞിട്ടുണ്ട്.
ഞാൻ മരിക്കുന്നതിൽപോലും
അയാൾ കാട്ടിയ
സൂക്ഷ്മ തന്ത്രം
ഞാൻ മറക്കത്തില്ല.
അതുകൊണ്ടോന്നുമല്ല
ഞാനയാളെ പ്രേമിക്കുന്നത്…
അയാളുടെ
ഭൂതകാല കേൾവിയിലേക്ക്
കുഴിച്ചു കുഴിച്ചു
ചെന്നെത്തുന്ന ഒച്ചയിൽ
ചൂട്ട് കത്തിച്ച്
കുടിലുകെട്ടി
തീകായുമ്പോൾ
എനിക്കയാളോട്
പ്രേമം തോന്നിയിരിക്കാം…
പക്ഷെ ഇങ്ങനെയൊന്നുമല്ല
കേട്ടോ എനിക്കയാളോട്
പ്രേമം തോന്നിയത്…
ആരോടും പറയരുതേ..
രഹസ്യമായി പിന്നൊരിക്കൽ
പറയാം.
അയാൾക്കിതൊന്നും
ഇഷ്ടമാവില്ല…
പാവം കാമുകനാ…….