
ചിത്രകാരൻ

രഗില സജി
ചിത്രങ്ങൾ വരയ്ക്കുമ്പോൾ
ആയാൾ ആരോടും
സംസാരിച്ചില്ല.
ചിത്രങ്ങളിൽ
കാക്കകൾ വന്നു
കൊറ്റികൾ വന്നു
ഇരുട്ടും വെളിച്ചവും വന്നു.
ഒഴിഞ്ഞ പാടം പോലെ
അയാൾ ഹൃദയം സൂക്ഷിച്ചു.
കാറ്റുണ്ടായി മഴയുണ്ടായി
മുഴക്കങ്ങളുണ്ടായി
പഴകിയ ഒരു കെട്ടിടം പോലെ
അയാൾ ഓർമ്മകൾ അടച്ചിട്ടു.
അയാളുടെ ചിത്രങ്ങളിൽ
തെരുവ് വിട്ട് പോകുന്ന ജനങ്ങൾ
പാട്ടൂതുന്ന കുഴൽ വാദകൻ
ചുംബിക്കാനായുന്ന പ്രണയികൾ
മുഷിഞ്ഞ ഇലകൾ കുടഞ്ഞിടുന്ന മരം*
ഒഴുക്കിന്റെയലകളിൽ
കുഴഞ്ഞു പോയ പുഴ .
പക്ഷികൾ, ഒച്ചകൾ, തിരമാലകൾ,
മാമലകൾ, മഞ്ഞുരുക്കങ്ങൾ.
അത്രയും ഉറക്കെ ചിത്രങ്ങൾ
വരയ്ക്കുന്ന ഒരാൾ .
പുറത്ത് ശാന്തമായ ഒരു അനക്കം.
അകത്ത് പെരുകുന്ന മൗനം.
വരയ്ക്കുന്ന കാലം മുഴുവൻ
അയാൾ
ഖബറിലെ മനുഷ്യൻ.
ഞാനയാളെ പ്രേമിക്കുന്ന
വാക്ക്.
*കീറ്റ്സിന്റെ Ode on a gracian Urn ലെ ചില ബിംബങ്ങൾ.
