
ഒച്ചയിൽപ്പെടാത്തവർ

രഗില സജി
രണ്ടുവശത്തും
രണ്ട് മരങ്ങൾ കൊത്തിയ ഒരു ഗേറ്റാണ്
വീടിനുണ്ടായിരുന്നത്.
തൊടിയിൽ മരങ്ങളൊന്നുമുണ്ടായിരുന്നില്ല.
പുല്ലുപടർന്ന് പൊന്തതിങ്ങിക്കിടന്നു അവിടം.
ഗേറ്റിലെ കൊത്തു മരങ്ങളിൽ
പക്ഷികൾ വന്നിരിക്കാറുള്ളതും
ആരെങ്കിലും ഗേറ്റ് തുറക്കുമ്പോൾ
അവ ഇരിപ്പിൽ നിന്ന് വീഴാതെ
തെന്നുന്നതും
ഞാനീയിടെയാണ് ശ്രദ്ധിച്ചത്.
പക്ഷികളെ സൃഷ്ടിച്ച ദൈവം
അവയ്ക്ക് കൂടുകൂട്ടാൻ മരങ്ങളുണ്ടാക്കി.
മരങ്ങളൊന്നുമില്ലാത്ത
ഞങ്ങളുടെ വീട്ടിലെത്തിയ പക്ഷികൾ
പാർക്കാൻ
ഗേറ്റിലെ മരം കണ്ടെത്തി.
പലേ നിറത്തിൽ
പലേ തരത്തിൽ ഒച്ചയുണ്ടാക്കുന്നവ.
ഒരേ തരം പക്ഷികളായിരുന്നില്ല.
ഒരിക്കെ ഉച്ചയൂണിനിരുന്നപ്പോഴാണ്
ഞാനവയെപറ്റി വീട്ടുകാരോട് പറഞ്ഞത്.
ഒറ്റ മരവുമില്ലാത്ത നമ്മുടെ വീട്ടിലേക്ക്
പക്ഷികൾ വന്നു കൂടുന്നതിന്റെ രഹസ്യം
അവരുമായി പങ്കുവച്ചപ്പൊഴൊക്കെയും
വീട്ടിലെയെല്ലാ കണ്ണുകളും
എന്നെ ചൂഴ്ന്നു നോക്കി.
പുറത്തിറങ്ങി
ഗേറ്റിലെ മരത്തിൽ മിന്നും
വെയിലിലേക്ക് നോക്കി.
പക്ഷികൾ തീറ്റ തേടിപ്പോയതാവാമെന്ന്
കരുതിയപ്പോഴും അതേ നോട്ടം.
സന്ധ്യവരെ കാത്തു.
ദിക്കുകൾ കടന്ന് പലരായി വന്നു.
ഇരുട്ടിൽ എല്ലാവരും ഒരേ നിറക്കാരായി.
ഞാനമ്മയെ വിളിച്ചു കാട്ടി.
എല്ലാരേം വിളിച്ചു കാട്ടി.
അതേ നോട്ടം
കൂടുതൽ കനത്തോടെ.
പിറ്റേന്ന് രാവിലെ തൊടിയിൽ
വലിയ ഒച്ചപ്പാട് കേട്ടാണെണീറ്റത്.
വീട് മുഴുവൻ മരം നടുന്നതിന്റെ
പലതരം അനക്കങ്ങൾ.
ഗേറ്റിലെ പക്ഷികൾ തീറ്റ തേടിപ്പോയ്ക്കാണണം
ഈയൊച്ചകളിലൊന്നും പെടാതെ.