
സ്ഥലം, കാലം, ഓർമ്മ എസ്.ഹരീഷിന്റെ രചനകളിലെ ആഖ്യാന രസവിദ്യകൾ

ആർ.ചന്ദ്രബോസ്
സ്ഥലകാലമെന്ന ജ്ഞാനരൂപം
സ്ഥലം, കാലം, ഓർമ്മ എന്നിവയെ ആഖ്യാനശരീരത്തിന്റെ മജ്ജയും മാംസവുമാക്കി മാറ്റുന്നതിലെ രസവിദ്യകളാണ് വർത്തമാനകാല നോവലുകളും ചെറുകഥകളും അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നവവിചാരമാതൃക (Paradigm shift). സ്ഥലം, കാലം, ഓർമ്മ എന്നിവ ഫിക്ഷനെഴുത്തിന്റെ അടിസ്ഥാനമൂലകങ്ങൾ തന്നെയാണ്. ഇവയെ സവിശേഷമായി പരിഗണിക്കാൻ കാരണം ചിതറിത്തെറിക്കുന്ന സ്ഥലകാലങ്ങളെ തിരിച്ചുപിടിക്കാനുള്ള എഴുത്തുകാരന്റെ തീവ്രമായ ഇച്ഛതന്നെയാകാം. അതിസാങ്കേതിക യുഗത്തിൽ സ്ഥലകാലങ്ങൾ തകിടം മറിയുകയാണ്. ഓർമ്മകൾ എന്ന വൈകാരികനില എല്ലാ വ്യവഹാരങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുന്നു എന്നത് നാം നേരിടുന്ന സാംസ്കാരികദുരന്തങ്ങളിലൊന്നാണ്. ആഗോളീകരണത്തിനും നവമുതലാളിത്തത്തിനും വീടുപണിചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളും ഭരണകൂടങ്ങളും ജനതയുടെ ചരിത്രത്തെയും സംസ്കാരത്തെയും നിഷ്കാസനം ചെയ്യുകയാണ്. ഈയൊരു പരിതോവസ്ഥയിൽ എഴുത്ത് പ്രതിരോധസജ്ജമാകേണ്ടത് അനിവാര്യമാണ് എന്ന് നമ്മുടെ പുതിയ എഴുത്തുകാർ തിരിച്ചറിയുന്നുണ്ട്. വർത്തമാനത്തിനുള്ളിലിരിക്കുന്ന ഭൂതകാലത്തെ ജ്ഞാനശാസ്ത്രമായി ത്തന്നെ ആഖ്യാനം ചെയ്ത്, വർത്തമാനത്തെ നേർക്കുനേർ കാണാനുള്ള പ്രത്യയശാസ്ത്രാവബോധം സ്വരൂപിക്കുകയാണ് സമകാലഗദ്യരചനകൾ പ്രത്യേകിച്ച് നോവലും കഥയും. അതിന്റെ ഞെട്ടലും ആഘാതവുമാണ് സമകാലഫിക്ഷനെഴുത്തിൽ കാണാൻ കഴിയുന്ന അഭൂതപൂർവമായ പ്രത്യേകത. ചുരുക്കത്തിൽ സ്ഥലം, കാലം, ഓർമ്മ എന്നിവയെ പുതിയ രീതിയിൽ വിന്യസിച്ചുകൊണ്ട് എഴുത്തിനെ ജ്ഞാനനിർമ്മിതിയാക്കി മാറ്റാൻ പുതുതലമുറ എഴുത്തുകാർ ശ്രമിക്കുന്നുണ്ട്.
മനുഷ്യൻ മാത്രമായിരുന്നു മനുഷ്യപ്രശ്നങ്ങൾ മാത്രമായിരുന്നു അതിനെ അവതരിപ്പിക്കാനുള്ള കേവല പ്രതലങ്ങൾ മാത്രമായിരുന്നു ആഖ്യാനചരിത്രത്തിൽ സ്ഥലകാലങ്ങൾ. എന്നാൽ പുതുകാല എഴുത്തിൽ അവ പാരിസ്ഥിതികവും ജൈവപരവും സാംസ്കാരികവും രാഷ്ട്രീയവുമായ സൂക്ഷ്മവിശദാംശങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഭൂഭാഗസൗന്ദര്യശാസ്ത്രവും ജന്തുസസ്യപ്രകൃതിയും ജലവും കാലാവസ്ഥയും സാമൂഹിക അധികാരരൂപങ്ങളും വിശപ്പും കാമവും എല്ലാം ഗണിതയുക്തിയോടെ വിന്യസിച്ചുകൊണ്ട് സാഹിത്യത്തെ ഭൗമവും അഭൗമവുമായ ജ്ഞാനസമസ്യകളുടെ പ്രതിനിധാനമാക്കിത്തീർക്കുന്നതിൽ ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ് എസ്.ഹരീഷ് വ്യവസ്ഥാപിത ചരിത്രസാമൂഹ്യശാസ്ത്ര ജ്ഞാനിർമ്മിതിയെ പ്രശ്നവൽക്കരിക്കുന്ന തരത്തിൽ സ്ഥലം, കാലം, ഓർമ്മ എന്നിവയെ ഹരീഷ് ആവിഷ്കരിക്കുന്നതെങ്ങനെയെന്നാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.
ഒരു തരത്തിൽ, ചരിത്രത്തിലെ തെളിയാത്ത ഇടങ്ങൾ തെളിച്ചെടുക്കുന്നതിലെ വർത്തമാനപ്രസക്തിയും അതിന്റെ ആഖ്യാനത്തിലെ രസവിദ്യകളുമാണ് ഹരീഷിന്റെ രചനകൾക്ക് സ്ഫോടനസൗന്ദര്യം പ്രദാനം ചെയ്യുന്നതെന്ന് പറയാം. കൃതി തന്നെ സിദ്ധാന്തരൂപം കൈവരിക്കുന്നതിന്റെ അപൂർവതയും ഹരീഷിന്റെ രചനകളുടെ പ്രത്യേകതയാണ്. സാഹിത്യത്തിലെ സ്ഥലകാലപ്രതിനിധാനങ്ങളെക്കുറിച്ച് പഴയതും പുതിയതുമായ നിരവധി സൈദ്ധാന്തിക സമീപനങ്ങളുണ്ട്. ഫിക്ഷനിലെ സ്ഥലകാല നിർമ്മിതിയെക്കുറിച്ചുള്ള അവബോധരൂപീകരണത്തിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് റഷ്യൻ സാഹിത്യചിന്തകനായ മിഖായേൽ ബക്തിന്റെ ‘ക്രോണോടോപ്പ്’ സിദ്ധാന്തം. ഇമ്മാനുവേൽകാന്റിന്റെ ജ്ഞാനശാസ്ത്രത്തിൽ നിന്നും ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തിൽ നിന്നും വികസിപ്പിച്ചെടുത്തതാണ് ക്രോണോടോപ്പ് (Chronotope). മനുഷ്യന്റെ അവബോധരൂപീകരണത്തിനുള്ള പ്രധാന ജ്ഞാനരൂപങ്ങളായാണ് കാന്റ് സ്ഥലകാലങ്ങളെ കണ്ടതെങ്കിൽ അത്തരം അവബോധരൂപീകരണത്തിന്റെ ചരിത്രപരമായ തെളിവുകൾ സാഹിത്യത്തിൽ നിന്ന് ശേഖരിക്കാമെന്നാണ് ബക്തിൻ പറയുന്നത്. സ്ഥലകാലപഠനത്തിൽ Chronotope ലക്ഷ്യമാക്കുന്നത് അതാണ്. സാഹിത്യം പഴയശാസ്ത്രം പോലെ പ്രവർത്തിക്കുന്നുവെന്നും അതിനനുസൃതമായി സ്ഥലകാലങ്ങളെ എഴുത്തുകാർ രൂപകല്പന ചെയ്യുന്നുവെന്നും ബക്തിൻ പറയുന്നുണ്ട്. അതുപോലെ സ്ഥലത്തെക്കുറിച്ചുള്ള പരികല്പനാ രൂപീകരണത്തിൽ സഹായിക്കുന്ന ഒന്നാണ് ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ‘Lefebve’ യുടെ Social Production of Space എന്ന സിദ്ധാന്തം.
സാമൂഹികശാസ്ത്രം, രാഷ്ട്രീയസമ്പദ്വ്യവസ്ഥ ഇവയുമായി ബന്ധപ്പെടുത്തി സ്ഥലം (Space) എന്ന സങ്കല്പത്തെ അദ്ദേഹം വിശകലനം ചെയ്യുന്നു. അതിലെ ചില പരികല്പനകളെങ്കിലും സാഹിത്യത്തിലെ സ്ഥലകാലപഠനത്തിൽ പ്രയുക്തമാക്കാവുന്നതാണ്. Subject, Object, Activities എന്നിങ്ങനെ മൂന്നുതലത്തിൽ Lefebve സ്ഥലത്തെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നു. സാഹിത്യത്തിലെ സ്ഥലകാലനിർമ്മിതി ശാസ്ത്രം പോലെയാണെന്ന ബക്തിന്റെ നിരീക്ഷണം ജ്ഞാനാധിഷ്ഠിതമായി അതിനെ സമീപിക്കാൻ വഴികാട്ടുന്നുവെങ്കിൽ കുറേക്കൂടി സൂക്ഷ്മമായി അതിനെ സമീപിക്കുവാൻ Lefebve പ്രേരിപ്പിക്കുന്നു. കർത്താവ്, കർമ്മം, ചര്യകൾ എന്നിവ ആഴത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തെയാണ് അതിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ചലനക്രമങ്ങൾക്കാണ് ലെഫെബ്വേ പ്രാധാന്യം നൽകുന്നത്. ഇത്തരത്തിലുള്ള ഒരു ജ്ഞാനാന്വേഷണത്തിന് വഴിതുറന്നിടുന്ന രചനയാണ് ഹരീഷിന്റെ ‘മീശ’ എന്ന നോവൽ. സ്ഥലകാലങ്ങളെയും അതിനെക്കുറിച്ചുള്ള ഓർമ്മകളെയും വിഷയത്തെയും വിഷയിയെയും പ്രക്രിയകളെയും ജൈവസൂക്ഷമതകളോടെയും ഗണിതയുക്തിയോടെയും വിന്യസിച്ചിരിക്കുന്നതിലൂടെയാണ് മീശ മലയാളനോവലിന്റെ ആഖ്യാനകലയിൽ വിസ്മയം തീർത്തിരിക്കുന്നതെന്നു പറയാം.