
ചാവോളികളുടെ ആയിരാന്തികള്

രാഹുല്‍ മണപ്പാട്ട്
മരിച്ചു കഴിഞ്ഞാല്‍
ഓരോരുത്തരും
കിടക്കപ്പായേന്ന്
അഴിഞ്ഞമുണ്ട് വാരി ചുറ്റി
ഓലക്കൊടിച്ചൂട്ട് കത്തിച്ച്
ചുരം ഇറങ്ങി വരും.
എന്നിട്ട് പറങ്ങോടച്ചനെ
നീട്ടി വിളിക്കും.
‘പറങ്ങോടാ….
ചാവടിയന്തിരത്തിന്
പൊലയൊഴിപ്പിച്ച് പെരേന്റെ ഉളളീന്ന് പറഞ്ഞയക്കാന്‍ വരണെ.. ‘
പറങ്ങോടച്ചനൊന്ന് മൂളും.
നേരല്ലാത്ത നേരത്ത്
വിയര്ത്തോടിപ്പോണ ഇരുട്ടിലും
ചത്തവരുടെ ചിറകടി
പറങ്ങോടച്ചന് കേട്ടു.
അതിന്റെ ഒച്ചയില്‍ നിന്നും
മനുഷ്യരൂപമുള്ള
പക്ഷികള്‍ ഉള്ളാക്കിട്ടു.
അപ്പോള്‍
ചത്ത് മണ്ണടിഞ്ഞവരെല്ലാം
വന്ന് എന്നെ ഉറക്കും.
മരിച്ചാലും എവിടെയും
പോകാതെ അവര്‍ ഞങ്ങളെ
വിളിപ്പുറത്ത് കാത്ത് നിന്നു.
2
ആണ്ടിലൊരിക്കല്‍
മുത്തപ്പന്ത്തറയില് വേല തൂവും.
ദേശങ്ങളിലെ അതിര്
തള്ളിയിട്ട്
പൊയ്ക്കുതിരകളും
പാട്ടും കളിയും കോമരവുമായി
നാട്ടാരും
കൂട്ടക്കാരും പടയിളകി വന്നു.
കുലദൈവങ്ങള്‍
പുറപ്പെട്ട് വന്ന്
നാട് കാത്ത് ഊര് കാത്ത്
കൊരട്ടി താഴ് വരയിലൂടെ
അലഞ്ഞു നടന്നു.
പ്രപഞ്ചം
തുപ്പല് മണമുള്ള
പാട്ടായി.

3
ഒച്ചതാണ ഇരുട്ടിന്റെ
കരിയിലകള്‍ പാറുന്ന പോലെ
എന്റെ നോട്ടം
ഒന്നനങ്ങി.
പറങ്ങോടച്ചനപ്പോള്
ചങ്കരാന്തിക്ക് കുറ്റിയും പറച്ച്
സ്വന്തം വീടുകളിലേക്ക്
മലകേറണ ചാവോളികളെ
കുറിച്ച് പാടാന്‍ തുടങ്ങി.
മലനിറയെ
കാട് നിറയെ
മരിച്ചവരുടെ തീവെട്ടങ്ങള്‍
പടര്‍ന്നുകയറി.
പറങ്ങോടച്ചന്റെ
നിഴലില്‍
വളര്‍ന്നു കിടക്കുന്ന
ചാവോളികളെ കുറിച്ച്
ആലോചിച്ചപ്പോള്‍
എന്റെ ഉള്ളൊന്ന് കാളി.
എന്റെ ഭയം
ചിറകുകുടയുന്ന
പൊല്സൂര്യനായി.
4
അന്നേരം
പറങ്ങോടച്ചന്
പാട്ടുമൂളുന്ന
വഴിയില്‍
ഭൂമി പെടുക്കാനിരിന്നു.
ഞാന്‍
വൈക്കോല്പാവയില്
പറങ്ങോടച്ചന്റെ പാട്ട്
കടയുമ്പോള്‍,
ആയിരാന്തിയിലേക്ക്
ആരോ
ചാവുതൊട്ടു.
എന്റെ ശ്വാസം
കൊഴിഞ്ഞു വീണു.
*ചാവോളികള്- മരിച്ചുപോയവര്‍
*ആയിരാന്തി-തിട്ടപ്പെടുത്താത്ത രാത്രികള്‍