
മറുക്

രഗില സജി
കറുത്ത സൂര്യന്
അഴിഞ്ഞ് വീണതിന്റെ വട്ടം
ഒതുക്കത്തില്‍ കിടക്കുന്നു.
ചുണ്ടു ചേര്ത്തെത്ര നീ
നുണഞ്ഞിട്ടും
തുളുമ്പാതെ തുടിക്കുന്നു.
എത്ര മായ്ച്ചാലും
നിന്റെ തുപ്പല് ചുവയ്ക്കുന്നു.
വെളിച്ചത്തിലാമ്പലാണെന്ന്
നീ മണക്കുന്നു.
ഏതാള്‍ക്കൂട്ടത്തിലും
നിനക്കെന്നെക്കാട്ടുന്നു.
കഷ്ട നാളില്‍ തൊട്ടെടുത്തിട്ടും
ഉദിച്ച് നില്ക്കുന്നു
ഉടലില്‍
കുറഞ്ഞു പോകാതെ തേന്‍ കറ.

ചുറ്റി നീ നടക്കുമ്പോള്‍
കറുപ്പിന്റെ വക്കില്‍ നിന്ന്
പ്രാവുകള്‍ പറക്കുന്നു.
തൂവലുകള്‍ കൊഴിഞ്ഞ് കണങ്കാലിക്കിളിപ്പെടുന്നു.
നിന്റെ വെള്ളാരം കണ്ണുകള്‍
തണുക്കുന്നു.
നമ്മള് മിണ്ടാതുറങ്ങുന്നു.
കറുത്ത സൂര്യന്
കറുത്ത സൂര്യന്
ഉച്ചത്തിലാരോ പേടിച്ച് കരയുന്നു.
നമ്മള് മാത്രം
അതിനുമോളില്
പ്രേമ കാലം കഴിക്കുന്നു.