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തലെ തിരുവിതാംകൂറിന്റെ രാഷ്ട്രീയസാമൂഹിക സാംസ്കാരികചരിത്രമാണ് മീശയുടെ ആഖ്യാനത്തിലേക്കു വരുന്നത്. പ്രത്യേകിച്ച് വടക്കൻ കുട്ടനാടിന്റെ ഭൂപ്രകൃതിയും കാർഷിക-സാമൂഹിക-സാമ്പത്തിക ജീവിതവുമാണ് സൂക്ഷ്മവിശദാംശങ്ങളോടെ മീശ പ്രതിഫലിപ്പിക്കുന്നതെന്നു കാണാം. ‘സ്ഥലം’ എന്നത് രണ്ടു തലത്തിലാണ് ആഖ്യാനത്തിൽ പ്രതിഷ്ഠിതമായിരിക്കുന്നത് കേവലം വസ്തുനിഷ്ഠമായ വിവരണസ്ഥലമാണ് അധികാരത്തിന് വിധേയപ്പെട്ട സ്ഥലമാണ് അഥവാ ഔദ്യോഗികരേഖകളിലെ സ്ഥലമാണ് ഒന്ന്. അതല്ലാതെ പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ സ്ഥലമുണ്ട്. അത് പഴയകാലത്തും ഇന്നും ഭരണകൂടങ്ങൾ പരിഗണിക്കുന്നില്ല. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അത് അധികാരപ്രയോഗത്തിന്റെ സ്ഥലമാണ് പിടിച്ചെടുക്കുകയോ കുടിയൊഴിപ്പിക്കുകയോ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്ത് തങ്ങളുടെ വരുതിയിലാക്കാവുന്ന സ്ഥലം. ഇത്തരം ജൈവസ്ഥലവും അധികാരസ്ഥലവും തമ്മിലുള്ള സംഘർഷവേദിയാക്കി മീശയിലെ സ്ഥലത്തെ കഥാകാരൻ വിന്യസിച്ചിരിക്കുന്നു. ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രം അവിടെ അധിവസിക്കുന്ന ജനങ്ങൾക്കുമാത്രം വഴങ്ങുന്ന ഒന്നാണ്. അത്തരം ഭൂപ്രകൃതിയിലേക്കാണ്, നാടകത്തിൽ കെട്ടിയവേഷം അഴിച്ചുവെക്കാതെ പോലീസുകാരന്റെ മീശയുമായി വാവച്ചൻ ഓടിപ്പോയത്. അയാൾ ഒളിച്ചിരുന്ന ഭൂപ്രകൃതിയുടെ നിഗൂഡതകളിലേക്കും നിബിഡതകളിലേക്കും സഞ്ചരിക്കുന്ന കഥാകാരൻ, ആരും ഓർത്തുവയ്ക്കാത്ത പ്രകൃതിയുടെയും മനുഷ്യന്റെയും സാമൂഹികരാഷ്ട്രീയാവസ്ഥകളുടെയും ചരിത്രത്തെ സമസ്തവൈവിധ്യങ്ങളോടെയും ആഖ്യാനത്തിൽ കുടിയിരുത്തുകയാണ്.
മനുഷ്യനും ജീവജാലങ്ങളും അധിവസിക്കുന്ന ജൈവസ്ഥലത്തെ ജാതിസമൂഹമായും കരകളും തോടുകളും കായലും കൃഷിഭൂമിയും അതിരിടുന്ന കേവല രേഖകളായും മാത്രം കാണുന്ന ഔദ്യോഗികഭൂപടം ഈ നോവലിൽ പരാമർശിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ”കൈപ്പുഴ, ആർപ്പൂക്കര, ശ്രീകണ്ഠമംഗലം, കരകളും നീണ്ടൂർ കരയുടെ അല്പമാത്രവും ഉൾക്കൊള്ളുന്ന കൈപ്പുഴപകുതി, തെക്കുംഭാഗം നസ്രാണികളും ഈഴവരും നായന്മാരും കൂടുതലായും മലയാളബ്രാഹ്മണർ രണ്ടില്ലങ്ങൾ മാത്രമായും തോടുകളുടെ സാമീപ്യമുള്ളതിനാൽ വാലന്മാരും പുഞ്ചനിലങ്ങളുള്ളതിനാൽ പുലയരും പറയരും ഗണ്യമായ തോതിലും ഉള്ള ഉൾപ്രദേശമാകുന്നു” (മീശ.പു.61). ഏറ്റുമാനൂർ തഹസീൽദാർ മുമ്പാകെ കൈപ്പുഴ പകുതി പാർവത്യാർ ശങ്കുണ്ണിമേനോൻ നൽകുന്ന അടിയന്തര റിപ്പോർട്ടിൽ ഇങ്ങനെയാണ് മീശയിലെ സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എല്ലാ അർത്ഥത്തിലും ഔദ്യോഗികസ്ഥലത്തെ അതിവർത്തിച്ചുപോകുന്നു ‘മീശ’യിലെ ആഖ്യാനസ്ഥലം. അതിജീവനത്തിന്റെ, പേടിയുടെ അധികാരഭീകരതയുടെ മനുഷ്യനും പ്രകൃതിയുമായുള്ള സൂക്ഷ്മവിനിമയത്തിന്റെ സ്ഥലകാലങ്ങൾ മലയാളനോവലിൽ ആഖ്യാനംചെയ്യപ്പെടുന്നത് ഒരുപക്ഷേ ആദ്യമാണെന്ന് പറയാം മീശ എന്ന നോവൽ പുതുമ പകരുന്നത് ഇങ്ങനെയാണ്. കേവലമനുഷ്യന്റെയും ജീവിതസന്ധിയിലേക്ക് ഒഴുകിപ്പരക്കുന്ന തത്ത്വവിചാരങ്ങളിലേക്കും കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും ഊളിയിടുന്ന മട്ടിലാണ് മീശയിൽ സ്ഥലകാലങ്ങൾ വിന്യസിച്ചിരിക്കുന്നതെന്നു പറയാം.

