
അവസ്ഥാന്തരം

പ്രതിഭ പണിക്കർ
പതിയെപ്പതിയെ
അരിച്ചുവന്നിരിയ്ക്കുന്നു;
ഒന്നിനെയും തിരിച്ചറിയാനാവാത്ത
അബോധാവസ്ഥ.
ദിവസങ്ങൾ കണ്മുന്നിൽ
നിവർന്നു കിടക്കാൻ തുടങ്ങി;
അന്യഗ്രഹഭാഷയിൽ
എഴുതപ്പെട്ട പുസ്തകങ്ങളെപ്പോലെ.
താളുകൾക്കിടയിൽനിന്ന്
തുറിച്ചുനോക്കുന്ന അജ്ഞാതർക്ക്
വിഷമിറ്റുന്ന കൂരമ്പുമുനകളുള്ള
ചുവന്ന കണ്ണുകൾ.
ആത്മാവില്ലാത്ത അക്ഷരങ്ങൾ
കുടിയേറിപ്പാർത്ത്
ഹൃദയമോ ശവപ്പറമ്പാകുന്നു.
ഗ്രഹിക്കാനാവാത്ത വാക്കുകളിലെ
സ്വരവ്യഞ്ജനങ്ങൾ
ഉള്ളിലേയ്ക്ക് കടന്നുവരാതെ
അവിടിവിടായ്
മാത്രകളിൽനിന്നകന്ന്
ചിതറിക്കിടക്കുന്നു;
അമ്പരപ്പ് തോന്നിപ്പിച്ചുകൊണ്ട്,
യുദ്ധഭൂമിയിലെ ജഡങ്ങളെപ്പോലെ.
ചിന്തകളുടെ മിന്നൽപ്പിണരുകൾ
ഉള്ളിലൂടെ കയറിയിറങ്ങിപ്പോകുന്നു.
എങ്കിലും, അവ തൊടുന്നില്ല.
മീതെ കാറു കറുപ്പിച്ച ആകാശം.
ഇടമുറിയാതെ ചുറ്റിലും മഴ.
പക്ഷേ, അത് നനയ്ക്കുന്നില്ല.
അകമാകെ അങ്ങിങ്ങോടുന്ന
നാഡികൾ മുറിഞ്ഞും,
സോക്കറ്റുമായുള്ള ചരടുബന്ധം വിച്ഛേദിയ്ക്കപ്പെട്ടും
ഉപയോഗശൂന്യമായ
ഒരിലക്ട്രോണിക് സാമഗ്രി പോലെ
പൊടിപിടിച്ച്
ഒരേയിരിപ്പ്