
ബ്രേക്ക് അപ്പ് ഡേ

ആർ. സംഗീത
വെളിച്ചത്തിന്റെ മാറാലകൾ
അടിച്ചു വൃത്തിയാക്കുന്ന
പെൺകുട്ടി
എട്ട് കാലുകളിൽ
മൂലകളിലേക്ക്
നീങ്ങുന്ന ഇരുട്ട്
പഴയ കെട്ടിടങ്ങൾക്കിടയിൽ
കനച്ചു കെട്ടിക്കിടക്കുന്ന വെളിച്ചം
തേൻവരിക്കകൾ മണക്കുന്ന
കാലത്തേക്ക്
കരുതി വച്ച ചിറകടികൾ..
മരങ്ങളിൽ ഉണങ്ങിപ്പിടിക്കുന്നു.
വിരികൾ മാറ്റി
തറ തുടച്ചു
ചെയ്തിട്ടും ചെയ്തിട്ടും
തീരല്ലേ തീരല്ലേ
എന്ന് ആർത്തിപിടിച്ചു..
പ്രണയം തകർന്നതിന്റെ പിറ്റേന്ന്
“ഒന്നും ചെയ്യാനില്ലാത്ത
നിമിഷo കണക്ക്
പേടിപ്പിക്കുന്നതൊന്നുമില്ല.
“കടുംകെട്ടു വീണ
കമ്മീസിന്റെ വള്ളി
കണക്കൊരു ദിവസം “
എന്നൊരു
പ്രാക്ക് നിറം കലങ്ങി
ബാൽക്കണിയിൽ തോരാൻ കിടന്നു..
ബസിൽ അവളും
അവളോടിക്കുന്ന ബസും
ആടിയുലഞ്ഞു
ബാലൻസ് ചെയ്തു ..
ഓരോ സിഗ്നലിലും
കുഞ്ഞ് ചെവി നീട്ടുന്ന പാട്ടുകൾ
അവന്റെ തലമുടിയുടെ ഗന്ധം
കൈത്തണ്ടയിലെ രോമങ്ങൾ
പകമാവാത്ത കുപ്പായത്തിൽ
രാത്രി അവളെ വീട്ടിലാക്കി.
പിറന്ന പടി
ഷവർ തുറന്നു നിന്നു
ആദ്യത്തെ തുള്ളി ചുമലിൽ തൊട്ടപ്പോൾ
അവൾ കരഞ്ഞു..
പതുക്കെ പതുക്കെ
നനഞ്ഞ ചിറകുകൾ പക്ഷികൾ
അവളെ നക്കിത്തുടച്ചു തുടങ്ങി