
കോമാങ്ങ: നാട്ടുവഴക്കങ്ങളുടെ കാവ്യഭാഷ

കെ. പ്രേമൻ കായക്കൊടി
കവിത അതിൻ്റെ പുറം വേഷങ്ങളാകെ അഴിച്ചു വെച്ച് കവിത മാത്രമായി വെളിച്ചപ്പെടുന്ന അനുഭവമാണ് കോമാങ്ങ വായനക്കാരന് നല്കുന്നത്. നിളാ പുളിനങ്ങളും താമരപ്പൊയ്കകളും അല്ല, നാട്ടു കോമാങ്ങയുടെ ചൊന മണക്കുന്ന ‘ഇരുടാപ്പിടിച്ച’ ഇടവഴികളാണ് ഇവിടെ കവിതയുടെ സഞ്ചാര പഥം! അവിടെ, കവിതയെന്ന ‘ലളിതാഖ്യാന’ ത്തിൽ മന്ദിയമ്മയും മാതുവമ്മയും പൊക്കിയും ഉണിച്ചിരയും ഒന്ന് പരിഷ്കരിച്ചാൽ ടി.പി. അനിതയുമൊക്കെയാണ് കഥാപാത്രങ്ങൾ. ഈ കാവ്യപരിസരങ്ങളിൽ, കവിതയുടെ വായനാ പാരമ്പര്യമോ സൗന്ദര്യ ശാസ്ത്ര തർക്കങ്ങളെക്കുറിച്ചുള്ള പരിജ്ഞാനമോ ഇല്ലാത്ത മുരിങ്ങോളി കുമാരേട്ടന്, കവിത എന്നാൽ എന്തോ ഒരു ‘ചിന്ത’യാണെന്ന് തികഞ്ഞ ബോധ്യമുണ്ട്.
ജീവിതം എല്ലായിടത്തും ഒരുപോലെയാണ്.
പരിസരങ്ങളും അതുണ്ടാക്കുന്ന സങ്കല്പങ്ങളും മാറ്റി വെച്ചാൽ, എവിടെയും
സഹജവാസനകളുടെ കിളർപ്പുകൾ ഒരു പോലെ തന്നെയെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്, നന്ദനൻ്റെ ഓരോ കവിതയും അതിൻ്റെ പരിണാമ പൂർണതയിൽ. മനുഷ്യൻ്റെ വൈകാരികമായ എല്ലാ പ്രസരണങ്ങളും, ഭൗതികമായ വിഭവങ്ങൾക്കും അതുണ്ടാക്കാൻ പ്രയോഗിക്കുന്ന വൈഭവങ്ങൾക്കുമപ്പുറം കേവലമായ ജീവിത സന്ധികളിൽ നിന്നു തന്നെയാണ് രൂപപ്പെടുന്നത്.
അവിടെ പ്രണയവും നിരാശയും പ്രതീക്ഷയും കൈവെടിയലുമെല്ലാം നൈസർഗികമായ സംഭവങ്ങളാണ്. ഒരു പക്ഷേ എല്ലാ സാഹിത്യ വായനകൾക്കും ബാധകമായേക്കാവുന്ന ഏറ്റവും ലളിതമായ ഒരു പൊതു തത്വമായും നമുക്ക് ഇതിനെ കാണാവുന്നതാണ്.
നന്ദനൻ്റെ കവിതയിലെ ഭാഷ തന്നെ കാവ്യബിംബങ്ങളും ധ്വനിയുമായി മാറുന്ന സവിശേഷമായ ചില സന്ദർഭങ്ങളുണ്ട്. വെള്ളരി നനയ്ക്കാൻ പണിക്കാരൻ പൊക്കിണൻ ചോദിക്കുന്ന കുടവും പണിക്കാരി ഉണിച്ചിര കൊടുക്കുന്ന കുടവും ആങ്ങളമാരെ ധിക്കരിച്ചായാലും പ്രണയത്തിൻ്റെ പ്രതീകമാണ്. പ്രണയം തുളുമ്പുന്ന ഈ നിറകുടം പൊട്ടിക്കുന്നുണ്ട് പൊക്കിണൻ, അതൊരു ‘വീരം’ !
എല്ലാ പ്രണയത്തിലുമുണ്ടല്ലോ വീരം എന്ന ഒരു രസം!

