
പെരാന്തായിപ്പോയ പെണ്ണുങ്ങള്

റഹീമ തസ്നീം ഓ
(1)
പെരാന്തായിപ്പോയ പെണ്ണുങ്ങളെല്ലാം
ഓരോ കിണറുകളാണ്.
പ്രേമം കൊണ്ട് പൊള്ളുമ്പോഴൊക്കെയും
മെല്ലെ ഉള്ളിലേക്ക് വലിയും.
ചെവിയോർത്തു നോക്കൂ,
നൊന്ത മീനിന്റെ പിടച്ചിലു കേൾക്കാം.
നോക്കൂ, കൂട്ടംചേർന്ന് കൊത്തിയകറ്റിയ,
ചെതുമ്പലടർന്നുപോയ പരൽപെണ്ണിന്റെ
മേല്പോട്ടുതുള്ളിക്കരച്ചിലു കാണാം.
ഈ നശിച്ചവളെന്ന പ്രാക്കിൽ,
പൊലയാടിച്ചീന്നുള്ള വിളിയിൽ,
ബീഡിപ്പാക്കറ്റെവിടേടീന്നുള്ള
കണ്ണുരുട്ടലിൽ,
കറിക്കുപ്പ് പോരെന്നുള്ള
കരണം പുകച്ചിലിൽ,
നോക്കായ്മയിൽ പോലും
ഉള്ളാകെ തുളുമ്പിയേക്കും.
മുടിയുലച്ചുച്ചത്തിൽ കൂവി
തലതല്ലിക്കരഞ്ഞ്
പടവു തകർത്ത് കുത്തിയൊലിച്ച്
ഇനി തിരികെയില്ലാത്ത വിധം
ഇറങ്ങിപ്പോയ്ക്കളയും വരെ
നിങ്ങൾക്കവ
പായലു കുമിഞ്ഞ കുണ്ടുകൾ മാത്രമാണ്.
(2)
പെരാന്തായിപ്പോയ പെണ്ണുങ്ങൾ
കള്ളമറിയാത്ത കിടാങ്ങളാണ്.
ഉള്ളു നീറുന്ന അന്തികളിലവർ
കെറുവിച്ച് ചുരുണ്ടു കിടക്കുമ്പോ
കാശിക്കു പോയ മണ്ണാങ്കട്ടയാവും.
അപ്പോഴൊക്കെയും
ഓട്ട വീണ കരിമ്പടം മേലോടുചേർത്ത്
“എന്റെ പൊന്ന് കരിയിലേ,
നമ്മക്ക് നമ്മള് മതീന്ന് “
കണ്ണു തുടച്ച് ചുണ്ടു കോട്ടും.
ഒന്നു ചേർത്തുപിടിച്ചാൽ
നെഞ്ഞുപൊട്ടെച്ചിരിച്ച്
ഒന്നൂടെ ഒന്നൂടെയെന്ന് കെഞ്ചും .
പെരാന്തായിപ്പോയ പെണ്ണുങ്ങൾ
മുറ്റത്തു കിണറുള്ള വീടു വരയ്ക്കുന്ന കുഞ്ഞുങ്ങളാണ്.
അവരുടെ കിണറിനു മീതെയല്ലാതെ
സൂര്യനുദിക്കാറില്ല.
അവരുടെ കിണറിനു കുറുകെയല്ലാതെ
മെലിഞ്ഞ കാക്കകൾ പറക്കാറില്ല.
അവരുടെ പലനിറമാർന്ന കിണറാകെ
ഉറവത്തുടിപ്പ്.
അവരുടെ മീനുകൾ പടവുകൾ കയറുന്നു.
പായൽച്ചുറ്റ് പൂത്തകാടാവുന്നു.
നനവ്, നനവെന്നാർത്ത്
കൊഞ്ചിപ്പായുന്നു അവർ.
ഓരോ വീഴ്ചയിലും
അപ്പോൾ കിനിയുന്ന ചോരയല്ലാതെ
മുറിവാഴമവർ കാണുന്നേയില്ല-