മനുഷ്യന്റെയും അവൻ സൃഷ്ടിച്ച ആവാസവ്യവസ്ഥയുടെയും സാംസ്കാരിക രാഷ്ട്രീയ ചരിത്ര, സ്ഥലപരതയിൽ നിന്നുകൊണ്ടും നാട്ടുകഥകളെ അനുഗമിച്ചും ആലേഖനം ചെയ്യുകയാണ് ആഖ്യാനകാരൻ. വടക്കൻ കുട്ടനാടിന്റെ ഭൂപ്രകൃതിയുടെ ദൃശ്യവും അദൃശ്യവുമായ അടരുകളിലേക്കാണ് മീശ വായനക്കാരെ നയിക്കുന്നത്. അവിടെ വീഴുന്ന കാറ്റിലും അവിടെ ഒഴുകുന്ന വെള്ളത്തിലും അവിടെ പുലരുന്ന ജീവജാലങ്ങളിലും നിഗൂഹനം ചെയ്യപ്പെട്ട അതിജീവനത്തിന്റെ ഉള്ളറിവുകൾ വായിക്കുകയാണ്. ചെറിയ കുട്ടിക്ക് കഥപറഞ്ഞുകൊടുക്കുന്നമട്ടിലാണ് മീശയുടെ ആഖ്യാനം. നിലവിലുള്ള ആഖ്യാനങ്ങളെല്ലാം പഴഞ്ചനും പുതുമയില്ലാത്തതും ശ്രോതാക്കളെ ആകർഷിക്കാൻ അപര്യാപ്തവുമാണെന്ന് ആഖ്യാതാവ് തിരിച്ചറിയുന്നുണ്ട്. നിഷ്കളങ്കനായ ശ്രോതാവ് നിലവിലുള്ള ആഖ്യാനങ്ങളിൽ അവിശ്വാസിയാകുന്ന തുടക്കത്തിൽ പ്രശ്നവൽ ക്കരിക്കുന്നുണ്ട്. വിജ്ഞാനയുഗത്തിൽ ജീവിക്കുന്ന ഇളംതലമുറയെ തൃപ്തിപ്പെടുത്തുന്ന കഥപറയാനുള്ള ശ്രമം പലപ്പോഴും പാഴായിപ്പോകുന്നു. ”നമുക്ക് കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ വൃത്തിയായി പറയാൻ പറ്റുന്ന എത്ര കഥകളറിയാം. അല്ലെങ്കിൽ നമ്മുടെ ഓർമ്മയിൽ കേൾക്കാനിമ്പമുള്ള എത്രകഥകളുണ്ട്? പതിനഞ്ച് ഇരുപത് ഏറിയാൽ മുപ്പത്. രാമായണവും മഹാഭാരതവും കൊണ്ട് കുട്ടികളോട് അഞ്ചോ ആറോ ദിവസം പിടിച്ചു നിൽക്കാം. അവർക്കിഷ്ടപ്പെടുന്ന തരം കാര്യങ്ങൾ അവയിലൊന്നുമില്ല. അധികാരകിട മത്സരങ്ങളും ദൈവവും ഭക്തിയുമൊക്കെ വലിയവർക്കാണിഷ്ടം. മാത്രമല്ല ഇന്നത്തെ ജീവിതവുമായി അവയ്ക്കൊരു ബന്ധവുമില്ല. അതിലെ വലിയ മനുഷ്യർ ഇന്നത്തെ കുട്ടികളുടെ എത്രയോ പുറകിലാണ്” (മീശ.പു.23). ജീവിച്ചിരിക്കുന്ന സ്ഥലത്തെ ഓർമ്മകളെ ഖനനം ചെയ്ത് പ്രാദേശികസംസ്കൃതിയിലേക്ക് ഉന്നതപുരാവൃത്തങ്ങളെ വെല്ലുന്ന കഥകളെ പുതുതലമുറയ്ക്ക്, അവർ ജീവിക്കുന്ന പരിസരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും അധികാരരൂപങ്ങളും പരിസ്ഥിതിയും ബോധ്യമാക്കി കൊടുക്കുംവിധം ജ്ഞാന നിർമ്മിതിയുടേതായ കഥകൾ പറയാനാണ് ആഖ്യാതാവ് ശ്രമിക്കുന്നതെന്ന് നോവലിന്റെ തുടക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ പുതിയൊരു പുരാവൃത്തം സംഭവിക്കുകയാണ്. അതിൽ നമ്മുടെ നാടിന്റെ ഭൂതകാലം വർത്തമാനപ്രസക്തിയോടെ പുനരാനയിക്കപ്പെടുന്നു. വാവച്ചന്റെ കഥ പറയുന്നയാളെയും കേൾക്കുന്ന കുട്ടിയെയും അത്ഭുതങ്ങളുടെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അധികാരഭീതിയുടെയും അതിജീവനത്തിന്റെയും കഥയായി. വർത്തമാനജീവിതാവസ്ഥയുടെ രൂപകമായി ആ കഥ വളർച്ച നേടുന്നു. അതിന്റെ മാന്ത്രികയാഥാർത്ഥ്യങ്ങൾ വായനക്കാരെ പുതിയൊരു സാമൂഹികാവബോധത്തിലേക്കു ഉണർത്തുകയാണ് എന്നുപറയാം.
