
പൂർവ്വകല്പനങ്ങളെ മിന്നൽപ്പിണരാക്കുന്ന വിധം

പ്രവീൺ പ്രകാശ്
ഫ്ലാഷ് ഫിക്ഷൻ എന്ന പേരിൽ പാശ്ചാത്യലോകത്ത് പ്രസിദ്ധമായ സാഹിത്യരൂപത്തെ ഔചിത്യപൂർവ്വം അടയാളപ്പെടുത്തുന്ന ഒരു പേര് ഇന്നും മലയാളത്തിലില്ല. മിനിക്കഥ, കുറുങ്കഥ, നാനോക്കഥ, ചെറിയകഥ എന്നിങ്ങനെ പലരും പല പേരുകളാണ് പ്രയോഗിച്ചു കാണുന്നത്. പക്ഷെ, ആ സംജ്ഞകൾക്കൊന്നും ഈ സാഹിത്യശാഖയെ പൂർണാർത്ഥത്തിൽ പ്രതിനിധീകരിക്കാൻ കഴിയുന്നില്ല. ഒരു സാഹിത്യശാഖയെ സംബന്ധിച്ച് അതിന്റെ ഘടന പോലെ തന്നെ, ആഖ്യാനം, ഭാഷ, ആശയസംവേദനക്ഷമത തുടങ്ങിയവയും പ്രാധാന്യമർഹിക്കുന്നു. ഇവിടെയാണ് അടുത്തകാലത്ത് പ്രചരിച്ചു തുടങ്ങിയ ‘മിന്നൽക്കഥ’ എന്ന സംജ്ഞ പ്രസക്തമാകുന്നത്. സെക്കൻഡുകൾ കൊണ്ട് ദശലക്ഷക്കണക്കിനു വാട്ട്സ് ഊർജ്ജം സ്വതന്ത്രമാക്കുന്ന മിന്നൽ പോലെ ഹ്രസ്വമായ ഘടനയും സ്ഫോടനാത്മകമായ ആഖ്യാനശേഷിയും വിശാലമായ ആശയപ്രപഞ്ചവും ഉള്ള ഒരു സാഹിത്യരൂപത്തിന് മിന്നൽക്കഥകൾ എന്ന പേര് ഏറെ ഔചിത്യപൂർണമാണ്. ഫ്ലാഷ് ഫിക്ഷൻ ( Flash fiction ) എന്ന സംജ്ഞയോടുള്ള സാമ്യവും നിമിഷാർദ്ധംകൊണ്ട് വായനക്കാരിൽ കനത്ത ആഘാതമേൽപ്പിക്കുന്ന ആവിഷ്കാരരീതിയും പരിശോധിക്കുമ്പോഴും ‘മിന്നൽക്കഥകൾ’ എന്ന സംജ്ഞ അർത്ഥപൂർണ്ണമാണ്.

മിന്നൽക്കഥകളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ ഹ്രസ്വമായ ഘടനയാണ്. പരമാവധി സൂക്ഷ്മമായ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് മിന്നൽക്കഥകളുടെ ഹ്രസ്വഘടന നിലനിർത്തുന്നു. അനേകം കഥാപാത്രങ്ങളുള്ളതോ, നിരവധി തലമുറകൾ പ്രത്യക്ഷപ്പെടുന്നതോ, വർഷങ്ങൾക്കിടയിൽ നടക്കുന്ന സംഭവങ്ങളിലൂടെ ക്രമാനുഗതമായി വികസിക്കുന്നതോ ആയ ഒരു ഇതിവൃത്തത്തെ ആവിഷ്കരിക്കാൻ മിന്നൽക്കഥയുടെ ദൈർഘ്യം അപര്യാപ്തമാണ്. എന്നാൽ ഒരു സാഹിത്യരൂപമെന്ന നിലയിൽ വിശാലമായ ആശയങ്ങളോട് പുറംതിരിഞ്ഞു നിൽക്കുക എന്നതും അഭികാമ്യല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രമേയങ്ങൾ ആവിഷ്കരിയ്ക്കേണ്ടതായ സന്ദർഭത്തിൽ മിന്നൽക്കഥകൾ ‘പൂർവ്വകല്പനം’ എന്ന സങ്കേതം പ്രയോജനപ്പെടുത്തുന്നു. പ്രസ്തുതമായ ഒരു സാഹിത്യകൃതിയുടെ കഥാരംഗത്തിന് ഉദാത്തതലഭിക്കുന്ന രീതിയിൽ പ്രസിദ്ധമായ മിത്ത്, സാഹിത്യകൃതികൾ എന്നിവ പരാമർശിക്കുന്ന രചനാസങ്കേതമാണ് പൂർവ്വകല്പനം (Prefiguration). ഇതിഹാസപുരാണങ്ങളിൽനിന്നുള്ള കഥകൾ, പൂർവ്വസാഹിത്യ കൃതികൾ, പഞ്ചതന്ത്രം കഥകൾ, ജാതകകഥകൾ, ഐതിഹ്യങ്ങൾ, മിത്തുകൾ, പുരാവൃത്തങ്ങൾ, വിശുദ്ധഗ്രന്ഥങ്ങൾ, കഥാപാത്രങ്ങൾ, ഉദ്ധരണികൾ എന്നിവ മിന്നൽക്കഥകളിൽ പൂർവ്വകല്പനമായി ഉപയോഗിക്കുന്നു. കഥയുടെ ആശയപൂർത്തീകരണത്തിൽ പൂർവ്വകല്പനത്തിന് നിർണായകസ്വാധീനമുണ്ട് എന്നതിനാൽ സ്ഥല-കാലങ്ങൾക്കപ്പുറം കടന്ന് വായനക്കാരെ സ്വാധീനിക്കാൻ വേണ്ട കരുത്ത് പൂർവ്വകല്പനമായി പരാമർശിക്കുന്ന സംഭവത്തിനു വേണം. അഥവാ പൂർവ്വകല്പനമായി ഉപയോഗിക്കുന്ന കഥയും കഥാപാത്രങ്ങളും ഉദ്ധരണികളും പ്രഖ്യാതമായിരിക്കണം. വിശദീകരിക്കാനുള്ള സാധ്യതകൾ ഇല്ല എന്ന പരിമിതിയെ മിന്നൽക്കഥകൾ മറികടക്കുന്നത് പൂർവ്വകല്പനത്തിലൂടെ വിശാലമായ കഥാപശ്ചാത്തലത്തിലേയ്ക്ക് സൂചനകൾ സൃഷ്ടിച്ചാണ്.
പി.കെ.പാറക്കടവും മറ്റു മിന്നൽക്കഥാകൃത്തുക്കളും കഥകളിൽ വ്യാപകമായി പ്രയോഗിക്കുന്ന രചനാസങ്കേതമാണ് പൂർവ്വകല്പനം. പൂർവ്വകല്പനമായി എടുക്കുന്ന ഘടകങ്ങളെ അതിന്റെ പൂർവ്വരൂപത്തിൽ അതേപടി ഉപയോഗിക്കുന്നതിനേക്കാൾ രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങൾക്കനുസരിച്ച് അപനിർമ്മിക്കാനുള്ള പ്രവണത പാറക്കടവിന്റെ മിന്നൽക്കഥകളിലുണ്ട്.
അപനിർമ്മാണത്തിനായി പൂർവ്വകല്പനങ്ങളിൽനിന്നും സ്വീകരിക്കുന്ന ഘടകങ്ങളുടെ വൈവിധ്യമാണ് പാറക്കടവിന്റെ പ്രധാനസവിശേഷത. പൂർവ്വസാഹിത്യകൃതികളും മതഗ്രന്ഥങ്ങളും പുരാണങ്ങളും മാത്രമല്ല, ചരിത്രസംഭവങ്ങളും ചരിത്രപുരുഷൻമാരും നാടൻശൈലികളും ആചാരങ്ങളും ശാസ്ത്രതത്വങ്ങളുംവരെ പാറക്കടവ് പൂർവ്വകല്പനമായി പ്രയോഗിക്കുന്നു.
