
ആസന്നഭാവി

പ്രിയ ഉണ്ണികൃഷ്ണന്
ചലനങ്ങള്‍
കൃത്യമായി അടയാളപ്പെടുത്തുന്ന
പച്ചവെളിച്ചമുള്ള ക്യാമറകള്‍
ഇടയ്ക്കിടെ തെളിയുന്ന
ഓര്‍മ്മപ്പെടുത്തലുകള്‍
തീയ്യതികള്‍, ചടങ്ങുകള്‍
മൊബൈല്‍ ഫോണ്‍ പാകത്തില്‍
ഉരുവപ്പെടുന്ന കൈപ്പത്തികള്‍
കവാടങ്ങളിലും
വിമാനത്താവളങ്ങളിലും
പാസ്പോര്ട് കേന്ദ്രങ്ങളിലും
രേഖപ്പെടുത്തുന്ന വിരലടയാളങ്ങള്‍
മനുഷ്യന്റെ പൂര്‍ണ്ണതയാകുന്നു

മനുഷ്യര്‍ നടക്കുന്നു
ചിരിയ്ക്കുന്നു ജീവിക്കുന്നു
യന്ത്രങ്ങള്‍ അവ കുറിച്ചെടുക്കുന്നു
ഭൂമിയില്‍ ഭാരം കൂടുമ്പോള്‍
വിവരസാങ്കേതികത
ഉത്തരവാദിത്തമുള്ള ജോലിക്കാരനാകുന്നു
യുദ്ധങ്ങളുണ്ടാകുന്നു
അന്യഗ്രഹത്തില്‍ നിന്നൊരാള്‍
അച്ചുതണ്ടിനെ താങ്ങിനിര്‍ത്തുന്നു
പ്രപഞ്ചം അപ്ഡേറ്റ് ചെയ്യപ്പെടുന്നു
മനുഷ്യര്‍ പൂര്‍ണ്ണമായും
യന്ത്രങ്ങളാകുന്നു
ഹൃദയത്തില്‍
ചിപ്പുകള്‍ സ്ഥാപിക്കപ്പെടുന്നു
പുനര്‍സൃഷ്ടിയില്‍
മജ്ജയും മാംസവും അപരിഷ്കൃതമാകുന്നു
ആത്മാവ്
തമോഗര്‍ത്തങ്ങളില്‍
റീബൂട് ചെയ്യപ്പെടുന്നു
മണ്ണിലേയ്ക്ക്
ഗ്രഹങ്ങളിറങ്ങി വരുന്നു