”കഥ പകുതിയായപ്പോഴേക്കും പൊന്നു ഉറങ്ങിക്കഴിഞ്ഞിരുന്നു ഞാൻ പതുക്കെ പുറത്തേക്കിറങ്ങി മുറ്റത്തു നിന്നു. ആശ്വസിപ്പിക്കുന്ന ചെറിയ കാറ്റുണ്ട്. ഒരു കിലോമീറ്റർ അകലെത്തുടങ്ങുന്ന പാടങ്ങളിൽ നിന്നുവീശുന്ന കാറ്റാണത്. ഇരുപത് വർഷം മുമ്പ് ഇതേ സ്ഥലത്ത് നിന്നാൽ കാറ്റുകാരണം നമ്മളും വീടുകളും മരങ്ങളുമൊക്കെ കടപുഴകുമെന്ന് തോന്നുമായിരുന്നു. ഇപ്പോൾ മണ്ണിട്ട് നികത്തിയും ചിറപിടിച്ച് തൈവെച്ചും ആളുകൾ പാടശേഖരങ്ങളെ കുറേക്കൂടെ അകലേക്ക് തള്ളിമാറ്റിയിരിക്കുന്നു. അവിടെ കൃത്യം സ്ഥലത്ത്, വാവച്ചന്റെ വീടിരുന്നിടത്ത്, അയാൾ തന്റെ യാത്ര ആരംഭിക്കുന്നിടത്താണ് വടക്കൻ കുട്ടനാടിന്റെ തുടക്കം. അവിടുന്ന് തെക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടും ആയിരമായിരം പാടങ്ങളും കുടുക്കുവീണ നൂൽക്കൂമ്പാരം പോലുള്ള തോടുകളും മാത്രം. ഏറ്റവും പടിഞ്ഞാട്ട് കായലും തെക്ക് മീനച്ചിൽ മണിമല, പമ്പയാറുകളും കടന്ന് ഓണാട്ടുകരയ്ക്കപ്പുറത്തേക്കും, വടക്കോട്ട് വൈക്കത്തിനപ്പുറവും കീറിപ്പറിഞ്ഞ ഭൂപടമായി അത് കിടക്കുന്നു (മീശ.പു.95). കീറിപ്പറിഞ്ഞ ഭൂപടം എന്നത് എല്ലാത്തരം സാമൂഹിക വ്യവഹാരങ്ങളുടെയും രൂപകമാണ്. നമ്മുടെ ചരിത്രസാമൂഹികസാംസ്കാരിക അവബോധം എല്ലാതരത്തിലും കീറിപ്പറിഞ്ഞ ഭൂപടമായിത്തീർന്നിരിക്കുന്ന വർത്തമാനത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ ശിഥിലമായ ഭൂപടങ്ങൾക്കപ്പുറം ആരും കണ്ടെത്താത്ത ഒരു ചരിത്രമുണ്ട്. ശിഥിലമായ കാലത്തിന്റെ ഭൂപടത്തിൽ നിന്നുകൊണ്ട് കുട്ടനാട് എന്ന സ്ഥലത്തിന്റെ ആഖ്യാനം ചെയ്യപ്പെടാത്ത ചരിത്രത്തിലേക്ക് ഓർമ്മകളിലൂടെ, കഥകളിലൂടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ആഖ്യാനകാരൻ. അതിലൂടെ ചരിത്രമില്ലാത്തവരുടെ ചരിത്രത്തെ രേഖപ്പെടുത്തുകയാണ്. ആരും ഓർത്തുവയ്ക്കാത്ത, പണിയെടുക്കാൻ വേണ്ടി മാത്രമുള്ള പണികഴിഞ്ഞാൽ തിരിച്ചുപോകേണ്ട സ്ഥലമായിരുന്നു. കുട്ടനാടിന്റെ സ്ഥലപ്രകൃതിയെങ്കിൽ കഥയിൽ അതിനൊരു ജൈവപദവി കൊടുക്കുകയാണ്. ഗതകാല ചരിത്രത്തിലെ തെളിയാത്ത ഇടങ്ങൾ തെളിച്ചെടുക്കുന്ന അത്ഭുതവിദ്യയാണ് ‘മീശ’യുടെ സ്ഥലകാലങ്ങളെ ജ്ഞാനനിർമ്മിതിക്കുള്ള രൂപകങ്ങളാക്കി മാറ്റിയിരിക്കുന്നത്. ബക്തിൻ പറഞ്ഞതുപോലെ മീശയിലെ സ്ഥലകാലനിർമ്മിതി ശാസ്ത്രം പോലെ പ്രവർത്തിക്കുന്നു. പ്രകൃതിയെയും അധികാരരൂപങ്ങളെയും പരിസരങ്ങളെയും സാമൂഹികാവസ്ഥകളെയും പ്രത്യയശാസ്ത്രക്കണ്ണടയില്ലാതെ നഗ്നമായി നിരീക്ഷിക്കുന്നതിലെ കൗതുകവും ആഘാതവുമാണ് ഈ നോവലിന്റെ വേറിട്ട സവിശേഷത എന്നുപറയാം.