പൂർവ്വസാഹിത്യകൃതികളെ പൂർവ്വകല്പനമായി ഉപയോഗിക്കുക എന്നത് മിന്നൽക്കഥാകൃത്തുക്കളെല്ലാം പൊതുവായി സ്വീകരിക്കുന്ന രചനാതന്ത്രമാണ്. എന്നാൽ കഥയെയും കഥാപാത്രങ്ങളെയും മാത്രമല്ല പൂർവ്വസാഹിത്യകൃതികളിലെ സവിശേഷമായ വാചകങ്ങളെയും രചനാപശ്ചാത്തലങ്ങളെയുംപോലും പൂർവ്വകല്പനമാക്കാമെന്ന് പാറക്കടവ് തെളിയിക്കുന്നു. മറ്റു മിന്നൽക്കഥാകൃത്തുക്കളിൽനിന്നും പാറക്കടവിന്റെ കഥകളെ മൗലികമാക്കുന്നത് രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട പൂർവ്വകല്പനങ്ങളാണെന്നതിനാൽ അത്തരം ഉദാഹരണങ്ങളേ ഇവിടെ പരിശോധിക്കുന്നുള്ളൂ. കുമാരനാശാന്റെ ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യത്തിന്റെ രചനാപശ്ചാത്തലത്തെ പുതിയകാലത്തിന്റെ ഗതിവേഗങ്ങൾക്കൊത്ത് അപനിർമ്മിക്കുന്ന കഥയാണ് ‘വീണപൂവ്’. വീണുകിടക്കുന്ന ഒരു പൂവിനെക്കണ്ട്, അത് ഉടഞ്ഞു പോയൊരു ജീവിതമാണെന്ന് സങ്കൽപ്പിച്ച് കുമാരനാശാൻ എഴുതിയ കാവ്യമാണ് ‘വീണപൂവ്’. എന്നാൽ പുതിയകാലത്തും പൂക്കൾ കൊഴിഞ്ഞുവീഴുന്നുവെങ്കിലും തിരക്കേറിയ ജീവിതത്തിനിടയിൽ യുവകവികളായ കുമാരന്മാർ അത് കാണാതെപോകുന്നുവെന്ന് ഈ കഥ പറഞ്ഞുവെയ്ക്കുന്നു. വീണപൂവുകളെ ചവിട്ടിയരച്ചു കടന്നുപോകുന്ന പുതിയകാലത്തെ കുമാരൻമാർക്ക് കാഴ്ചയേയുള്ളൂവെന്നും കണ്ടതിൽനിന്നും ജീവിതം കണ്ടെടുക്കാനുള്ള ഉൾക്കാഴ്ച ഇല്ലെന്നും പൂവിന്റെ അമ്മ പറയുന്നിടത്ത് ഈ അപനിർമ്മാണം എഴുത്തിന്റെ നവീനമായ രീതിശാസ്ത്രങ്ങളെയും കാഴ്ചയെയും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കാൻ ആഹ്വാനം ചെയ്യുന്നു. വീണപൂവെന്ന കാവ്യമോ അതിലെ ഇതിവൃത്തമോ അല്ല, ആ കവിതാരചനയിലേക്ക് നയിച്ച സംഭവങ്ങളും കുമാരനാശാനെന്ന കവിയുടെ മനോഭാവവുമാണ് ഇവിടെ അപനിർമ്മാണത്തിന് വിധേയമാകുന്നത്.
‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്’ എന്നു പറഞ്ഞുവച്ച ബഷീറിയൻ കഥയ്ക്ക് “രണ്ട് ആത്മാക്കൾ ചേർന്ന് ഇമ്മിണി വലിയൊരു ആത്മാവായി തീരാത്തിടത്തോളംകാലം ഒന്ന് മറ്റൊന്നിൽനിന്ന് എല്ലാം ഒളിച്ചുവെയ്ക്കുകയാണ്” എന്നു തുടർച്ച സൃഷ്ടിക്കുന്ന കഥയാണ് ‘പണ്ട് , പണ്ട് ‘. വാക്കുകൾക്കുനേരെ തോക്ക് നീളുന്നതുകണ്ട് ‘വെളിച്ചത്തിനെന്തൊരു വെളിച്ചം’ എന്നെഴുതിയ അതേ പേനകൊണ്ട് ”ഇരുട്ടിന് എന്തൊരു ഇരുട്ട്” എന്ന് മാറ്റിയെഴുതുന്ന വൈക്കം മുഹമ്മദ് ബഷീറിനെ കാട്ടിത്തരുന്നു ‘ബഷീർ ‘ എന്ന കഥ. ഈ രചനകളിലെല്ലാം കാണുന്നത് പൂർവ്വകൃതികളിലെ ഒറ്റവാക്യം ഒരു കഥയായി പുനർനിർമ്മിക്കപ്പെടുന്ന രചനാവൈദഗ്ധ്യമാണ്.