ഒരു ഭാഷാ പ്രയോഗത്തിൻ്റെ നിഷ്കളങ്കമായ നിറവേറ്റലാണ് ഉണിച്ചിരക്ക് കുടമുടഞ്ഞ നിമിഷം. പൊക്കിണൻ്റെ കൂടെ പൊറുത്ത ഉണിച്ചിര ഒരു പാടു പെറ്റു. പൊക്കിണനും മടുപ്പു വന്നു. (മടുപ്പു വന്നത് പൊക്കിണനാകുമ്പോൾ അതികഠിനമായ അസ്തിത്വ പ്രതിസന്ധി എന്ന നിലയിൽ എണ്ണപ്പെടുകയുമില്ലല്ലോ) ഒരു നാൾ പളനിക്കു പോയ പൊക്കിണൻ മടങ്ങി വന്നില്ല; മക്കളാരും നേരെയുമായില്ല; അങ്ങിനെയുമുണ്ടല്ലോ നാട്ടുവഴികളിൽ ചില ജീവിതങ്ങൾ! എങ്കിലും ഒറ്റക്കായ ഉണിച്ചിര മഴക്കാലത്ത് മരിക്കാൻ കിടക്കുമ്പോൾ ചിതറിപ്പോയ മക്കളെ ഓർത്ത് സമാധാനിക്കുന്നത്, “കുടുക്ക പൊട്ടിയേത് കൊണ്ടല്ലേ ” ന്ന് മാത്രാണ്. പൊട്ടിയ കുടുക്ക മടുത്തു പോയ പ്രണയവും ചിതറിപ്പോയ മക്കളുമായി എത്ര പെട്ടെന്നാണ് മാറിപ്പോകുന്നത്! ഇതാണ് നന്ദനൻ്റെ ഭാഷയും ഭാഷയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത കവിതയും.
ഏതാണ്ട് ഇതേ പ്രണയ പരിസരത്തുനിന്നാണ് എപ്പോഴും പച്ചക്കുപ്പായമിടുന്ന പച്ച രമേശൻ ടി.പി.അനിതക്ക് കത്തയക്കുന്നത്. ടി.പി.അനിതക്ക് ഒന്നും “തിരിഞ്ഞിക്കി ല്ലെങ്കിലും “
“മാണ്ട ഏട്ടാ മാണ്ട
ആ കത്ത് കത്തിക്കണ്ട “
എന്ന് പറയുന്ന പ്രണയത്തിൻ്റെ നൈസർഗികമായ ജൈവ സാന്നിദ്ധ്യത്തിലേക്ക് തന്നെയാണ് നന്ദനൻ വായനക്കാരനെ നയിക്കുന്നത്.
പുകവലിക്കാരനായ ദിനേശൻ്റെ അമ്മ പുകവലിച്ചിറ്റിനിക്കെന്താ കിട്ട്ന്നത് ദിനേശാ ന്ന് ചോദിച്ചാലുള്ള ഉത്തരം പോലെ (പൊ കാ )
തന്നെ ലളിതവും സത്യസന്ധവുമാണ് നന്ദനൻ്റെ കവിതയും കാവ്യ ഭാഷയും കാവ്യബിംബങ്ങളും!
പോലീസുകാർ കമ്യുണിസ്റ്റുകാരെ വേട്ടയാടുന്ന കാലത്ത്, കമ്യുണിസ്റ്റുകാരെക്കണ്ടാൽ കലിപ്പു തീർക്കുന്ന പോലീസ് ഏമാൻ്റെ,
“ആരാണെടാ ഇവിടത്തെ കമ്യൂണിസ്റ്റുകാർ എന്ന ചോദ്യത്തിന് ” പുറത്തിറങ്ങി ഞാനാണ് കമ്യുണിസ്റ്റ് എന്ന് വിളിച്ചു പറയുന്ന കുഞ്ഞിപ്പറമ്പത്ത് കണ്ണേട്ടൻ നന്ദനൻ്റെ ഗ്രാമത്തിലെ കമ്യുണിസ്റ്റാണ്. കണ്ണേട്ടൻ്റെ ചുമലിൽ കൈവെച്ച്, “ഇന്ന് ഞാനൊരു കമ്യുണിസ്റ്റിനെക്കണ്ടു ” എന്ന് പറയുന്ന പോലീസുകാരനും കമ്യുണിസ്റ്റും കവിയും
പ്രണയിയും നിസ്സഹായനും എല്ലാവരും ചേർന്നാണ് നന്ദനൻ്റെ പുസ്തകത്തിൽ
കവിതയുടെ നിറം നിറയ്ക്കുന്നത്.
