
പ്രേമം@കുളിമുറി

രഗില സജി
പ്രേമം കുടുംബത്തിൽ
പിടിക്കപ്പെട്ടേ പിന്നെ
ചാറ്റും കോളുമൊക്കെ കുളിമുറിയിലേക്ക് മാറി.
പൈപ്പ് സ്ളോ മോഡിലാക്കി
ഞങ്ങൾ ചാറ്റ് ബോക്സിലങ്ങനെ പൂക്കും.
രഹസ്യം പറയുമ്പോലത്തെ
ഒച്ചേല് സ്വപ്നം കാണും, കൊഞ്ചും, കൊഞ്ചിക്കും.
വെറുതേ ഒഴുകിപ്പോകുന്ന
വെള്ളo കൈയിൽ കോരി
കുളിമുറിച്ചുവരിലേക്ക് തെറിപ്പിച്ച്
കള്ളൻ/ കള്ളി എന്ന് കിളളും.
കപ്പ് ബക്കറ്റിൽ മുക്കി കോരി,
കോരി ഒഴിച്ച് കുണു കുഞ്ഞാ കിണുങ്ങും.
ഇത്രേം മെല്ലെ
വർത്താനം പറയണ വിദ്യ
മറ്റൊരിക്കലും വഴങ്ങാറേ ഇല്ല.
കുളിമുറിച്ചുവര് ഞങ്ങളേക്കാൾ
നനഞ്ഞ് വെടിപ്പാവും.
നീണ്ട കുളിയും കഴിഞ്ഞ്
പുറത്തിറങ്ങുമ്പോ പറയാലോ
ബാത്ത്റൂം കഴുകുവാരുന്നെന്ന്.
ചാറ്റ് ബോക്സ് ശുദ്ധം ചെയ്ത്
എത്ര കാലമിങ്ങനെ…?