
നായ

പ്രശോഭ് രാജ്
‘അനുസരണ‘
അരുമയായ
വളർത്തു നായയാണ് .
ഇഷ്ടമില്ലെങ്കിലും
വാലാട്ടി പിറകെ നടക്കും.
എത്ര കുഴലിലിട്ടാലും
പേടി എന്ന വളഞ്ഞ വാല്
നിവരാതെ കൂടെ നടക്കും.
കാവൽ കിടന്നാലും
കാത്തു കിടന്നാലും
കണ്ണുവെട്ടിച്ചു കടന്നേക്കാവുന്ന
ഒരുവന്റെ വരവുവരെ
മാത്രമാണ് തലോടലുകൾ.
കെട്ടിയിട്ടു തല്ലി തളരുമ്പോൾ,
തിന്നിട്ട് എല്ലിനിടയിൽ
കുത്തിയിട്ടാണെന്ന
ഓരോ പറച്ചിലിലും
തുടലുപൊട്ടിച്ചോടാൻ
ഒന്ന് വെമ്പും.
വാല് മുറിഞ്ഞവർ
തുടലു പൊട്ടിച്ചവർ
തെരുവിൽ
സ്വാതന്ത്ര്യ പാച്ചിലിൽ
അവരുടെ
കൂക്കു വിളികൾ.
എച്ചിൽ കൂനകൾക്കുമേൽ
അവരുടെ ആർപ്പുകളുടെ
കലപിലകൾ.
അവരുടെ മെയ്വഴക്കം,
എല്ലുതെളിഞ്ഞ
കോലം.
മുന്നിലേക്ക്
നീക്കിവയ്ക്കപ്പെടുന്നു വറ്റൊഴിയാത്ത ഊട്ടു പാത്രം.
പിന്നെ അറിയാതെ ആട്ടിപോകുന്ന
വാല് നോക്കി ഒരു നെടുവീർപ്പ്
ഒന്ന് കൂടെ ചുരുണ്ട് ഒരു മോങ്ങൽ.
കുതിക്കാനുള്ള വെമ്പലുകൾ
ആവിയാകുന്നു ..
“എന്നാലും എന്തൊരു സ്നേഹമാണിവനെന്നു “
വാക്കുകളുടെ ഇറച്ചിത്തുണ്ടുകൾ
നുണഞ്ഞു
അടക്കപ്പെടുന്നു,
പുറത്തേക്കു തുറന്നുവച്ച എല്ലാ
ഇന്ദ്രിയ വാതിലുകളും.
സ്വാതന്ത്ര്യം
അരക്ഷിതത്വത്തിന്റെ
കൊടിയടയാളമാണെന്നു
വീണ്ടും ഉരുവിട്ട് തുടങ്ങും ..
‘അനുസരണ ‘
എന്നും
അരുമയായ ഒരു
വളർത്തുനായ.
നിങ്ങൾ അതിനെ
അടിമയെന്നു
വിളിക്കുമെങ്കിലും !!
1 Comment
👌