കെണി വെച്ച് പിടിച്ച പെരുമ്പാമ്പിനെ മാതുവമ്മക്ക് കാണണ്ട; അവർക്ക് ഒന്നേ അറയൂ !
” നിക്വാൻ പറഞ്ഞാല്
കൊറച്ച് നിക്കും
പോക്വാൻ പറഞ്ഞാല്
വേഗത്തില് പോകും
അതൊരു
പാവം പാമ്പേനും”
ഉള്ളടക്കത്തിൽ ഇത്രയും പരിസ്ഥിതിയും പച്ചയും പാമ്പും നിറഞ്ഞു നില്കുന്ന കവിത മലയാളത്തിൽ അപൂർവ്വമാണെന്ന് പറയാം.
ഇവിടെ കവിയുടെ പരിസ്ഥിതി ബോധമോ
പരിസ്ഥിതി ബുദ്ധിജീവികളുടെ നിലവിളിയോ അല്ല, മറിച്ച് മാതുവമ്മയയും പാമ്പും തമ്മിലുള്ള മാതൃ പുത്ര നിർവ്വിശേഷമായ
ഗാഢ ബന്ധങ്ങളുടെ വിളംബരപ്പെടുത്താത്ത പരസ്പര സമർപ്പണമാണ് വെളിപ്പെടുന്നത്.
ഇതു തന്നെയാണ് പരിസ്ഥിതിയോടു ചേർന്നു നില്ക്കുന്ന മനുഷ്യ ഭാവം. മനുഷ്യൻ്റെ ഉൺമയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത പ്രകൃതി!
നന്ദനൻ്റെ കവിതയിൽ ഈ ജൈവ സാന്നിദ്ധ്യം ആവർത്തിച്ച് അനുഭവപ്പെടുന്നതായി നമുക്ക് കാണാം.
പല സമസ്യകൾക്കും സാധാരണ മനുഷ്യരുടെ ലളിതമായ പൂരണം കൊണ്ടാണ് കവി ഉത്തരം കണ്ടെത്തുന്നത്.
അങ്ങിനെയാണ്, ഡോക്ടറുടെ വാതിലിന് ഇടതു വശം നില്കുന്ന പൊക്കിയോട് വലത്തേ പൊക്കി,
“ഉമ്മളെ പള്ളേലെ
സൂക്കേട് തിരീന്ന ഡോട്ടറക്ക്
ഉമ്മളെ പേരും തിരിയും
പൊക്ക്യേ” ന്ന്, പറേന്നത്!
പരസ്പരം പറയാതെ പോകുന്ന പ്രണയത്തിൻ്റെ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്, ലോക സാഹിത്യത്തിൽ, മനുഷ്യജീവിതത്തിൽ അതിലേറെയും;
അത്തരത്തിൽ പറയാതെ പോകുന്ന,
പ്രണയത്തിൻ്റെ സുഗന്ധപൂർണ്ണമായ ഓർമയാണ് ‘ഓള് ‘ എന്ന കവിത.
ചെമ്പരത്തിപ്പൂവിനോടും ചെടികളോടും പക്ഷികളോടും അവള് ചിരിക്കുകയും പറയുകയും ചെയ്യും; അവ തിരിച്ച് അവളോടും! എല്ലാം പ്രകൃതിയുടെ ചേതനയിൽ ലയിച്ചു നില്കുന്നതു പോലെ;
അശോകൻ്റെ ഓർമ പോലും!
ചിലപ്പോഴൊക്കെ ഓർമ്മകളുടെ പൂക്കാലത്തിലൂടെ കടന്നു വരുന്ന പ്രമേയങ്ങളിലെത്തുമ്പോൾ ഏറെ തരളിതമാകുന്നുമുണ്ട് നന്ദനൻ്റെ ഭാഷ; നനവാർന്ന മഹിത ദു:ഖം പോലെ
കവിതയിൽ അത് പ്രശോഭിതമാകുന്നത് നമുക്ക് കാണാം.
കുറൂളി കണ്ണേട്ടൻ്റെ ഓർമ്മകൾ കൈപൊക്കി വോട്ടു ചെയ്തേടത്തോളം
പഴയതിൽ നിന്നാണ് തുടങ്ങുന്നത്.
കവിയുടെ, ഗ്രാമജീവിതത്തിൻ്റെ പഴയ നാളുകളിലേക്ക് ഓർമ്മകളിലൂടെ ആലോചിച്ചു തുഴയുമ്പോൾ നിറച്ചും മരിച്ചവരാണ്.