ഓർമ്മകളുടെ വാസ്തുവിദ്യ
സ്ഥലകാലങ്ങൾ എന്നതുപോലെ ഓർമ്മയും ഹരീഷിന്റെ രചനകളിൽ ആഖ്യാനത്തിന് നവമാനങ്ങൾ പകരുന്നതായി കാണാം. ഒരുതരം ആഖ്യാനരസവിദ്യ എന്നു തന്നെ പറയാം. തന്റെ ആദ്യകഥാസമാഹാരത്തിന്റെ പേര് രസവിദ്യയുടെ ചരിത്രം (2005) എന്നായത് യാദൃശ്ചികമല്ല മനഃപൂർവ്വമാണ് എന്ന് തോന്നാം. കഥയെന്ന വ്യവഹാരത്തിന്റെ സാമൂഹ്യവും സൗന്ദര്യാത്മകവുമായ ലക്ഷ്യമെന്തെന്ന് സ്പഷ്ടമാക്കുന്ന കഥകളിലൊന്നാണിത്. മലയാളഭാഷയെക്കുറിച്ചുള്ള കൊളോണിയൽ വീക്ഷണം ഈ കഥയിലൊരു സന്ദർഭത്തിൽ കടന്നുവരുന്നുണ്ട്. ‘മലയാണ്മ ധാരാളം നിഗൂഢത ലിപികളുള്ളതും മാസത്തിലെ ഓരോ ദിവസത്തിനും ചില സാങ്കല്പിക നക്ഷത്രങ്ങളും പേരുകളുള്ളതുമായ മനസ്സിലാക്കാൻ വിഷമമുള്ള ഭാഷയാണ്’ എന്നത്രേ ആ നിരീക്ഷണം. ഇതിനെ നമുക്ക് കോളനിയാനന്തര സാമൂഹിക സന്ദർഭത്തിൽ വായിച്ചാൽ മലയാളിയുടെ രാഷ്ട്രീയവും സംസ്കാരവും മനസ്സിലാക്കാൻ പ്രയാസമുള്ളതും നിഗൂഢവുമാണെന്നു പറയേണ്ടിവരും. ഈ വസ്തുത ആഴത്തിൽ മനസ്സിലാക്കിയതുകൊണ്ടാകണം, മാനവിക മൂല്യങ്ങൾ കൈമോശം വന്ന കേരളീയജീവിതത്തിന്റെ പൊള്ളുന്ന വർത്തമാനത്തോടൊപ്പം ഗതകാലചരിത്രവും ഹരീഷിന്റെ കഥകളുടെ പ്രമേയമായിത്തീരുന്നത്. തിരിച്ചറിവിന്റെ കലയായി കഥയെ പരിവർത്തിപ്പിക്കുകയാണ് ‘രസവിദ്യയുടെ ചരിത്ര’ത്തിൽ. വിലകുറഞ്ഞ ലോഹങ്ങളെ സ്വർണ്ണമാക്കുന്ന നിഗൂഢമായ ആൽക്കെമി എന്ന രസവിദ്യയെ രൂപകമാക്കിക്കൊണ്ടാണ് ഈ കഥയുടെ ആഖ്യാനം. ത്യാഗോജ്ജ്വല പ്രവർത്തനങ്ങളിലൂടെ കർമ്മയോഗികൾ സാക്ഷാൽക്കരിച്ച നവോത്ഥാനമൂല്യങ്ങളുടെ പവൻമാറ്റിനെക്കുറിച്ച് ഉപഭോഗനാഗരികതയുടെ പ്രളയത്തിൽ മുങ്ങിപ്പോയ മലയാളിയെ ഓർമ്മപ്പെടുത്തുകയാണ് ഈ കഥയുടെ ലക്ഷ്യമെന്ന് പറയാം. വിലകുറഞ്ഞ ലോഹങ്ങളെ സ്വർണ്ണമാക്കുന്ന വിദ്യയാണ് അയ്യാസ്വാമികൾ പരീക്ഷിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് ഭോഗാസക്തിപൂണ്ട അധികാരവർഗ്ഗവും ജനങ്ങളും ആകാംക്ഷയോടെ കാത്തുനിൽക്കുന്നു. എന്നാൽ അയ്യാസ്വാമികൾ തന്റെ പരീക്ഷണശാലയിലേക്ക് കയറ്റിവിട്ട അസംസ്കൃതവിഭവങ്ങൾ ശിഷ്യരായ നാണുവും ചട്ടമ്പിയുമായിരുന്നു എന്ന് അവസാനമേ തിരിച്ചറിയാനായുള്ളൂ. മനുഷ്യരെ സ്വർണ്ണമാക്കുന്ന വിദ്യയായിരുന്നു നവോത്ഥാനം മറവി ബാധിച്ച സമൂഹത്തിന്റെ കണ്ണ് മഞ്ഞളിപ്പിക്കാൻ, അവരെ ഞെട്ടിയുണർത്താൻ ശേഷിയുണ്ട് ഈ കഥയ്ക്കെന്ന് വായനക്കാർ തിരിച്ചറിയുന്നു. ഇത്തരത്തിൽ പ്രഹരശേഷിയുള്ള ഓർമ്മകളുടെ ആഖ്യാനമാണ് ഹരീഷിന്റെ കഥകളിൽ കാണാനാവുക.
ചരിത്രവും സംസ്കാരവും അതിന്റെ നിഗൂഢലിപികളിൽ അടയാളപ്പെടുത്തിയ ബഹുക്രിയാവൈചിത്യങ്ങൾ വായിച്ചെടുക്കുന്നതിലെ കൗതുകവും കൗശലവുമാണ് ഹരീഷിന്റെ കഥകളുടെ രസവിദ്യയെ നിയന്ത്രിക്കുന്നത്. ഹിംസ, പക, പോർവിളികൾ, അടിച്ചമർത്തലിന്റെയും ആധിപത്യത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾ, ആത്മരതിയും വ്യക്തിപൂജയും ആൾദൈവങ്ങളും അരങ്ങുവാഴുന്ന മാധ്യമങ്ങൾ, സത്യത്തിന്റെ കുപ്പായമണിഞ്ഞ നുണകളുടെ വേലകളികൾ. സത്യാനന്തരകാലത്തിന്റെ ഇത്തരം ജീർണ്ണസംസ്കാരത്തെ നേരിടാൻ പഴമയിൽ നിന്ന് ചില കഥാമൂലകങ്ങൾ ഈ കഥാകാരൻ തന്റെ കഥകളിൽ വിളക്കിച്ചേർക്കുന്നുണ്ട്. ചരിത്രത്തെയും വർത്തമാനത്തെയും ലീലാപരതയോടെ നോക്കിക്കാണുന്നതിലെ രസവിദ്യയാണ് സമകാലകഥാകാരന്മാരിൽ ഹരീഷിനെ വ്യത്യസ്തനാക്കുന്നത്. വിചിത്രവും സംഭവബഹുലവുമായ ക്രിയകളുടെയും മൂർച്ചയുള്ള അലിഗറികളുടെയും ലോഹക്കൂട്ടാണ് ഹരീഷിന്റെ കഥകൾ. വർത്തമാനസമൂഹം നേരിടുന്ന രാഷ്ട്രീയസമസ്യകളെ അന്യാപദേശഭാഷയിലൂടെ വിശകലനം ചെയ്യുന്നതിലാണ് ഈ കഥാകാരൻ മികവുകാട്ടുന്നത്. മാവോയിസ്റ്റ്, ആദം എന്നീ കഥകൾ നോക്കുക, വിപ്ലവം, വംശീയത തുടങ്ങിയ സങ്കീർണ്ണവിഷയങ്ങൾ ജന്തുപ്രതീകങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് വ്യവസ്ഥിതിയുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടോടുന്ന ആന്ധ്രയിൽ നിന്നുകൊണ്ടുവന്ന പോത്തും എരുമയും ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തുന്നതിന്റെ ആഖ്യാനമാണ് ‘മാവോയിസ്റ്റ്’. നിലവിലെ വ്യവസ്ഥിതിയെ ഉലച്ചുകളയുന്ന വിപ്ലവമാണ് അവിടെ സംഭവിച്ചിരിക്കുന്നത്. ഹിംസാലുക്കളുടെ സംഘടിതശക്തിക്കുമുന്നിൽ സ്വാതന്ത്ര്യത്തിന്റെ വിപ്ലവവീര്യം ദുരന്തത്തിൽ പര്യവസാനിക്കുന്നു. വ്യവസ്ഥിതിയെ ഉലച്ചുകൊണ്ടുള്ള മരണപ്പാച്ചിൽ തന്നെയാണ് വിപ്ലവം എന്നത്രേ ഈ അന്യാപദേശകഥ പകരുന്ന പാഠം. വിദേശജനുസ്സിൽപ്പെട്ട ഒരു നായയുടെ വംശകഥയിലൂടെ വംശീയതയുടെ വിചിത്രവഴികൾ പറയുന്ന ആദം അലിഗറിക്ക് പുതിയ ഭാവവും ഭാഷയും നൽകുന്നു. വിമോചന രാഷ്ട്രീയത്തിന്റെ ഇടിമുഴക്കങ്ങൾ കേട്ടുണർന്ന 1970കൾ മുതൽ സമകാലത്തിലേക്ക് ഒരു നടവഴി ഈ കഥയിൽ വരച്ചിടുന്നുണ്ട്. ലൈംഗികത, അധികാരം, ഭരണകൂട മർദ്ദനോപകരണങ്ങൾ ഇവയുടെ ചരിത്രവും പരിണാമവും വരെ ഈ കഥ അടയാളപ്പെടുത്തുന്നു. ഹരീഷിന്റെ കഥപറച്ചിൽ ഏകതാനമല്ല, അത് സംസ്കാരത്തിന്റെ ആരും സഞ്ചരിച്ചിട്ടില്ലാത്ത ഊടുവഴികളിലൂടെയുള്ള ഏകാന്തമായ സാഹസിക യാത്രകളാണ്. മുഖ്യധാരാസൗന്ദര്യസങ്കല്പങ്ങളുടെ അപരങ്ങളാണ് അവയിൽ നിറയുന്നത്. യാഥാർത്ഥ്യവും നിർമ്മിതിയും ചരിത്രവും വർത്തമാനവും സമകാലികമായ അന്യാപദേശങ്ങളും ദാർശനികമായ ഗാംഭീര്യവും ആഹ്ലാദകരമായ നർമ്മങ്ങളും കൂടിക്കുഴയുന്ന ബോർഹെസ്സ് കഥകൾപോലെ ഹരീഷിന്റെ കഥകളും നമ്മെ ചിന്തിപ്പിക്കുകയും അഗാധമായ വ്യസനങ്ങളിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. സാമൂഹികനിർമ്മിതികളുടെ വക്രതകളെ വിമർശിക്കുന്ന ഒരു വിദൂഷകമനസ്സ് ഹരീഷിന്റെ കഥകളിൽ പ്രവർത്തനക്ഷമമാകുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാഴ്ചയിൽ നിന്ന് മാറുന്നതിനെ കാഴ്ചയിലേക്കു കൊണ്ടുവരാനുള്ള സങ്കേതമായിട്ടാണ് ഓർമ്മയുടെ ചരിത്രം ഹരീഷിന്റെ കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. ‘മോദസ്ഥിരനായങ്ങുവസിപ്പൂമല’പോലെ എന്ന കഥ ഇതിനു ഉദാഹരണമാണ്. ശ്രീനാരായണഗുരുവും കേരളനവോത്ഥാനവും ജാതിനിർമ്മാർജ്ജന പദ്ധതികളുമൊക്കെ ഓർമ്മയായും പ്രതിരൂപമായും ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നു.