പൂർവ്വകല്പനമായി ശക്തമായി പ്രയോഗിക്കുന്ന അപൂർവ്വരീതി പാറക്കടവിന്റെ കഥകളിൽ കാണാം.. ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശരശ്മി കണ്ണിൽ പതിക്കുമ്പോഴാണ് നമുക്ക് അത് കാണാനാകുന്നത്. ചുറ്റും കാണുന്ന വസ്തുക്കളുടെ പ്രകാശം നമ്മുടെ കണ്ണിലെത്താൻ സെക്കൻഡുകൾ മതി. എന്നാൽ കോടിക്കണക്കിനു കിലോമീറ്ററുകൾ അകലെയുള്ള നക്ഷത്രങ്ങളുടെ കാര്യത്തിൽ ഇതിന് വർഷങ്ങളെടുക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ ആ നക്ഷത്രം പൊട്ടിത്തെറിച്ചാലും വർഷങ്ങൾകഴിഞ്ഞ് അവിടെനിന്നും പുറപ്പെട്ട പ്രകാശരശ്മി ഇവിടെയെത്തുംവരെ ആ നക്ഷത്രം പൂർവ്വരൂപത്തിൽ ദൃശ്യമായിക്കൊണ്ടിരിക്കും.
ഈ ശാസ്ത്രതത്വം പൂർവ്വകല്പനമായി ഉപയോഗിക്കുന്ന കഥകളാണ് പ്രകാശം, പ്രണയത്തിന്റെ വെളിച്ചം, താരങ്ങൾ എന്നിവ. വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട കാമുകിയുടെ സ്മരണയിൽ മുഴുകി, അവളുടെ ചിരിയുടെ പ്രകാശത്തിൽ കുളിച്ചിരിക്കുന്ന കാമുകനെ ചിത്രീകരിക്കുന്നതാണ് ‘പ്രകാശം’ എന്ന കഥ. ചക്രവർത്തി നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ അതേ കുട്ടി, പ്രകാശം കാണുന്നുവെങ്കിലും മണ്ണ് തൊടാത്ത ഒരു നക്ഷത്രത്തെയും താൻ വിശ്വസിക്കുന്നില്ലെന്നു പ്രഖ്യാപിക്കുന്നതാണ് ‘താരങ്ങൾ’ എന്ന കഥ. ഓരോ കഥയിലും ഇതിവൃത്തത്തിന്റെ അനുഭവസാന്ദ്രത വർദ്ധിപ്പിക്കുന്നതിനായി കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾക്കും വികാരങ്ങൾക്കും അനുസരിച്ച് ഈ ശാസ്ത്രതത്വത്തെ വിദഗ്ധമായി ചേർത്തുവെയ്ക്കുന്നതുകാണാം.
നിത്യജീവിതത്തിൽ സാധാരണവും സുപരിചിതവുമായ പ്രയോഗങ്ങളെയും മഹത്വചനങ്ങളെയും അപനിർമ്മിക്കുന്ന കഥകൾ പി.കെ. പാറക്കടവിന്റെ മിന്നൽക്കഥാലോകത്ത് കാണാം. മൂന്നു ദിവസമായി ആഹാരം കഴിക്കാത്ത ഭിക്ഷക്കാരന് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ അതൊരായുധമാണ്’ എന്ന് പുറംചട്ടയിൽ അച്ചടിച്ച പുസ്തകം സാഹിത്യകാരൻ നൽകിയപ്പോൾ അത് തൂക്കിവിറ്റ് മധുരക്കിഴങ്ങും കാലിച്ചായയും കഴിച്ച് അയാൾ വിശപ്പടക്കുന്നതാണ് ‘ബുദ്ധിജീവി’ എന്ന കഥയിലുള്ളത്.
‘വെളിച്ചമേ നയിച്ചാലും’ എന്ന് സ്ഥിരമായി പ്രാർത്ഥിച്ചിരുന്ന ഒരാൾ മിന്നലേറ്റ് മരിക്കുന്ന ദൃശ്യമാണ് ‘മിന്നൽ’ എന്ന കഥയിൽ കാണുന്നത്.
ഈ ഉദാഹരണങ്ങളിലെല്ലാം നിരുപദ്രവമെന്നും നിഷ്കളങ്കമെന്നും കരുതി സർവ്വസാധാരണമായി പ്രയോഗിക്കപ്പെടുന്ന ചില ശൈലികളെയും അതുമായി ബന്ധപ്പെട്ട ധാരണകളെയും ശക്തമായ രാഷ്ട്രീയചർച്ചകളിലേക്കും തീക്ഷ്ണമായ ജീവിതമുഹൂർത്തങ്ങളിലേയ്ക്കും ചേർത്തുവയ്ക്കാൻ ഉതകുംവിധം പൂർവ്വകല്പനമായി അപനിർമ്മിക്കുകയാണ് പാറക്കടവ്.
ചരിത്രത്തിൽ ഇടം നേടിയ മഹത്വ്യക്തികളെയും അവരുടെ ജീവിതത്തിലെ സംഭവങ്ങളെയും പൂർവ്വകല്പനമായി ഉപയോഗിക്കുന്നതും പൊളിച്ചെഴുതുന്നതും ചില കഥകളിൽ കാണാം. വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ മിക്ക ജീവചരിത്രങ്ങളിലും ഉള്ള സംഭവമാണ് കാമുകിയ്ക്ക് അദ്ദേഹം സ്വന്തം ചെവിയറുത്ത് നൽകിയത്. സ്വാർത്ഥതയും ഹിംസാത്മകതയും മുഖമുദ്രയാകുന്ന വർത്തമാനകാല മനുഷ്യബന്ധങ്ങളുടെ വെളിച്ചത്തിൽ ഈ സംഭവത്തെ അപനിർമ്മിക്കുകയാണ് ‘പ്രണയത്തിന്റെ തലവിധി’ എന്ന മിന്നൽക്കഥ.
പുതിയകാലത്തേയ്ക്ക് ജീവിതം നീട്ടിക്കിട്ടിയാൽ സമകാല ജീവിതയാഥാർത്ഥ്യങ്ങളോട് ഗാന്ധിജി എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ഭാവനയിലൂടെ, അദ്ദേഹത്തെ പുനരാവിഷ്ക്കരിക്കുന്ന കഥകളാണ് ‘ഗാന്ധിജി ഇപ്പോൾ ചിരിക്കുന്നില്ല’, ‘ഗാന്ധി’ എന്നിവ. പാർട്ടിയുടെ ആജ്ഞ അനുസരിച്ച് എന്താണ് കാരണമെന്നുപോലും അറിയാതെ ഒരാളെ കുത്തിക്കൊല്ലാനായി തന്റെ പ്രതിമയ്ക്ക് മുന്നിൽ കാത്തിരിക്കുന്നയാളെ അടിച്ചുവീഴ്ത്തുന്ന ഗാന്ധിജിയെ അവതരിപ്പിക്കുന്ന കഥയാണ് ‘ഗാന്ധിജി ഇപ്പോൾ
ചിരിക്കുന്നില്ല’.
വ്യത്യസ്തമായ പൂർവ്വകല്പനങ്ങൾ ഉപയോഗിക്കുക എന്നതുപോലെതന്നെ പാറക്കടവിന്റെ മിന്നൽക്കഥകളിൽ പ്രയോഗിച്ചു കാണുന്ന ഒരു രചനാതന്ത്രമാണ് ഒരേ പൂർവ്വകല്പനത്തെ വ്യത്യസ്തമായി അപനിർമ്മിക്കുക എന്നത്. ഇതിവൃത്തത്തിന്റെ സ്വഭാവമനുസരിച്ച് പൂർവ്വകല്പനമായി ഉപയോഗിക്കുന്ന കഥയുടെയും മറ്റും വ്യത്യസ്തമായ ഘടകങ്ങൾക്ക് പാറക്കടവ് ഊന്നൽ നൽകുന്നു. അതോടൊപ്പം വ്യത്യസ്തകോണുകളിലുള്ള കാഴ്ചകൾകൂടി പരിഗണിക്കുമ്പോൾ നവീനവും വ്യത്യസ്തവുമായ പുനർനിർമ്മാണങ്ങൾ സാധ്യമാകുന്നു.