പഴയ നാളുകൾ ഓർക്കുമ്പോൾ കണ്ണേട്ടൻ മാത്രം പറയും ” ആരും മരിച്ചിറ്റില്ലാ ‘!
എത്ര വിപ്ലവകരമായ ഓർമ്മയാണെന്നോ കണ്ണേട്ടൻ ബാക്കി വെക്കുന്നത്. ഇങ്ങിനെ രാഷ്ട്രിയമായ, ഒന്നും മറന്നു പോകാത്ത മനുഷ്യരുടെ അതിജീവനത്തിൻ്റെ മണ്ണിൽ വീണ കണ്ണീർ നനവിൽ നിന്നാണ് നന്ദനൻ മുള്ളമ്പത്തിൻ്റെ കവിത മുള പൊട്ടി കിളർക്കുന്നത്.
ഒണക്കച്ചനും ചാത്തച്ചനും കുഞ്ഞിക്കോരനും മുള്ളമ്പത്ത് മാത്രമല്ല;
ലോകത്താകെ വ്യാപരിച്ചു നില്ക്കുന്ന
പാഠപുസ്തകത്തിൽ ഇടം പിടിച്ചിട്ടില്ലാത്ത മഹത്തായ ഗുണപാഠകഥകളിലൊന്നാണ്.
എല്ലാ ഗുണപാഠങ്ങളും പാഠശാലകളിൽ നിന്ന് പഠിക്കേണ്ടവയല്ല;
കരണക്കുറ്റിക്ക് അടി കിട്ടുമ്പോൾ മാത്രം
പൂർത്തിയാകുന്ന ചില പാഠങ്ങളുമുണ്ട്;
നാട്ടുവഴക്കങ്ങളിൽ! വലിയ ഒരു പരിഹാസത്തിലാണ് ഈ ഗുണപാഠം ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നത്
അതിൻ്റെ പ്രത്യേകതയും.
ആളുകളെ സ്നേഹിക്കാമെന്ന് വിചാരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങിയ കുമാരനും ഗുണപാഠകഥയിലെ കഥാപാത്രം തന്നെ.
കാരണം, അയാൾ എല്ലാവരെയും വെറുപ്പിച്ചു തന്നെ പുരയിലേക്ക് തിരിച്ചു പോന്നു. സ്റ്റേഹിക്കാമെന്ന് വിചാരിച്ചുറച്ച് വീട്ടിൽ നിന്നിറങ്ങുന്ന എല്ലാകുമാരൻമാർക്കും സംഭവിച്ചേക്കാവുന്നത് തന്നെയാണ് കുമാരനും സംഭവിക്കുന്നത്.
ആക്ഷേപഹാസ്യത്തിൻ്റെ നേരിയ രസം ഈ കവിതയിലുംഒളിഞ്ഞിരിപ്പുണ്ട്.
ടോർച്ചെടുക്കാത്ത മനോജനെ പാമ്പുകടിക്കുന്ന ഒരു കവിതാ സന്ദർഭമുണ്ട്, ഈ സമാഹാരത്തിൽ!
ലോകമാകെ മനോജനെ കുറ്റപ്പെടുത്തും, കാരണം പാമ്പുകടിച്ചത് മനോജനെയാണല്ലോ!
എങ്കിലും മനോജൻറെ അമ്മമ്മ
മന്ദിയമ്മ മാത്രം ചോദിക്കുന്നത്
” പാമ്പിൻറേര്ത്തുംല്ലേ കുറ്റം”
ന്ന് മാത്രാണ്. ശിക്ഷിക്കാനല്ല,
കുറ്റവും ശിക്ഷയും മന്ദിയമ്മക്ക് പ്രധാനമല്ല,
മനോജൻറടുത്ത് മാത്രല്ല, കുറ്റംന്ന്
മാത്രം പറേണം അത്ര തന്നെ!
പാമ്പും കുറ്റം ചെയ്യാൻ പാടില്ലല്ലോ!
കാരണം കുറ്റം ചെയ്യേണ്ട ഒരു ജന്മമല്ലല്ലോ മന്നിയമ്മയുടെ ജൈവ പ്രകൃതിയിൽ ഇടം പിടിച്ച പാമ്പിൻറേത് !
മന്നിയമ്മമാരുടെ ലോകമാണ് നന്ദനൻറെ
കവിതാ പരിസരം !
