
മരംപെയ്യുമ്പോള്‍

പ്രവീണ്‍ പി സി
മഴയോര്‍മ്മകളുടെ അവസാനത്തെ രാത്രിയും ഇന്ന് തീരും. നാളെ ഇരുട്ടില്‍ ഈ നേരത്ത് അവള്‍ക്കൊപ്പം ഇങ്ങനെ ഇരിക്കാന്‍ സാധിക്കില്ല. ഇരുട്ടിന്റെ മറവിയില്‍ രാത്രിയുടെ ഇലയനക്കങ്ങളെ കാതോര്‍ത്ത് ശൂന്യമായ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. വ്യക്തമല്ലാത്ത അന്തരീക്ഷത്തില്‍ നേരിയ പ്രകാശം.
‘നാളെ ഏട്ടന് വരും. ‘
‘ഉം. ‘
‘അപ്പോ ഇനിയിവിടെ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ല.’
‘എത്രനാള്‍ ലീവുണ്ട്. ‘
‘ഇനി പോകുന്നില്ലത്രേ വിസ ക്യാന്‍സല്‍ ചെയ്തു.’
നിശബ്ദത ഇരുട്ട്.
‘അപ്പോള്‍ നാളെ മുതല്‍ ഞാനൊറ്റയ്ക്കാണ്. സാരമില്ല അതാണല്ലോ യോഗം.!’
അകത്തെ മുറിയിലുറങ്ങുന്ന മകള്‍ ഉറക്കത്തിലെന്തക്കയോ പിച്ചും പേയും വിളിച്ചുപറഞ്ഞു.
അവള് ഒന്നമര്‍ത്തി ചിരിച്ചു പറഞ്ഞു.
‘പകല്‍ മുഴുവന്‍ കുട്ട്യോള്ടെ കൂടെ കളി പറഞ്ഞാല്‍ കേള്‍ക്കില്ല എന്തെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടാകും’
തന്റേതല്ലാത്ത മകളെ അയാള്‍ ഒരു നിമിഷം ഒന്ന് ഓര്‍ത്തുപോയി.
‘നാളെ അയാള്‍ വന്നാല്‍ നിന്നെ തൊടും അല്ലേ.?
‘തൊടുമായിരിക്കും..’
‘നീയും തിരിച്ചു തൊടില്ലേ.?
‘തൊടണമായിരിക്കും.!

അല്പനേരത്തെ മൗനം, മഴച്ചാറ്റല്‍ ഒഴിഞ്ഞുപോയി. ചീവീടുകള്‍ മാത്രമാണ് ഇപ്പോള്‍ ശബ്ദിക്കുന്നത്. ചായ്പ്പില് നിന്നിറങ്ങാന്‍ നേരം അവള് പറഞ്ഞു.
‘പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ മൂത്രപ്പുരയിലേക്ക് കയറി എന്റെ ചുവന്ന പാവാട വലിച്ചു കീറിയത് എന്തിനാണ്? പിന്നീട് അതൊരു പുസ്തക ചട്ടയിലൊട്ടിച്ച് അതിന്റെ താഴെ എന്തൊക്കയോ എഴുതി എന്നെകാണിച്ച് തന്നതോര്‍മ്മയുണ്ടോ?’
ആകാശത്ത് വെളുത്തു മങ്ങിയ മേഘങ്ങള്‍ പതിയെ ചലനം ചെയ്യുന്നുണ്ടായിരുന്നു. അതിനുള്ളില്‍ ഒളിക്കുന്ന മഴ, നനഞ്ഞ ചന്ദ്രനും. രണ്ടടി കൂടി മുന്നോട്ട് വെച്ചപ്പോള്‍ പറഞ്ഞു.
‘അപ്പോള്‍ ഇനി നിങ്ങള്‍ വരില്ല ഒന്ന് ചോദിച്ചോട്ടെ ഇത്രയുംകാലം ഒരിക്കല്‍പോലും എന്താ എന്നെ തൊടാഞ്ഞത്?’
‘തൊടേണ്ടവരൊക്കെ തൊടുന്നുണ്ടല്ലോ അതില്‍ അശുദ്ധി വരുത്താന്‍ എനിക്ക് കഴിയില്ല. ആ പഴയ എട്ടാം ക്ലാസുകാരിയുടെ ചുവന്ന പാവാട തുണ്ട് ഇപ്പോഴും പുസ്തക ചട്ടയില്‍ ഇരിക്കുന്നുണ്ട്..!’
ഇരുട്ടിന്റെ നിശബ്ദതയില്‍ അഴിച്ചിട്ട മുടികളോടെ അവള് തലകുനിക്കുന്നത് കണ്ടു. നേരിയ ഇളം കാറ്റില്‍ മരംപെയ്തു. നഞ്ഞു കുതിര്‍ന്ന ചവറ്റിലകള്ക്ക് മീതെ കാലടികള്‍ അമര്‍ത്തി നടക്കുമ്പോള്‍ അയാളുടെ പൗരുഷം പതിയെ എഴുന്നേല്ക്കാന് ശ്രമിച്ചു. അതിനെ ശാസനയോടെ അടക്കി പതിഞ്ഞ സ്വരത്തില്‍ അയാള്‍ പിറുപിറുത്തു ‘യോഗമില്ല ഒന്നിനും.!’