മധ്യകേരളത്തിന്റെ ഗതകാലകാർഷിക സാമ്പത്തികബന്ധങ്ങളും അധികാരഘടനയും സ്ഥലവിവരങ്ങളും വിവരണങ്ങളും ഹരീഷിന്റെ കഥകൾക്ക് സവിശേഷവസ്തുശില്പഭംഗി നൽകുന്നു. സ്ഥലം, കാലം, ഓർമ്മ എന്നീ മൂലകങ്ങൾ ആഖ്യാനത്തിൽ സമന്വയിക്കപ്പെടുന്നത് ഇത്തരത്തിൽ സൂക്ഷ്മപ്രകൃതി വിന്യാസം വഴിയാണ്. കർത്താവും കർമ്മവും പ്രക്രിയകളും ഒന്നായിച്ചേർന്ന് സംസ്കാര ചരിത്രജ്ഞാനരൂപങ്ങളായിത്തീരുന്നു. വേലകളിക്കാരനും തുള്ളൽക്കലാകാരനുമായ ശങ്കരൻകൃഷ്ണൻ എന്നയാൾ പുലിയെ ഓടിച്ചതിലൂടെ വീരപരിവേഷം കിട്ടിയ കഥപറയുന്ന ‘താത്തികത്തോം തെയ്തെയ്തോം’ എന്ന കഥ ഇതിനുദാഹരണമായി പറയാം. ജീവിതസാഹചര്യങ്ങളോട് സർഗ്ഗാത്മകമായി പ്രതികരിക്കുമ്പോൾ, ഉടലിന്റെ ശൈലീവൽക്കരണം കൊണ്ടുണ്ടായ വീരപരിവേഷവും അത് സൃഷ്ടിച്ച പ്രതിസന്ധികളും ദുരന്തഹാസ്യവും പ്രാദേശികവഴക്കങ്ങളിലൂടെ അവതരിപ്പിക്കുന്ന കഥയാണിത്. പുലിയുടെ മുന്നിൽപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ എള്ളുപറിക്കാൻ കരുതിയ മുറം പരിചയാക്കിപ്പിടിച്ച് ചുള്ളിക്കമ്പ് വാളാക്കി വേലകളിയുടെ ചുവടുകൾവെച്ചു ശങ്കരൻകൃഷ്ണൻ. വേലകളിയുടെ ആശാൻ എന്നനിലയിൽ താൻ സ്വായത്തമാക്കിയ ശരീരത്തിന്റെ ശൈലീവൽക്കരണം കണ്ട് പുലി അന്തംവിട്ടു പിന്തിരിഞ്ഞു. ശങ്കരൻകൃഷ്ണന് താരപദവികിട്ടിയ സംഭവമായി നാടിന്റെ വാമൊഴിവഴക്കമായി അതുമാറി. പൂഞ്ഞാർ എന്ന നാട്ടുരാജ്യത്തിന്റെ രാഷ്ട്രീയചരിത്രവും കഥയിൽ സംഗ്രഹിക്കുന്നുണ്ട്. പൂഞ്ഞാർ രാജാവിൽനിന്ന് പുരസ്കാരം വാങ്ങിയിട്ടുള്ള കലാകാരനത്രേ ശങ്കരൻകൃഷ്ണൻ. മീനച്ചിൽ താലൂക്കിന്റെയും ഹൈറേഞ്ച് മലനിരകളുടെയും ഉടമസ്ഥാവകാശവും കുരുമുളകിന്റെ കച്ചവടാവകാശവും രാജാവിന്റെ പൂർവികർക്കുണ്ടായിരുന്നു. എന്നാൽ മാർത്താണ്ഡവർമ്മയുടെ കടന്നുകയറ്റത്തിൽ എല്ലാം നഷ്ടപ്പെട്ടു. പടിഞ്ഞാറ് പാട്ടത്തിനു കൊടുത്ത പുഞ്ചനിലങ്ങളിലെ അരി ചോറാക്കി ഉരുക്കുനെയ്യൊഴിച്ച് ഭക്ഷിച്ച് കാലം കഴിച്ചുപോന്ന നാട്ടുരാജ്യത്തിന്റെ ചരിത്രം ഈ കഥയിൽ നാട്ടോർമ്മയായി പ്രത്യക്ഷപ്പെടുന്നു. അധിനിവേശത്തിന്റെ നാടൻചരിത്രമായും ഇതിനെ വായിക്കാം. അപ്രതീക്ഷിതത്വങ്ങളും യാദൃശ്ചികതകളുമാണ് ചരിത്രമായിത്തീരുന്നതെന്നും, അതിലെ ക്രിയകളുടെ കർത്താവും കർമ്മവും ഉടലുകൾ തന്നെയെന്നും ഇരതേടാനും ഇണചേരാനും ജീവിതവൃത്തികളിലേർപ്പെടാനുമുള്ള ഉടലെന്ന ഉപകരണം തന്നെയാണ് ചരിത്രത്തെ ചലിപ്പിക്കുന്നതെന്നും അതിന്റെ സവിശേഷശൈലീവൽക്കരണമാണ് മനുഷ്യചരിത്രത്തെ വ്യത്യസ്തമാക്കുന്നതെന്നും ഈ കഥയിൽ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സാമൂഹികസ്ഥാപനനിർമ്മിതിയുടെ മൂലഘടകങ്ങളെ അപനിർമ്മിക്കുന്ന നാട്ടോർമ്മകൾ ഹരീഷിന്റെ കഥാലോകത്ത് നിരന്തരം പ്രത്യക്ഷപ്പെടുന്നു.
സംസ്കാരം, രാഷ്ട്രീയം, ചരിത്രം, പ്രകൃതി, കാമന എന്നിവയെക്കുറിച്ചുള്ള തുറസ്സുകളിലേക്ക് ഹരീഷിന്റെ രചനകൾ നമ്മെ നയിക്കുന്നു. ഉടലിന്റെ രാഷ്ട്രീയമെഴുത്ത് പ്രകൃതിയുടെയും സ്ഥലകാലങ്ങളുടെയും അധികാരരൂപങ്ങളുടെയും എഴുത്തായി മാറുന്നതാണ് നാം ‘മീശ’യിൽ കാണുന്നത്. ഓർമ്മയും സ്ഥലകാലങ്ങളും സവിശേഷമായി വിന്യസിക്കുന്നതിലൂടെയാണ് ഹരീഷിന്റെ രചനകൾ മലയാളസാഹിത്യത്തിൽ നവവിചാരമാതൃകകൾ അവതരിപ്പിച്ചതെന്നു കാണാം. ചുരുക്കത്തിൽ സ്ഥലകാലങ്ങളിൽ നിന്നു സംഭരിച്ച വാക്കുകളെയും വസ്തുക്കളെയും ഓർമ്മകളെയും സമകാലത്തിന്റെ അന്യാപദേശമായി രൂപപ്പെടുത്തുന്ന രസവിദ്യയാണ് ഹരീഷിന്റെ കഥാലോകത്തിന്റെ വ്യതിരിക്തത.