രതിയുടെ വിശാല ഭൂമികകളുണ്ട്,
നന്ദനൻ്റെ കവിതയിൽ, അത് ചിലപ്പോൾ സഹജവാസനകളുടെ അലംഘനീയമായ ചോദനകളാവാം. ഒരു പക്ഷേ വെറുംമടുപ്പിൽ നിന്ന് വിഫലമായി പുറത്തു ചാടിയ ഒരു മൃഗതൃഷ്കയോ പ്രലോഭനമോ ആകാം.
എങ്കിലും പെണ്ണിൻ്റെ മണം മാത്രം പൊള്ളിനില്ക്കുന്ന മുറിയിൽ കുമാരന് ശ്വാസം കുടുങ്ങുന്നുണ്ട്. ജാനുവിൻ്റെ സമ്മതത്തിൽ ചെന്നതാണെങ്കിലും, ആ മണം, തൻ്റെ ശ്വാസത്തിൽ മുട്ടിപ്പിടിച്ചു നിന്ന വിങ്ങൽ മറ്റൊന്നുമായിരുന്നില്ല, തൻ്റെ ജീവിതപങ്കാളിയായ കമലയുടെ തന്നെ മണമായിരുന്നു. ഭേദിക്കാൻ കഴിയാത്ത ഗന്ധവും സ്പർശവും ചേർന്ന് ഇഴുകി തളം കെട്ടിയ ഈ വൈകാരികതയെ അല്ലാതെ മറ്റെന്തിനെയാണ് നാം പ്രണയമെന്ന് വിളിക്കുക!
ഒരു സമാധാനവുമില്ലാത്തതു കൊണ്ടാണ് മനോജന് മരിക്കാൻ തോന്നുന്നത്! മനോജൻ്റെ സമധാനമില്ലായ്മക്ക് പരിഹാരമുണ്ടാക്കാൻ രവീന്ദ്രൻ പറഞ്ഞു.
“എൻ്റെ പൊരയിലേക്ക് പോകാം “
വഴിയിൽ അലമ്പുപിടിച്ച ആലോചനകളുമായി മനോജൻ കാത്തു നില്ക്കുന്നതിനിടയിൽ, അരക്കുപ്പി ബ്രാണ്ടിയുമായി ‘എടവഴിയിലൂടെ ‘രവീന്ദ്രൻ മടങ്ങി വന്നു. രവീന്ദ്രൻ്റെ പൊരയിലെ ഒഴിഞ്ഞ മൂലയിലിരുന്ന് മദ്യപിക്കുമ്പോഴും അവരൊന്നും പറഞ്ഞില്ല! മദ്യം രവീന്ദ്രനെ വെറളി പിടിപ്പിച്ചു. അവൻ കത്തി കൊണ്ട് കുത്താൻ നോക്കി. അമ്മ അലറി വിളിച്ചു.
എങ്ങിനെയൊക്കെയോ വീട്ടുകാരെ സമാധാനിപ്പിച്ച മനോജൻ സ്വന്തം വീട്ടിലേക്ക് മടങ്ങി.
പുലർച്ചയോടെ മനോജൻ ‘സമാധാനം ‘ നഷ്ടപ്പെട്ട രവീന്ദ്രൻ്റെ വീട്ടിലേക്ക് നടന്നു.

ഈ കലഹങ്ങളൊക്കെ നിറഞ്ഞു കലങ്ങിയ വീട്ടിൻ്റെ പുലരിയിലേക്ക് പിറ്റേന്ന് ചെല്ലുന്ന മനോജൻ്റെ കാഴ്ചയിൽ ശ്രുതി ഭംഗമേതുമില്ലാത്ത ജീവിത സാധാരണത്വം കൊണ്ട് സുരഭിലമായ രവീന്ദ്രൻറെ വീടു
തെളിഞ്ഞു നില്കുകയാണ്. വൈലോപ്പിളളിയുടെ കുടികിടപ്പുകാരെപ്പോലെ വൈകാരികമായ സാധാരണത്വത്തിലേക്ക് പ്രവേശിക്കാൻ സാധാരണക്കാരന് കാരണങ്ങൾ ഒന്നും ആവശ്യമില്ലല്ലോ ; അത്രയും നിഷ്കളങ്കവും നിസ്സാരവുമാണ് അവരുടെ ജീവിതം.
ഇതും നാട്ടിൻ പുറത്തെ ജീവിതപാഠശാലകളിലൊന്നു തന്നെയാണ്.