ആദിപാപകഥയും കഥാപാത്രങ്ങളും പ്രതിപാദ്യമാകുന്ന രചനകൾ പാറക്കടവിന്റെ മിന്നൽക്കഥകളുടെ കൂട്ടത്തിലുണ്ട്. വീട്, ആദം, ഏദൻതോട്ടം, പ്രണയവും മരണവും, നീതി എന്നീ കഥകളിലെല്ലാം ആദിപാപകഥയെ അടിസ്ഥാനമാക്കിയുള്ള അപനിർമാണമാണ് കാണുന്നത്. സ്ത്രീകളെ വീടുകളിൽ അടിമകളാക്കുന്നതിന്റെ ഭീകരത ചിത്രീകരിക്കുന്ന ‘വീട്’ എന്ന കഥയിൽ, തന്റെ വാരിയെല്ലുകൊണ്ട് നിർമ്മിച്ച കൂട്ടിൽ ഭാര്യയെ തടവിലാക്കുന്ന ഭർത്താവിനെയാണ് നാം കാണുന്നത്. ബൈബിൾകഥയിൽ ആദത്തിന്റെ വാരിയെല്ലുകൊണ്ട് ദൈവം ഹവ്വയെ സൃഷ്ടിച്ചുവെങ്കിൽ പുതിയകാലത്ത് ആ വാരിയെല്ല് ഉപയോഗിക്കുന്നത് സ്ത്രീയ്ക്ക് തടവറയൊരുക്കാനാണ്. ‘ആദം’ എന്ന കഥയിൽ ആദിപാപകഥ വീണ്ടും സംഭവിക്കുന്നതായി ഭാവനയിൽകണ്ട് ആവിഷ്കരിക്കുകയാണ്. എന്നാൽ ഹവ്വ ആപ്പിൾ ആവശ്യപ്പെടുമ്പോൾ കഴിഞ്ഞുപോയ ദുരിതമോർത്ത് ആദം വിലക്കുന്നതാണ് ഇവിടെ കാണുന്നത്. തുടർന്ന് ഹവ്വ ആദത്തിനെതിരെ സ്ത്രീപീഡനക്കേസ് കൊടുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
കഥാപശ്ചാത്തലത്തെ അപനിർമ്മിക്കുന്നതിലൂടെയാണ് ‘ഏദൻതോട്ടം’ എന്ന കഥയിൽ പാറക്കടവ് വ്യത്യസ്തമായ വായനാനുഭവം നൽകുന്നത്. സാത്താനും പ്രലോഭനവും ആദവും ഹവ്വയും ഏദൻതോട്ടവുമൊക്കെ ഉണ്ടെങ്കിലും ആപ്പിൾ കാണാനില്ല. പേറ്റന്റ് അമേരിക്ക സ്വന്തമാക്കിയതാണ് അതിനുകാരണമായി കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നത്. ഏദൻതോട്ടത്തിനുപോലും മുതലാളിത്തത്തിൽനിന്നും രക്ഷയില്ല എന്നുകൂടി ഇത് അടിവരയിടുന്നു.
ബൈബിളിലെ ആദിപാപകഥയിൽനിന്നും കഥാപാത്രത്തെ മാത്രം സ്വീകരിക്കുകയും അപനിർമ്മിക്കുകയും ചെയ്യുന്ന കഥകളും പാറക്കടവിന്റേതായുണ്ട്. കല്യാണത്തോടെ തടവിലാക്കപ്പെട്ട സ്ത്രീകളുടെ ചിത്രമാണ് ‘പഴയകടം’ എന്ന കഥയിൽ കാണാനാവുക. തന്നെ കെണിവെച്ചുപിടിച്ച്, ചിറകുകളരിഞ്ഞ്, കാലുകൾ തളച്ച്, കൈകൾ കെട്ടി, കഴിയ്ക്കാൻ ദുഃഖവും കുടിക്കാൻ കണ്ണീരും നൽകിയ ഭർത്താവിനോട് അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഭാര്യയ്ക്ക് കിട്ടിയ മറുപടി, ”പണ്ടു പറിച്ചുതന്ന ആപ്പിളിന്റെ കടം ബാക്കിയുണ്ട്” എന്നായിരുന്നു. ഹവ്വ ചോദിച്ചു എന്ന ഒറ്റക്കാരണത്താൽ ദൈവത്തിന്റെ വിലക്കുപോലും ലംഘിച്ച് കനി പറിച്ചുനൽകിയ ആദമാണ് പണ്ടത്തെ കടത്തിന്റെ പേരിൽ അവളെ തടവിലാക്കുന്നത്. ഭർത്താവുമായുള്ള കലഹം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ വീട്ടിൽ നിന്നിറങ്ങുന്ന ഭാര്യയുടെ പ്രതികരണത്തിലൂടെ പുതിയൊരു ഹവ്വയെ കാട്ടി തരുകയാണ് ‘കടപ്പാട്’ എന്ന മിന്നൽക്കഥ. കലഹത്തിനുശേഷം ഭാര്യ മുറിയിൽ കയറി വാതിലടച്ചപ്പോൾ കുരുക്കിട്ടോ തീകൊളുത്തിയോ ആത്മഹത്യ ചെയ്യുമോ എന്ന് പരിഭ്രമിച്ച് വാതിൽ ചവിട്ടിപ്പൊളിയ്ക്കാൻ തയ്യാറെടുത്ത ഭർത്താവിന്റെ മുഖത്തേയ്ക്ക് സ്വന്തം ശരീരത്തിൽ നിന്നും ഊരിയെടുത്ത വാരിയെല്ലുകൾ വലിച്ചെറിഞ്ഞ് ഇറങ്ങി നടക്കുകയാണ് ഭാര്യ. തലമുറകളായി തന്നിൽ അവശേഷിക്കുന്ന പുരുഷാധിപത്യചിഹ്നം വലിച്ചെറിയുന്ന സ്ത്രീയെയാണ് ഈ അപനിർമ്മാണത്തിൽ കാണുന്നത്..
ആദിമനുഷ്യരെന്നനിലയിൽ സാമൂഹ്യപദവിയുടെയോ സാമ്പത്തിക സ്ഥിതിയുടെയോ കുടുംബപശ്ചാത്തലത്തിന്റെയോ ഭേദമില്ലാതെ ലോകത്തിലെ ഏത് സ്ത്രീയുടെയും പുരുഷന്റെയും പ്രതിനിധികളായാണ് പാറക്കടവ് ആദത്തെയും ഹവ്വയെയും സമീപിക്കുന്നത്. സ്ത്രീ-പുരുഷബന്ധവും സംഘർഷങ്ങളും ചിത്രീകരിക്കുന്ന കഥകളിലാണ് ആദിപാപകഥയുടെ പൂർവ്വകല്പനം കൂടുതലായി കാണുന്നത്. ഏദൻതോട്ടത്തിന്റെ പശ്ചാത്തലം, കഥാപാത്രങ്ങളുടെ(ആദം, ഹവ്വ) സ്വഭാവസവിശേഷതകൾ തുടങ്ങിയ ഘടകങ്ങളിൽ ഇതിവൃത്തത്തിനനുസരിച്ച് ഊന്നിയും ബൈബിൾ കഥയിലെ സംഭവങ്ങൾക്ക് വിരുദ്ധമായ കഥാസന്ദർഭങ്ങൾ സൃഷ്ടിച്ചുമാണ് പാറക്കടവ് വ്യത്യസ്തമായ അപനിർമ്മാണങ്ങൾ സാധ്യമാക്കുന്നത്.
സാഹിത്യരൂപത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മിന്നൽക്കഥയുടെ പൊതുവായ ആഖ്യാനരീതികളിൽ പാറക്കടവ് നടത്തുന്ന പരീക്ഷണങ്ങൾക്ക് ഉദാഹരണമാണ് പൂർവ്വ കല്പനമായി കണ്ടെത്തുന്ന സ്രോതസ്സുകളുടെ വൈപുല്യവും ഒരേ പൂർവ്വകല്പനത്തിന്റെ വ്യത്യസ്തമായ അപനിർമ്മാണവും. കഥപറച്ചിലിന്റെ സാമ്പ്രദായികരീതികളെ അട്ടിമറിച്ചും മാറിമാറിവരുന്ന വായനാശീലങ്ങളെ തൃപ്തിപ്പെടുത്തിയും ആ എഴുത്തുകാരനും അദ്ദേഹത്തിന്റെ കഥാലോകവും വായനക്കാരെ അത്ഭുതപ്പെടുത്തുന്നതിൽ പൂർവ്വകല്പനങ്ങളിൽ തീർക്കുന്ന ഈ മിന്നൽപ്പിണരുകളുടെ പങ്കും ചെറുതല്ല.