
കൈതപൂക്കും നേരം

പ്രീതി ദിലീപ്
ഒടുവിലത്തെ നേരത്താണ്
കാട് പൂക്കുന്നോ, കൈത പൂക്കുന്നോ
എന്ന തിരിച്ചറിവില്ലാതെ,
ഓരോ ജനാലകള്‍ക്കരികിലും
കിടന്ന് കാഴ്ചകളെ കാണാതെ
കണ്ണ് ചിമ്മി കൊണ്ട്,
കൊഞ്ഞനം കുത്തുന്നത്…..
ഏതോ യാത്രക്കൊടുവിലാണ്
ദൂരങ്ങള്‍ എത്രയോ പിന്നിട്ടിട്ടും രൂക്ഷഗന്ധത്തോടെ
വന്നു പെടുന്ന കാഴ്ചകളെ
ഓര്‍ത്തെടുക്കുന്ന, നേര്‍ത്ത വാക്കുകളൊക്കെയും
തട്ടി തെറിപ്പിച്ചത്…..
പിന്നീടൊരിക്കലാവണം
വസന്തം കാണാനിറങ്ങി
പരാജയപ്പെട്ട് ഇനിയും
വിടരാനിരിക്കുന്ന പൂക്കളുണ്ടെന്ന
ഉറപ്പിന്മേല്
തിരിച്ചു നടന്നത്……
അന്ന് ഏതോ
ചിറകടി ഒച്ചയിലാവണം
ഇറങ്ങി നടന്നത്
കാറ്റ് വിളിച്ചതാണോ,
കടലിരമ്പുന്നതാണോ
വേര്‍തിരിക്കാനാവാതെ…….,
നീറ്റല്‍ പുറത്തേക്കിറങ്ങാത്ത
വിധത്തില്‍ സങ്കടത്തിന്റെ
പേറ്റുനോവ് ഒതുക്കി കെട്ടി വച്ച്……….

ഓര്‍മകള്‍ തികട്ടി കൊണ്ടുവരുന്നതിനെ ഒക്കെയും ഒളിപ്പിച്ച് വച്ച്……..
രാത്രികളുടെയും, പകലുകളുടെയും ജാലവിദ്യകളെ അതിജീവിച്ച്……,
തിരിച്ചെടുക്കാനാവാത്ത
സന്തോഷങ്ങളെ എണ്ണി പെറുക്കി,,,,,,,,
കാട് കയറിയ ഓര്‍മകളെ ആരോ കാതോര്ക്കുമെന്ന
വിശ്വാസത്തിന്റപുറത്താണ്
ഒറ്റ രാത്രികളുടെ
നിശ്വാസങ്ങളെ പുറത്തിറക്കി
നിലാവിനെ കൂട്ടുപിടിച്ച്
നടന്നു തുടങ്ങിയത്………
യാത്ര തന് നേരിനെ
പിടിച്ചുകെട്ടാന്‍ ഒന്നിനെയും
അനുവദിക്കാതെ ഇറങ്ങിയതും…..
ചിറകടി ഒച്ചകള്‍,
വിദൂരമാകുന്നെന്ന
സത്യത്തെ മാത്രം
ഉള്‍ക്കൊണ്ടിരുന്നില്ല
എന്നു മാത്രം……
ഇനിയും ഏതോ താളുകളില്‍
ഒളിച്ചിരിക്കുന്ന
അതിജീവനത്തെ
കണ്ടെത്തേണ്ടിയിരിക്കുന്നു
യാഥാര്‍ത്ഥ്യങ്ങളിലെ
സന്തോഷങ്ങളെ
അരിച്ചെടുത്ത്
സൂക്ഷിച്ചു വെക്കേണ്ടിയിരിക്കുന്നു.