ഇവിടെ നിന്ന് പിന്നീട് എങ്ങിന്നെയാണ് മനോജൻ ആത്മഹത്യ ചെയ്ത് ഇവിടം വിട്ടു പോകുന്നത്? ‘സമാധാനം ‘ എന്ന അവസ്ഥയ്ക്ക് ആക്ഷേപ ഹാസ്യവും നിസ്സഹായതയും കൂടിക്കലർന്ന പരിചിതമല്ലാത്ത മറ്റൊരർത്ഥം വായിച്ചെടുക്കാൻ നാം നിർബന്ധിതരാവുകയാണ്.
പരിഷ്കൃത സമൂഹത്തിന് ആലോചിക്കാൻ കഴിയാത്ത വലിയ പാഠങ്ങളിലൊന്നാണ്, ‘അരിഞ്ഞിട്ട ചക്ക വെറുതെയാക്കരുത്’
എന്ന കാവ്യ ശീർഷകം ! ശശിലയുടെ പുരയിൽ അഛൻ്റെ മരണമറിയിക്കാൻ ചെല്ലുന്ന
അയൽക്കാരൻ പവിത്രന് മരണവിവരം അറിയിക്കാൻ കഴിയുന്നില്ല, ശശില ചക്ക അരിഞ്ഞിടുകയാണ്.
പവിത്രനെക്കണ്ട ശശിലക്ക് സന്തോഷമായി.
” തേങ്ങയും കരിയോമ്പും പൊടിച്ച കുരുമുളകുമിട്ട ചിറ്റുളളിയും വറുത്ത കടുകും മണക്കുന്ന കട്ടിയുള്ള ചക്കപ്പുഴുക്ക് “
തിന്ന പവിത്രനോട് ശശില വിശേഷം ചോദിച്ചു.
” ഒന്നും വിചാരിക്കരുത് ശശിലേ
ഇന്ന് രാവിലെ ഇൻ്റെ അഛൻ മരിച്ചു. “
വൈകി വന്ന ശശിലയോടും പവിത്രനോടും വെറുപ്പു പിടിച്ച നാട്ടുകാരോട് പവിത്രൻ പറഞ്ഞു.
“അരിഞ്ഞിട്ട ചക്ക വെറുതെയാക്കരുത്’
വിശപ്പും വിശപ്പു തീർക്കുന്ന ആർത്തിയും
ചേർന്ന് പവിത്രൻ എന്ന കുട്ടി സ്വന്തമായി നിർമ്മിച്ചെടുക്കുന്ന ജീവിത ദർശനം തന്നെയാണ്, അയാൾക്ക് മുന്നിൽ മരണ നേരത്തും മഹാ ദർശനമായി ഉയർന്നു നില്ക്കുന്നത്.
ഇതാണ് നന്ദനൻ കണ്ടെടുക്കുന്ന ഗ്രാമം!
ഭാഷയിൽ നിന്ന് വിഭിന്നമാകാത്ത കവിതയും
കവിതയിൽ നിന്ന് ഇളക്കി മാറ്റാൻ കഴിയാത്ത ഭാഷയും കൊണ്ട് ‘ കവിത ‘യുടെ പുതിയ ‘ആഖ്യാന ‘ങ്ങൾ ഒരു സമാഹാരമായി ചേർത്തുവെക്കുകയാണ് നന്ദനൻ മുള്ളമ്പത്ത്.
പോരായ്മകൾ, ചിറി പൊള്ളിക്കുന്ന ചൊനയായും അണ്ടി കരളുമ്പോൾ ഉള്ള പുളിയായും തോലുതിന്നുമ്പോഴുള്ള തൂറ്റലായും എപ്പോഴും അലോസരപ്പെടുത്തിയിരുന്നെങ്കിലും സുഷമ പറേന്നത് ” എന്നാലും സുരേശാ എന്തൊരു മണേനും എന്തൊരു സുകേനും ഏറങ്കോട്ട് മലേലെ ആ കോമാങ്ങ ” ന്നാണ്. ഇതു തന്നെയാണ് നന്ദനൻ്റെ കവിത!
കവിതയിൽ ഗന്ധവും സ്പർശവും ജീവിതം തന്നെയും ചൊന മണക്കുന്ന നാട്ടു കോമാങ്ങ പോലെ പഞ്ചേന്ദ്രിയങ്ങളെ മധുരമായി പൊള്ളിച്ചുകൊണ്ട് ഒരു വലിയ കവിയുടെ സാന്നിധ്യമറിയിക്കുന്നുണ്ട് നന്ദനൻ മുള്ളമ്പത്ത് കോമാങ്ങ എന്ന തൻ്റെ സമാഹാരത്തിലൂടെ!